27 ദിവസം പ്രായമുള്ള കുഞ്ഞിൻറെ മരണത്തിൽ ദുരൂഹത; അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും

Web Desk
Posted on October 18, 2019, 6:02 pm

അടിമാലി: വട്ടവടയില്‍ 27 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ് കണ്ടെത്തല്‍. പൊതുശമ്ശാനത്തില്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആര്‍ഡിഒക്ക് അപേക്ഷ നല്‍കി. വട്ടവട സ്വദേശിയായ ആളുടെ കുഞ്ഞായിരുന്നു കഴിഞ്ഞ ബുധനാഴ്ച്ച പതിനൊന്നോടെ മരിച്ചത്.മാതാവ് പാല്‍ നല്‍കുന്നതിനിടെ കുട്ടി അസ്വസ്ഥത
കാണിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.തുടര്‍ന്ന് കുഞ്ഞിനെ വട്ടവടയിലെ  പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.വൈകിട്ട് മൂന്ന് മണിയോടെ കുഞ്ഞിനെ വട്ടവടയിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.എന്നാല്‍ കുഞ്ഞിന്റെ മരണ വിവരം ഡോക്ടറോ ബന്ധുക്കളോ പോലീസില്‍ അറിയിച്ചില്ല.

തുടര്‍ന്ന് ദേവികുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ മരണത്തില്‍ ചില സംശങ്ങള്‍ ജനിക്കുകയും ചെയ്തു.കുഞ്ഞിന്റെ മാതാവുമായി അകന്ന് കഴിയുന്ന പിതാവ് തന്നെ മരണത്തില്‍ സംശയം പ്രകടപ്പിച്ചതോടെയാണ് പോലീസ് തുടര്‍നടപടികളുമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചത്. നിലവില്‍ കുഞ്ഞിനെ അടക്കം ചെയ്ത പൊതു ശ്മശാനത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. അനുമതി ലഭിച്ചാല്‍ ഉടന്‍ തൊട്ടടുത്ത ദിവസം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തും.അതേ സമയം കുഞ്ഞ് മരണപ്പെട്ട വിവരം യഥാസമയം പോലീസില്‍ അറിയിക്കാത്ത ഡോക്ടര്‍ക്കെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്.