തൃപ്പൂണിത്തറ നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കിഴക്കേക്കര കരയോഗം ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയ കരാറുകാരൻ ഒളിവിലാണ്. ചാലക്കുടിയിലുള്ള സ്റ്റീഫൻ ഫയർ വർക്സാണ് വെടിക്കെട്ട് നടത്തിയത്.
സ്ഫോടക വസ്തു വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. റോഡിൽ നിന്ന് 100 മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചു. റോഡിൽ നിന്ന് 15 മീറ്റർ മാത്രം അകലെയാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികൾക്കും വെടിക്കെട്ടിന് കരാറെടുത്തവർക്കുമെതിരെ ഉദയംപേരൂർ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തില്‍ പതിനേഴ് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ എട്ട് പേർ സ്ത്രീകളാണ്. കാലിലും കയ്യിലും കമ്പി അടക്കമുള്ള സാധനങ്ങൾ തുളഞ്ഞു കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. ചിലർക്ക് പൊള്ളലുമേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഉദയംപേരൂർ സ്വദേശി വിമലയ്ക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വെടിക്കെട്ട് നടത്തിയവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
English summary: Nadakkav firework tragedy; contractors absconding
YOU MAY ALSO LIKE THIS VIDEO