Monday
18 Feb 2019

തീണ്ടരുത് ഞങ്ങളെ…

By: Web Desk | Monday 12 February 2018 10:34 PM IST

വി മായാദേവി

ന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഭാഗമായ നോര്‍ത്ത് സെന്റിനെല്‍ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ദുരൂഹതയും പേറിയാണ് കഴിയുന്നത്. ഇവിടുത്തെ ഗോത്രവര്‍ഗക്കാരാണ് ഇപ്പോഴും പൂര്‍ണമായും അജ്ഞമായി ജീവിക്കുന്ന ഈ ദ്വീപിനെ ദുരൂഹമാക്കുന്നത്.
ലോകത്തിന്റെ മറ്റെല്ലായിടവും ആധുനിക സംസ്‌കാരത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്നും ആദിമ മനുഷ്യരെ പോലെ ജീവിക്കുന്ന ലോകത്തിലെഅവശേഷിക്കുന്ന ഏറ്റവും പൗരാണിക ഗോത്രമാണിവര്‍. ഇവരുടെ വന്യമായ സ്വഭാവ സവിശേഷതകള്‍ തന്നെയാണ് ഇവരെ പുറം ലോകത്തിന് അന്യരാക്കുന്നത്. തങ്ങളെ സമീപിക്കാന്‍ ഇവര്‍ പുറംലോകത്തെ അനുവദിക്കുന്നില്ല. പുറത്ത് നിന്ന് എത്തുന്ന ഏതൊരാളെയും ഇവര്‍ തുരത്തിയോടിക്കും.
ഇവരുടെ സ്വാതന്ത്ര്യാഭിവാഞ്ജയെ സര്‍ക്കാരും അംഗീകരിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അവര്‍ പരമാധികാരമുളള ഒരു വിഭാഗമായി ആന്‍ഡമാനില്‍ ജീവിക്കുന്നു. ഇവര്‍ക്ക് സ്വന്തം ഭരണകൂടവും അവരുടേതായ നിയമങ്ങളുമുണ്ട്.

ഇവിടുത്തെ ജനതയെക്കുറിച്ച് നമുക്ക് ദൂരെ നിന്ന് മനസിലാക്കാം. ഈ ദ്വീപില്‍ ഇവര്‍ വാസമുറപ്പിച്ചിട്ട് ഏതാണ്ട് അറുപതിനായിരം കൊല്ലം പിന്നിട്ടിരിക്കുന്നു. വേട്ടയാടിയും മീന്‍ പിടിച്ചുമാണ് ഇവരുടെ ഉപജീവനം. പനയോലകള്‍ കൊണ്ടുണ്ടാക്കിയ ചെറുകുടിലുകളില്‍ താമസം. അമ്പും വില്ലും കുന്തവും അടക്കമുളള ആയുധങ്ങള്‍ ഇവര്‍ സ്വന്തമായി നിര്‍മിക്കുന്നു.
അതേസമയം ഇവര്‍ വസ്ത്രം ധരിക്കുന്നില്ല. ഇലകള്‍ ഉപയോഗിച്ച് ഇവര്‍ ശരീരത്തെ അലങ്കരിക്കുന്നു ചെടികളില്‍ നിന്ന് ഇവര്‍ പുഷ്പചക്രങ്ങളും മറ്റും ഉണ്ടാക്കിയും ശരീരത്തെ അലങ്കരിക്കുന്നു. ഇവര്‍ താരതമ്യേന കുള്ളന്‍മാരാണ്. കറുത്ത നിറവും ചുരുളന്‍ മുടിയും ഇവര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് കുടിയേറിയതാകാനുളള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

1967ല്‍ ഈ ജനതയുമായി ബന്ധപ്പെടാന്‍ നാം ആദ്യമായി ശ്രമിച്ചു. നരവംശ ശാസ്ത്രജ്ഞന്‍ ടി എന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തിലായിരുന്നു ആ ശ്രമങ്ങള്‍ എന്നാല്‍ ഇത് അമ്പേ പരാജയപ്പെട്ടുപോയി. ഇന്ത്യന്‍ നാവികസേനയുടെ ഒരു കപ്പല്‍ ഏറെ ദൂരത്തായി നങ്കൂരമിട്ട ശേഷം ചെറു ബോട്ടുകളിലായി സംഘം സുരക്ഷിതമായ അകലത്തിലെത്തി. എന്നിട്ട് അവര്‍ക്ക് ചില സമ്മാനങ്ങള്‍ വെള്ളത്തിലൂടെ ഒഴുക്കി വിട്ടു. ഇവ സ്വീകരിക്കുമോയെന്നറിയാന്‍ നാല് മണിക്കൂറോളം ഈ സംഘം അവിടെ കാത്ത് നിന്നു. ആയുധങ്ങള്‍ താഴെ വച്ച് ഗോത്ര വര്‍ഗത്തില്‍ പെട്ടവര്‍ ഇവയെല്ലാം എടുത്തെങ്കിലും സംഘത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. ഗോത്രവര്‍ഗക്കാര്‍ ഇവര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണ്ഡിറ്റും സംഘവും മാത്രമല്ല ഇവരെക്കുറിച്ചറിയാന്‍ ശ്രമിച്ചത്. 1974ല്‍ നാഷണല്‍ ജോഗ്രഫിക് സംഘം ഒരു ഡോക്യുമെന്ററി നിര്‍മിക്കാനായി വീണ്ടും ഇവരെ സമീപിച്ചു. വെറും കയ്യോടെ ആയിരുന്നില്ല സംഘം പോയത്. തേങ്ങയും അലുമിനിയം പാത്രങ്ങളും കളിപ്പാട്ടങ്ങളും പന്നിയും ഒക്കെ ഇവര്‍ കരുതിയിരുന്നു. എന്നാല്‍ ഊഷ്മളമായ ഒരു സ്വീകരണമായിരുന്നില്ല അവിടെ ലഭിച്ചത്. ഇവര്‍ക്ക് നേരെ ശരവര്‍ഷം തന്നെ നടത്തിക്കളഞ്ഞു അവര്‍. ഡോക്യുമെന്ററി സംവിധായകന്റെ കാലില്‍ തന്നെ ഒന്ന് തുളച്ച് കയറി. അമ്പെയ്തവന്‍ വിജയാഹ്ലാദം മുഴക്കി. ഇവര്‍ സമ്മാനിച്ച പന്നിയെ അവര്‍ കൊന്നു കുഴിച്ച് മൂടി. തേങ്ങയും പാത്രങ്ങളും അവര്‍ സ്വീകരിച്ചു.

തൊണ്ണൂറുകള്‍ക്ക് ശേഷം ഈ ദ്വീപിനടുത്തേക്ക് ബോട്ടുകള്‍ വരാന്‍ ഇവര്‍ അനുവദിച്ച് തുടങ്ങി. ബോട്ടിലെത്തുന്നവരോട് ചെറിയ സൗഹൃദങ്ങളും കാട്ടിത്തുടങ്ങി. ഇവര്‍ നല്‍കുന്ന സമ്മാനങ്ങളും സ്വീകരിച്ചു. ആയുധങ്ങള്‍ പുറത്തെടുക്കാതെയായി. 1991ല്‍ പണ്ഡിറ്റും സംഘവും വീണ്ടുമിവിടെ എത്തി. ആയുധമില്ലാതെ തന്നെ ഗോത്രവര്‍ഗക്കാര്‍ ഇവരെ സ്വീകരിക്കാനെത്തി. ഇവരുടെ യാനങ്ങളില്‍ കയറി തൊട്ടും പിടിച്ചും ഒക്കെ അത്ഭുതവും പങ്ക് വച്ചു.
ഇത് തങ്ങള്‍ക്ക് വിശ്വസിക്കാനായില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. സമയമായെന്ന തോന്നലായിരിക്കാം ഇവരെ ഇത്തരമൊരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്. ഇവര്‍ പിന്നാക്കം പോയാല്‍ വലിയൊരു ചരിത്രം ഇവരോടൊപ്പം ഇല്ലാതാകുമെന്നും പണ്ഡിതന്‍മാര്‍ പറയുന്നു.
സമ്മാനങ്ങളും മറ്റും സ്വീകരിച്ച് നന്നായി പെരുമാറുമെങ്കിലും തങ്ങളുടെ അതിഥികള്‍ ഏറെ നേരം ഇവിടെ ചെലവിടാന്‍ ഇവര്‍ അനുവദിക്കാറില്ല. 1996ല്‍ സര്‍ക്കാര്‍ ഇവരെക്കുറിച്ചുളള വിവര ശേഖരണങ്ങള്‍ അവസാനിപ്പിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കിടെ ഒരു അജ്ഞാത രോഗം പടര്‍ന്ന് പിടിച്ചതും ഏറെ പേര്‍ മരിച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
വീണ്ടും ഇവര്‍ ചില അക്രമങ്ങള്‍ നടത്തി. 2006ല്‍ രണ്ട് മീന്‍ പിടിത്തക്കാര്‍ അനധികൃതമായി ഇവരുടെ മേഖലയിലേക്ക് കടന്ന് കയറി മണ്ണെടുക്കാന്‍ ശ്രമിച്ചു. വലിയൊരു ദുരന്തമായിരുന്നു ഫലം. ഇവരെ രണ്ട് പേരെയും ഗോത്രജനത വകവരുത്തി. ഇവരുടെ മൃതദേഹം എടുക്കാനായി പോയ ഹെലികോപ്റ്ററിന് നേരെ വന്‍ തോതില്‍ അമ്പെയ്ത്തും നടത്തി. തങ്ങളുടെ മേഖലയിലേക്ക് ആരും വരേണ്ടെന്നും വരുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നുമുളള സന്ദേശമാണ് ഇവര്‍ നല്‍കുന്നത്.

2004ലെ സുനാമി ഇവരെ തൊട്ടതേയില്ല. ഹെലികോപ്റ്ററില്‍ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തെങ്കിലും അത് അവര്‍ സ്വീകരിച്ചില്ല. മാത്രമല്ല സഹായവുമായി എത്തിയ ഹെലികോപ്റ്ററിന് നേരെ അമ്പെയ്ത്തും നടത്തി. കുന്തമുപയോഗിച്ചും ആക്രമണ ശ്രമമുണ്ടായി. ആധുനികസംസ്‌കാരത്തിന്റെ വാഗ്ദാനങ്ങളോട് ഇവര്‍ എന്തിനാണ് ഇങ്ങനെ മുഖം തിരിക്കുന്നതെന്നാണ് ഉയരുന്ന വലിയ ചോദ്യം. എത്ര നാള്‍ ഇവര്‍ക്ക് ഇങ്ങനെ ഒറ്റപ്പെട്ടു കഴിയാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇവര്‍ക്ക് മേല്‍ ആധുനിക സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ നാം എന്തിന് ശ്രമിക്കണം. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ പോരേ. ഇത്തരം ഒരു സ്വതന്ത്ര സമൂഹത്തിന്റെ സംസ്‌കാരം നാം എന്തിന് ഇല്ലാതാക്കണം. അനേകം ഗോത്രസമൂഹങ്ങള്‍ക്ക് ഇതാണ് സംഭവിച്ചത്. ഇവരെക്കൂടി എന്തിനാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് തള്ളി വിടുന്നത്.

ഇവരെക്കുറിച്ച് അറിയണമെന്ന് നമുക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സാധിക്കും എന്നാല്‍ അതിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ നാം തയാറായിരിക്കണം. അതുണ്ടാകും വരെ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. ഭൂമിയിലെ സത്യസന്ധരായ അവസാന മനുഷ്യവര്‍ഗത്തെ അവരുടെ ദുരൂഹതയോടെ തന്നെ തുടരാന്‍ അനുവദിക്കുക.