18 March 2025, Tuesday
KSFE Galaxy Chits Banner 2

നാടകം പ്രവാസം കൃഷി

കെ ആർ ജയകുമാർ
March 9, 2025 7:40 am

ത്യപ്രസാദ് തിരക്കിലാണ്. അപ്രതീക്ഷിതമായി പ്രൊഫഷണൽ നാടകരംഗത്ത് എ ത്തുകയും ഇപ്പോൾ നാടകം ജീവിതമാക്കി വേദികളിൽ നിറഞ്ഞു നില്‍ക്കുകയാണ്. 1992 മുതൽ നാടകത്തിലും പിന്നീട് സീരിയലുകളിലുമായി നിറഞ്ഞു നിൽക്കുന്നു. സുഹൃത്തും നാടക കമ്പനിയുടെ ഉടമയുമായ കൊല്ലം ചൈതന്യയുടെ ഉദയകുമാറുമായി സമിതിയിലെ പ്രധാന വേഷം ചെയ്തുവന്ന നടൻ വരിഞ്ഞം പ്രസാദിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് നാടക ജീവിതത്തിലേക്കുള്ള ആദ്യ കാൽവയ്പായിരുന്നു എന്ന് സത്യപ്രസാദ്. ചാത്തന്നൂർ ഭൂതത്താൻ കാവായിരുന്നു വിവാഹവേദി. 

വിവാഹ ദിവസം വൈകിട്ട് 6.30ന് ആലുവ ഫൈൻ ആർട്സ് സൊസൈറ്റിയിൽ കൊല്ലം ചൈതന്യയുടെ പീനൽകോഡ് എന്ന നാടകം കളിക്കാൻ ബുക്ക് ചെയ്തിരുന്നു. ടിക്കറ്റ് വച്ചുള്ള പ്രോഗ്രാമായിരുന്നു. വിവാഹം കഴിഞ്ഞ് ആലുവയിലേക്ക് പോകാനുള്ള തയ്യാറെടുപ്പായി. സമയമടുത്തപ്പോൾ ആൾക്കാർ വരനെ തടഞ്ഞുവച്ചു. അവർ പ്രധാന കഥാപാത്രമായ പ്രതിശ്രുത വരനെ വിടാൻ കൂട്ടാക്കിയില്ല. അവർക്ക് നാടകത്തേക്കാൾ മുഖ്യം വധൂവരന്മാരുടെ ആദ്യ രാത്രിയായിരുന്നു. 

നാടക സമിതിയുടെ ഉടമ ഉദയകുമാർ വെട്ടിലായി. പേറ്റു നോവെടുത്ത സ്ത്രീയുടെ അവസ്ഥയിൽ അയാൾ പരവേശം കൊണ്ടു. ഫോണെടുത്ത് അറിയാവുന്ന നാടകസമിതികളിലെല്ലാം തല ങ്ങും വിലങ്ങും വിളിച്ചു. ആരെയും കിട്ടിയില്ല. ഒടുവിൽ ആലുവയിലെ സംഘാടകരെ വിളിച്ച് പ്രോഗ്രാം രണ്ടുദിവസം കഴിഞ്ഞ് നടത്താനായി അനുവാദം ചോദിച്ചു. അവർ അത് അനുവദിച്ചില്ല. കാരണം, സംഘാടകർ പരിപാടി നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ഉദയന്റെ തളർച്ച കണ്ട് അന്വേഷിക്കാനെത്തിയ സത്യപ്രസാദ് എന്ത് ചെയ്യണമെ ന്നറിയാതെ കുഴങ്ങി. 

“എന്നെ ഒന്ന് സഹായിക്കാൻ നിനക്കാവുമോ… ?” എന്ന ചോദ്യത്തിൽ പതറിയ ഉദയന്റെ തൊണ്ടയിൽ കുരുങ്ങിയ മറുപടി പുറത്തേക്ക് വരാൻ നന്നെ പാടുപെട്ടു. തന്റെ ചുമരിലേക്ക് ചേർന്ന് നിന്ന് ഉദയന്റെ കൈകൾ വേദനയോടെ തന്നെ പിടിച്ചു മുറുക്കുന്നതിന്റെ തീവ്രത നന്നായി അറിഞ്ഞതായി സത്യപ്രസാദ്. പിന്നെ ആലോചിച്ചില്ല അയാൾ സമ്മതം മൂളി. ഉദയന് അതിൽപ്പരം സന്തോഷമില്ല. ചാത്തന്നൂർ നിന്നും ഒരാളെ ചന്ദനത്തോപ്പിൽ പറഞ്ഞയച്ച് സ്ക്രിപ്റ്റ് എടുപ്പിച്ചു. ചാത്തന്നൂർ നിന്നും നാടക വണ്ടി ആലുവയിലേക്ക് പുറപ്പെട്ടു. ഉദയൻ സ്ക്രിപ്റ്റ് എടുത്ത് സത്യപ്രസാദിന് നേരെ നീട്ടി. മനോധൈര്യം സംഭരിച്ച് ആസ്ക്രിപ്റ്റ് വാങ്ങി വായിക്കാൻ തുടങ്ങി. വണ്ടിയിൽ ഉണ്ടായിരുന്ന മറ്റ് അഭിനേതാക്കളുടെ സഹായത്താൽ കഥ പഠിച്ചു തുടങ്ങി. വൈകിട്ട് അഞ്ചോടെ വണ്ടി ആലുവ ഫൈൻ ആർട്സ് സൊസൈറ്റിക്ക് സമീപം എത്തിയപ്പോഴേക്കും അയാൾ ഒരാവർത്തി വായിച്ചു തീർന്നു. ഇനിയുള്ളത് സത്യപ്രകാശ് പറയും;
”ഞങ്ങളെയും വഹിച്ചുകൊണ്ട് നാടക വണ്ടി ആഡിറ്റോറിയത്തിന് മുന്നിൽ നിന്നു. കാണികളെ കൊണ്ട് ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. തന്റെ മനസിൽ ഒരു കൊള്ളിയാൻ. റിഹേഴ്സൽ ഇല്ലാതെ ഒരു പ്രൊഫഷണൽ നാടകത്തിൽ അഭിനയിക്കാൻ എടുത്ത ദൃഢനിശ്ചയം… അവിടെ കൂടിയ ജനസഹസ്രത്തെ കണ്ടപ്പോൾ തന്റെ ഉള്ളൊന്ന് പിടഞ്ഞു. ഏറെനാൾ നാടക സമിതികളിൽ അവസരം ചോദിച്ചു കയറിയിറങ്ങിയതും പുറന്തള്ളിയതും മനസിൽ ഒരു വാശിയായി എടുത്ത് ഗ്രീൻറൂമിലെത്തി. ആദ്യ ബെൽ മുഴങ്ങി. രണ്ടാമത്തെ ബെൽമുഴങ്ങിയപ്പോൾ ഒരു അനൗൺസ്‌മെന്റും. പ്രിയപ്പെട്ട കലാസ്നേഹികളെ, അടുത്ത ബെല്ലോടെ കൊല്ലം ചൈതന്യയുടെ പീനൽക്കോട് എന്ന നാടകം ആരംഭിക്കും. എന്റെ ഉള്ളം വലിഞ്ഞുമുറുകി. ഉദയകുമാർ സത്യപ്രസാദിനെ തന്റെ മാറോടണച്ച് ഗാഢമായി പുണർന്നു.
അവസാന മണി മുഴങ്ങി. കർട്ടൻ സാവധാനം ഉയർന്നു… കാണികൾ ഹർഷാരവം മുഴക്കി. നാടകം അരങ്ങു തകർത്തു. ഹാളിൽ ആഘോഷത്തിമിർപ്പായിരുന്നു…”
പിന്നീട് ആ നാടകത്തില്‍ മൂന്നു വേദികളിൽ വേഷമിട്ടതായി സത്യപ്രസാദ് പറഞ്ഞു. നാലാമത്തെ വേദിയിൽ വരിഞ്ഞം പ്രസാദ് മടങ്ങിയെത്തിയെങ്കിലും മറ്റ് സമിതികളിൽ തനിക്കായി വാതായനം തുറന്നു. 

നടന്‍
*******
കൊല്ലം അൻസാർ ലോഡ്ജ് നാടക സമിതികളുടെ കേന്ദ്രമായിരുന്നു. കൊല്ലം പാർവതിമില്ലിൽ ബോയിലർ ഓപ്പറേറ്ററായി താൽക്കാലിക ജോലി കിട്ടി. അവിടെ കിട്ടുന്ന ഒഴിവ് സമയങ്ങൾ അൻസാർ ലോഡ്ജിൽ എത്തി സംവിധായകരുമായി സംവദിക്കുമായിരുന്നു. ഒരു ദിവസം അവിടെ എത്തിയപ്പോൾ കരകുളം ചന്ദ്രൻ ഒരു നാടകത്തിന്റെ റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു നടന്റെ ചെറിയൊരു വേഷം പല ആവർത്തി ചെയ്തിട്ടും ശരിയാകാതെ വന്നപ്പോൾ റിഹേഴ്സൽ നിർത്തിവെച്ച് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. അങ്ങനെ കരകുളം ചന്ദ്രൻ സത്യപ്രസാദിനോട് ചോദിച്ചു. ആ വേഷം ഒന്ന് ചെയ്തു നോക്കാമോ? അങ്ങനെ ആ വേഷം ചെയ്തു. കോട്ടയം വിശ്വസാരഥിയുടെ അഡ്വ. മണിലാൽ രചിച്ച് വക്കം ഷക്കീർ സംവിധാനം ചെയ്ത ശുഭ താളത്തിന്റെ ഫൈനൽ റിഹേഴ്സൽ ആയിരുന്നു. അന്ന് തന്നെ കോട്ടയത്ത് നാടകം കളിക്കാനായി സത്യ പ്രസാദിനെയും കൂട്ടി കൊണ്ടുപോയി. അതായിരുന്നു നാടകത്തിലേക്കുള്ള തന്റെ ഉദയം എന്ന് സത്യ പ്രസാദ്. തുടർന്ന് കോട്ടയം ദൃശ്യ വേദി, കോട്ടയം നാഷണൽ തുടങ്ങി 30 ഓളം സമിതികളിൽ അരങ്ങ് തകർത്തു.
ഒ മാധവൻ, അഡ്വ. മണിലാൽ, സതീഷ് സംഘമിത്ര, കരകുളം ചന്ദ്രൻ, രാജൻ പി ദേവ്, ആലപ്പി രംഗനാഥ്, കബീർദാസ്, സുന്ദരൻ കല്ലായി, കുത്തിയതോട് വേണു, വിൽസൺനിസരി തുടങ്ങിയുള്ള കേരളത്തിലെ മികച്ച സംവിധായകർക്കൊപ്പം വേദികൾ പങ്കിട്ടു. നാടകാചാര്യൻ ഒ മാധവന്റെ ദൂരദർശൻ പ്രക്ഷേപണം ചെയ്ത ഡോക്ടർ, കന്യാധാനം എന്നീ സീരിയലുകളിലും അഭിനയിച്ചു. കുഞ്ഞുമോൻതാഹയുടെ അഷ്ടമുടി കപ്പിൾസ് എന്ന സിനിമയിലും അഭിനയിച്ചു. വിതരണക്കാരുടെ അഭാവം മൂലം ചിത്രം റിലീസായില്ല. നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. വയനാട് ദുരന്തം മൂലം നിർത്തിവെച്ച കൊച്ചിൻ നയനയുടെ മുന്നൊരുക്കം നാടകം പുറത്തുവന്നു. 

പ്രവാസം
*********
2005ൽ ഒരു വിസ തരപ്പെട്ടു. കുറെ നാളായി മനസിൽ കൊണ്ടുനടന്ന മോഹമായിരുന്നു വിമാനത്തിൽ കയറണമെന്നും ഗൾഫ് നാട് കാണണമെന്നതും. അത് സാധ്യമായി. എനിക്ക് അനുവദിച്ച വിൻഡോ സീറ്റിൽ ഇടം നേടി ആകാശക്കാഴ്ചകൾ കണ്ടു. മേഘപാളികൾക്കിടയിലൂടെ ഞങ്ങളെ വഹിച്ചുകൊണ്ട് പോയ ആകാശനൗക മണിക്കൂറുകൾക്കകം പിറന്ന നാടിന്റെ ഹരിത സൗന്ദര്യം കണ്ണിൽ നിന്നും മിന്നി മറഞ്ഞു.
മെല്ലെ മണലാരണ്യം കണ്ടു തുടങ്ങി. അമ്പര ചുംബികളായ കെട്ടിടങ്ങളിൽ തട്ടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അല്പസമയത്തിനുള്ളിൽ വിമാനം ലാൻഡ് ചെയ്തു. 

ദുബായിലേക്കുള്ള യാത്ര പുതിയൊരു ലോകത്തേക്കുള്ള കാൽവയ്പായിരുന്നു. രണ്ടുദിവസം നഗരമാകെ ചുറ്റിക്കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ എന്നിൽ കൗതുകമുണർത്തി. മൂന്നാം നാൾ സൗദി അറേബ്യയിലെ ഗവ. ആശുപത്രിയിൽ ബോയിലർ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചു. അത്യാവശ്യം ഭേദപ്പെട്ട ശമ്പളം പറഞ്ഞുറപ്പിച്ചു. പുതിയ വാസസ്ഥലം ഏറെ ഇഷ്ടമായി. വ്യത്യസ്ത രാജ്യക്കാരും വിവിധ ഭാഷകളും, ആദ്യമൊക്കെ പൊരുത്തപ്പെടാൻ നന്നെ പാട്ടു. പിന്നീട് ഭാഷകളൊക്കെ സ്വായത്തമാക്കി.
വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. ഏഴു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് കേരളത്തിൽ തിരിച്ചെത്തി. ഒരു ദിവസം കേരളത്തിലെ ഒരു വൻകിട പത്രത്തിൽ ഒരു പരസ്യം കണ്ടു. “ജനസേവനം ബസാർ” ബിസിനസ് തുടങ്ങാനായി സാധനങ്ങൾ അവർ ഇറക്കിത്തന്നു. കടയുടെ ഉദ്ഘാടനം വിശാലമായി നടത്തി. ബിസിനസ് തുടങ്ങിയ വേഗതയെക്കാൾ ബഹുദൂരം താണ്ടാതെ അത് നിലച്ചു. ബിസിനസ് പൊട്ടി. പണം മുഴുവൻ നഷ്ടമായി. പിന്നീട് വീടിനോട് ചേർന്ന് ഒരു മുറി തരപ്പെടുത്തി ചെറിയൊരു കച്ചവടം തുടങ്ങി. അത് വിപുലീകരിക്കാൻ പണം കണ്ടെത്താനായില്ല.
ആ സമയത്താണ് രാജ്യത്തെയാകെ കാർന്നുതിന്ന കോവിഡ് മഹാവ്യാധി കേരളത്തെയും വിഴുങ്ങിയത്. വീടിനു പുറത്തുപോകാതെ അകത്തുതന്നെ ഇരിപ്പായി. കാത്തിരിപ്പിന്റെ ദൈർഘ്യം കൂടി. മനസ് മരവിച്ചു. നാടക സമിതികൾ നിശ്ചലമായി. 

കൃഷിയിലേക്ക്
**************
സമയം കഴിച്ചുകൂട്ടാൻ നന്നേ പാടുപെട്ടു. അപ്പോൾ മനസിൽ ഉദിച്ച ആശയം പുതിയൊരു വഴി തുറന്നു. വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഒരു തരിശുഭൂമി. കുഴിയം എൻഎസ്എസ് കരയോഗമന്ദിരത്തിന്റെ മുറ്റം കൃഷി ചെയ്യാനായി വിട്ടു തന്നു. അവിടെ കിളച്ചു മറിച്ച് മരച്ചീനി നട്ടു. പിന്നീട് പയറും പച്ചക്കറിയും ചീരയുമൊക്കെ കൃഷി ചെയ്തുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
അങ്ങനെയിരിക്കെ പെരിനാട് കൃഷിഭവനിലെ കൃഷി ഓഫീസറെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ശാസ്ത്രീയമായി കൃഷിയിറക്കുന്ന രീതികളൊക്കെ മനസിലാക്കി. സ്വപ്രയത്നത്തിലൂടെ ആയിരം മൂട് വാഴ നട്ടു. വളർന്നു പന്തലിച്ച് എല്ലാം കായ് വിരിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റ് എല്ലാം ഒടിച്ചു തകർത്തു. അപ്പോഴും തളർന്ന് ആടിയുലഞ്ഞ മനസിനെ പിടിച്ചുനിർത്തി. ഒരു കൈത്താങ്ങായി കൃഷി ഓഫീസർ കൂടെ നിന്നു. അപ്പോഴേക്കും സ്ഥലം മാറിപ്പോയ കൃഷി ഓഫീസർക്ക് പകരം മറ്റൊരു വനിതാ ഓഫീസർ എത്തി. ജി അഞ്ജന. 

ചുമതലയേറ്റ ദിവസം തന്നെ ഞാൻ ഓഫീസിൽ എത്തി ഓഫീസറെ പരിചയപ്പെട്ടു. അവർ പകർന്നു നൽകിയ ഊർജം പൂർവാധികം ശക്തിസംരിച്ച് ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഉഴുതുമറിച്ച് നെൽകൃഷി ഇറക്കി. പരസഹായമില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് അതിനെ പരിചരിച്ചു. സ്വന്തമായി ഉണ്ടാക്കിയ ജൈവവളവും വെള്ളവും സമയാസമയം നൽകി.
കതിരുകൾ പൂവിട്ടു. ഇളം കാറ്റ് വീശിയപ്പോൾ തിരമാലകൾ കണക്കെ ഇളകിയാടി. തന്റെ മനസിൽ ആയിരം സ്വപ്നങ്ങൾ പൂവിട്ടു. കുറച്ച് നാളുകൾക്ക് ശേഷം എല്ലാം നെൽമണികളായി. പെരിനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ വിളവെടുപ്പ് ആഘോഷമാക്കി. നെല്ല് കൊയ്ത് മെതിച്ച് സർക്കാരിന്റെ വിപണിയിൽ എത്തിച്ചു. കഴിഞ്ഞ ഓണക്കാലം ലക്ഷ്യമിട്ട് കരയോഗത്തിന്റെ മുറ്റത്ത് ചെണ്ടുമല്ലി കൃഷി ചെയ്തു. പെരിനാട് പഞ്ചായത്തിലെ ചെണ്ടുമല്ലി കൃഷിയിൽ ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കി. ഓണത്തിന് മാർക്കറ്റ് വിലയേക്കാൾ കുറച്ച് ഫ്രഷ് പൂവ് കൊടുക്കാൻ സാധിച്ചു. ഇതിനകം വീട്ടിലെ കച്ചവടം വിപുലീകരിച്ച് ഭാര്യയെ ഏൽപ്പിച്ചു.
പ്രതികൂലമായ സാഹചര്യങ്ങളിൽ നിന്ന് ജീവിതത്തെ കരുപിടിപ്പിച്ച് വിജയത്തിന്റെ കൊടി പാറിക്കുന്ന ചില മനുഷ്യരുണ്ട്. സത്യപ്രസാദ് ആ വിഭാഗത്തിൽ പെടുന്നയാളാണ് ഉത്സവകാലമായതോടെ വീണ്ടും പ്രൊഫഷണൽ നാടകത്തിലേക്ക് തിരിച്ചെത്തി. നാടക രംഗത്ത് തിരക്കുപിടിച്ച നടനായി.
പെരിനാട് പഞ്ചായത്തിൽ ഗവൺമെന്റ് ഹൈസ്കൂളിന് പുറകിൽ നാരായണീയത്തിൽ സഹധർമ്മിണി ജയശ്രീയോടും മക്കൾ സഞ്ജയ് പ്രസാദ്, സജിൻ പ്രസാദ്, മരുമക്കൾ മീനു, അഞ്ജു എന്നിവരോടും ഒപ്പമാണ് താമസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.