Web Desk

കോട്ടയം

October 23, 2020, 10:12 pm

കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സ് നേതൃത്വം ദുഷ്പ്രചരണം നടത്തുന്നു; എന്‍ ജയരാജ് എംഎല്‍എ

Janayugom Online

കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഇടതുമുന്നണിയിലും പൊതുസമൂഹത്തിലും ലഭിച്ച സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ ദുഷ്പ്രചരണം നടത്തുയാണെന്ന് ഡോ എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം മാണിസാറിന്റെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം തന്നെയാണ്. മാണി സാറിനോട് മാധ്യമങ്ങളിലൂടെ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നവര്‍ യുഡിഎഫ് കെട്ടിപ്പടുത്ത മാണി സാറിന്റെ പ്രസ്ഥാനത്തെ ആ മുന്നണിയില്‍ നിന്നും പടിയടച്ച് പുറത്താക്കിയപ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കില്‍, ഇരയായിത്തീര്‍ത്ത കെ എം മാണിക്കെതിരെ പാര്‍ട്ടി വക്താക്കളെക്കൊണ്ട് ആക്ഷേപിച്ചപ്പോഴും, പോലീസിനെ ഉപയോഗിച്ച് താറടിച്ചപ്പോഴും നിശബ്ദരായി ഇരുന്ന് എല്ലാം ആസ്വദിച്ചിരുന്ന നേതാക്കള്‍ ഷേഡി ക്യാരക്ടറുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് എന്ന പേരില്‍ ഇറങ്ങിത്തിരിക്കുമ്പോഴും, പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുകയും, അധിക്ഷേപിക്കുകയും ചെയ്തപ്പോഴും എന്തു ചെയ്തു ? ഇതല്ലേ പ്രതിപക്ഷ സമരത്തിന് ഇന്ധനം പകര്‍ന്നത്. ശത്രു സൈന്യത്തിലേക്ക് സ്വന്തം മുന്നണി നേതാവിനെ തള്ളിയിട്ട് ആസ്വദിച്ച ക്രൂരത തന്നെയല്ലേ അന്നത്തെ നേതൃത്വം കാണിച്ചതെന്നും ജയരാജ് ചോദിച്ചു.

ബാര്‍ക്കേസിലൂടെ മാണി സാറിനെയും കേരളാ കോണ്‍ഗ്രസ്സിനെയും രാഷ്ട്രീയമായി ഉന്മനൂലനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ ചില കേന്ദ്രങ്ങളെപ്പറ്റി മാണി സാര്‍ തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടല്ലോ. ബാര്‍ക്കേസില്‍ രണ്ട് തവണ അന്വേഷണം നടത്തി മാണി സാറിനെതിരെ ഒരു തെളിവുപോലുമില്ല എന്ന് കണ്ടെത്തിയിട്ടും മാണി സാര്‍ നിരപരാധിയാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്ന ഭരണത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ സ്വയം വിശുദ്ധരാകാനുള്ള തത്രപ്പാടിലാണ്.

പ്രതിപക്ഷം ഉന്നയിച്ച വാക്കുകള്‍ മാണിസാറിന്റെ മരണശേഷവും, കേരളത്തെ ഓര്‍മ്മപ്പെടുത്തുന്നത് അന്ന് ചെയതതിനേക്കാള്‍ നീചമല്ലേ. കോണ്‍ഗ്രസ്സിലെ ചില എംഎല്‍എമാരും, നേതാക്കളുമല്ലേ ബഡ്ജറ്റ് അവതരണത്തിന് തൊട്ട് മുന്‍പ്പോലും കെ.എം മാണി സാറിനെ ഏറ്റവും അധിക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രതികരണങ്ങളും നടത്തിയത് അതിന്റെ തുടര്‍ച്ചയായി പ്രതിപക്ഷം ഏറ്റുപിടിച്ച പ്രതിഷേധം കൈവിട്ടുപോകുമായിരുന്നില്ലേ.ഇതിനെല്ലാം കാരണം അന്നത്തെ പോലീസ് പരത്തിയ തെറ്റായ കാര്യങ്ങളായിരുന്നില്ലേ  ? നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെപ്പറ്റി വാചാലരാകുന്ന കോണ്‍ഗ്രസ്സ്‌നേതാക്കള്‍ അതിന്റെ തിരക്കഥ മെനഞ്ഞവരെപ്പറ്റി മനപ്പൂര്‍വ്വം നിശബ്ദത പാലിക്കുന്നു.

ഒരു കള്ളക്കേസിലൂടെ അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ സംശുദ്ധത തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയവര്‍ ഇന്ന് കേരളാ കോണ്‍ഗ്രസ്സിനെ തന്നെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോവുകയാണ്. ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കരാറിന്റെ പേരില്‍ പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയവര്‍ ജനവിരാകം എതിരാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ സ്വയം പുറത്തുപോയി എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

കേരളാ കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരാഷ്ട്രീയത്തിന് വലിയ സ്വീകാര്യതയാണ് ഇടതുമുന്നണി നല്‍കിയിട്ടുള്ളത്. പ്രളയം, കോവിഡിന്റെ മഹാവിപത്ത് കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഇത് പരിഹരിക്കുന്നതിനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമര്‍പ്പിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് ശക്തിപകരുന്ന ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ചിലര്‍ കണ്ടില്ല എന്ന് നടിക്കുകയാണ്.

കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന് ലഭിക്കുന്ന സ്വീകാര്യത തകര്‍ക്കാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പയറ്റുന്നത്. കോണ്‍ഗ്രസ്സിന്റെ കേന്ദ്രഭരണകാലഘട്ടത്തില്‍ തന്നെയായിരുന്നു ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകരെ ദ്രേഹിക്കാനായി പുറത്തുവരുന്നത് ആ നിലപാടുകളെ തിരുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പത്രപ്രസ്താവനയല്ലാതെ എന്തു ചെയ്തു. അന്ന് ഇടുക്കിയിലെ മലയോര കര്‍ഷകസമിതിക്ക് എല്ലാ പിന്തുണയും നല്‍കിയത് ഇടതുപക്ഷമാണെന്നും ആരും മറക്കരുതെന്നും ജയരാജ് എംഎല്‍എ പറഞ്ഞു

Eng­lish sum­ma­ry: N Jayaraj MLA on Congress
You may also like this video: