15 October 2024, Tuesday
KSFE Galaxy Chits Banner 2

നാലുകൃഷ്ണമണികൾ

സവിത വിനോദ്
August 25, 2024 2:31 am

നിലച്ചുപോയ
ഘടികാരത്തിലേക്ക്
നോക്കിയവർ
മൗനം വായിക്കുന്നുണ്ട്
വെട്ടിത്തിരുത്തി
കണ്ണീരുപ്പ് പുരണ്ട
കടലാസുകൾ
നനഞ്ഞു കുതിർന്നിരിക്കുന്നു
കനലിൽ വാടിയെരിഞ്ഞ
സങ്കടചിന്തകളിൽ
ചൂടുപിടിച്ചിടിമുഴക്കങ്ങൾ
എല്ലാം ശരിയാകുമെന്ന
സാക്ഷ്യപ്പെടുത്തലുകൾ
പ്രണയം പൂത്തപ്പോൾ
ഭാവിയുടെ പെരുക്കങ്ങളിൽ
തളിർത്തവർ
ഉപ്പുകാറ്റിൽ പറന്നു പോകുന്ന
ജീവിതത്തിൽ
ഒടുക്കമുരുള വയ്ക്കാനെങ്കിലു
ഒരാൺതരിയില്ലെന്നു തപിച്ചവൾ
വാക്കിന്റെ പൂമരങ്ങൾ
വെയിൽ കൊണ്ടു വാടുന്നു
കൂടെയുണ്ടെന്ന
പ്രണയ നോട്ടങ്ങൾ
ദാമ്പത്യത്തിൽ
നാളുകൾക്കു മുന്നേ
പൊട്ടിത്തെറിച്ചു
ജീവൻ തുടിക്കാത്ത
ഗർഭപാത്രത്തെ പഴിച്ചയാളും
“നമുക്ക് രണ്ടു കുഞ്ഞുങ്ങൾ
ആദ്യത്തേത് മുറിവുകൾ
വീറാക്കുന്നോരാൺകുഞ്ഞ്
വേദനകളിലാഴത്തിലലിയാൻ
കരുത്തുള്ളൊരു പെൺകുഞ്ഞും”
ആകാശം പൂത്ത
സ്വപ്നങ്ങളിലെപ്പോഴോ മൊഴിമാറ്റങ്ങൾ
”നിന്നിലേക്കെന്നെ
ചേർത്തു മതിയായില്ലെന്നവനും”
‘നിന്റെ മിടിപ്പുകൾ കേട്ടുറങ്ങി
കൊതി തീർന്നില്ലന്നവളും’
എപ്പോഴോ പൊട്ടിപ്പിളർന്നു-
പോയൊരുന്മാദനോട്ടങ്ങളിൽ
പ്രതീക്ഷയുടെ ഉടലിറക്കങ്ങളിൽ
ആർത്തിപൂണ്ട കാലത്തിന്റെ
പ്രണയ ദൂരങ്ങൾ ബാക്കി വെച്ചത്
വേദനകളിലടർന്നു വീഴാൻ
കൊതിക്കാത്ത നാലു കൃഷ്ണമണികൾ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.