ബേബി ആലുവ
ഒരുവശത്ത് പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വിറ്റുതുലയ്ക്കാൻ തത്രപ്പെടുമ്പോൾ മറുവശത്ത്, സമാന രീതിയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡി (എച്ച്പിസിഎൽ) ന്റെ വിറ്റുപോയ ഓഹരികൾ തിരിച്ചുപിടിക്കാനുള്ള കേന്ദ്ര നീക്കം ദുരൂഹതയുണർത്തുന്നു. ഓഹരി മുഴുവൻ കൈക്കലാക്കി തക്ക സമയത്ത് സ്ഥാപനമപ്പാടെ മറിച്ചുവിൽക്കാനുള്ള തന്ത്രമായാണ് ഈ നീക്കത്തെ സാമ്പത്തിക വിദഗ്ധരടക്കമുള്ളവർ വീക്ഷിക്കുന്നത്. പൊതുവിപണിയിൽ നിന്ന് എച്ച്പിസിഎല്ലിന്റെ വിറ്റുപോയ 10 കോടി ഓഹരികൾ തിരികെ വാങ്ങാൻ കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ ബോർഡ് യോഗം തീരുമാനമെടുത്തത്. യോഗം ചേരുമ്പോൾ സ്ഥാപനത്തിന്റെ വിപണി വില 187.20 രൂപയായിരുന്നത് തീരുമാനമെടുത്തതിന്റെ പിന്നാലെ 205.25 രൂപയായി ഉയരുകയും ചെയ്തു. ഓഹരികൾ കേന്ദ്രം തിരികെ വാങ്ങുന്നത് 250 രൂപ നിരക്കിലാണ്. കമ്പനിയിൽ കേന്ദ്ര സർക്കാരിനുണ്ടായിരുന്നത് 51.11 ശതമാനം ഓഹരികളാണ്. ഇത് മുഴുവൻ 2018‑ൽ ഈ മേഖലയിലെ അടിസ്ഥാന സ്ഥാപനവും കേന്ദ്ര ഉടമയിലുള്ളതുമായ ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) 36,912.78 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. ഇതു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരി മ്യൂച്വൽ ഫണ്ടുകളുടെ കൈവശമാണ്. 16.36 ശതമാനം. ബാക്കി ഇൻഷ്വറൻസ് കമ്പനികളടക്കമുള്ള സ്ഥാപനങ്ങളുടെയും സ്ഥാപനേതര നിക്ഷേപകരുടെയും കൈവശമാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ ചില്ലറ വില്പനയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് എച്ച്പിസിഎൽ.
പൊതുവിപണിയിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങുന്നതിന്റെ യഥാർത്ഥ ഉദ്ദേശ്യം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭട്ടിൻഡ, മംഗളൂരു എന്നിവിടങ്ങളിലെ റിഫൈനറികളിൽ പങ്കാളിത്തവും വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിൽ സ്വന്തമായി ശുദ്ധീകരണ ശാലകളുമുള്ള എച്ച്പിസിഎല്ലിന്റെ മൂല്യത്തിന് ആനുപാതികമായല്ല ഓഹരികളുടെ വിപണി വില എന്ന് കണ്ടെത്തിയതിനാലാണ് തീരുമാനമെന്നാണ് പ്രചാരണം. എതിർപ്പുകൾ മറികടന്ന് ബിപിസിഎൽ സ്വകാര്യവത്കരണ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ആ സ്ഥാനത്ത് അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്പിസിഎല്ലിന്റെ ഓഹരി മൂല്യം കൂടുമെന്നും അതു കണ്ടറിഞ്ഞ് കമ്പനിയിലെ ഓഹരി പങ്കാളിത്തം കൂട്ടി തുടർന്ന് കമ്പനിയെ മറിച്ചുവിൽക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രമമെന്നുമാണ് പരക്കെ ഉയരുന്ന അഭിപ്രായം. പ്രതിരോധ മേഖലയിലടക്കം സ്വകാര്യവത്കരിക്കരണത്തിനു ധൃതികൂട്ടുന്ന സർക്കാർ, ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ വിറ്റുപോയ ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങുന്നത് ആ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വിപത്തിന്റെ മുന്നോടിയാണെന്നു സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
ENGLISH SUMMARY: Mystery in retrieval of HPCL Shares
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.