എൻ ഇ ബാലറാം കമ്മ്യൂണിസ്റ്റുകൾക്കിടയിലെ പണ്ഡിതനും പണ്ഡിതന്മാർക്കിടയിലെ കമ്മ്യൂണിസ്റ്റും: കാനം

Web Desk
Posted on November 20, 2019, 10:16 pm

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലെ പണ്ഡിതനും, പണ്ഡിതന്മാര്‍ക്കിടയിലെ കമ്മ്യൂണിസ്റ്റുമായിരുന്നു എൻ ഇ ബാലറാം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. തിരുവനന്തപുരം എംഎന്‍വിജി അടിയോടി ഹാളില്‍ ഒരു വർഷം നീണ്ടുനിന്ന എൻ ഇ ബാലറാം ജന്മശതാബ്ദിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ ഇ ബാലറാം ആശയങ്ങൾക്ക് വ്യക്തത നൽകിയ കമ്മ്യുണിസ്റ്റാണ്. ആശയങ്ങൾ ബോധ്യപ്പെടുത്താൻ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തെങ്കിലും വൈജ്ഞാനിക രംഗത്തെ പ്രവർത്തനങ്ങൾ അധികമാരും പഠിച്ചിട്ടില്ല. ആശയപരമായും സംഘടനാപരമായും കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്വാധീനിച്ച നേതാക്കന്മാരിൽ ഒരാളായിരുന്നു എൻ ഇ ബാലറാം. ചരിത്രത്തിലെ അറിവും, കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെക്കുറിച്ചുള്ള അറിവുകളും വരും തലമുറയ്ക്ക് കൂടി പകർന്ന ഗുരുനാഥനായിരുന്നു അദ്ദേഹം. ചൂഷണ സാമൂഹ്യ ക്രമത്തിന്റെ ആരംഭത്തിൽ തന്നെ അതിനെ ആഴത്തിൽ പഠിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. കേരള കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സജീവസാന്നിധ്യമായിരുന്നു ബാലറാം.

കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ പാർട്ടിയെ സംഘടന രൂപത്തിൽ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പുതിയ തലമുറയെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. യോഗത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് പറയുക അസാധ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ബാലറാമിന്റെ മകളും മാധ്യമപ്രവര്‍ത്തകയുമായ ഗീതാ നസീര്‍ രചിച്ച ‘ബാലറാം എന്ന മനുഷ്യന്‍’ എന്ന ജീവചരിത്ര ഗ്രന്ഥം കാനം രാജേന്ദ്രൻ എന്‍എഫ്ഐഡബ്ള്യു ജനറല്‍ സെക്രട്ടറി ആനി രാജയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ബാലറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ അഡ്വ. കെ പ്രകാശ്ബാബു അധ്യക്ഷനായി. എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ്, ബാലറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഭാരവാഹികളായ വി ദത്തന്‍, കെ ദിലീപ് കുമാര്‍, ഗീത നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.