പെണ്ണിൻറെ ചോരാ വീണാലാത്രേ…

Web Desk
Posted on November 24, 2019, 7:15 am

വിജയ് സി എച്ച്

മലപ്പുറം ജില്ലയുടെ തെക്കുകിഴക്കെ അതിർത്തിയിൽ, പ്രധാന പാതയിൽനിന്നും ഏറെ ഉള്ളോട്ടു പോയാൽ ചെന്നെത്തുന്നൊരു ഗ്രാമമാണ് കക്കടിപ്പുറം. സമൂഹത്തിൽ അരികുവൽക്കരിപ്പെട്ടവർ അധികം താമസിക്കുന്നൊരു പ്രദേശം. നാഗരികതയുടെ കോപ്രായങ്ങളെത്താൻ വൈകിയതിനാൽ, പച്ചപ്പും ശുദ്ധവായുവും ഇവിടെ ഇപ്പോഴും വേണ്ടുവോളം. നാലു പ്രാവശ്യം വഴി തെറ്റിയെങ്കിലും, ഒടുവിൽ കണ്ടു അന്വേഷിച്ചുകൊണ്ടിരുന്ന ആ വീട്. നാട്ടുവഴിയുടെ പടിഞ്ഞാറെ ചെരുവിൽ നേരിട്ടു നോട്ടം ചെല്ലാത്തൊരിടത്ത്. മലയോര മണ്ണിറങ്ങി ഞാനും, മകളും, അനിയത്തി ലതയും, ഒരുമിച്ചു ആ വീട്ടിനടുത്തേക്കു നടന്നപ്പോൾ പരിസരത്തുള്ളവർക്കെല്ലാം വിസ്മയം. കഷ്ടപ്പെട്ട് എന്തിനീ കക്കടിപ്പുറത്ത് എന്നല്ലേ? രണ്ടു ദിവസം മുന്നെ മകൾ എന്നെ കേൾപ്പിച്ചൊരു ഗാനമായിരുന്നു പ്രചോദനം! പുതിയ തലമുറയിൽപ്പെട്ടവർ സോഷ്യൽ മീഡിയയിലൂടെ കൈമാറി ഏറെ സെൻസേഷനായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാടൻപാട്ട് ! ഈ ഗാനം പാടിയത് ഇവിടെ താമസിക്കുന്ന ജിതേഷ് കക്കടിപ്പുറം. നാടനൊരാൾ എഴുതി, അയാൾതന്നെ പാടിയൊരു നാടൻപാട്ട്, അതും നാട്ടിൽ നടന്നിരുന്നൊരു അപരിഷ്കൃത ആചാരം ഇതിവൃത്തമായൊരു ഗീതിക, പുത്തൻ തലമുറ ഏറ്റെടുത്തു വൈറൽ ആക്കികൊണ്ടിരിക്കുന്നെന്നോ? അതെ! മകൾ, ഡോക്ടർ ഉത്തരക്ക് ഈ പാട്ടു ലഭിച്ചത് നഗരത്തിലെ യങ് ഡോക്ടേർസ് ഗ്രൂപ്പിൽ നിന്നാണ്.

ഷോൺ മെൻഡസ്, എഡ് ഷീറെൻ, ഏഡം ലെവിൻ, സെലീന ഗോമസ്, എരിയാന ഗ്രേൻഡെ, കേമില കേബലൊ, മൈലി സൈറസ്, ടൈലർ സ്വിഫ്റ്റ് മുതലായ പാശ്ചാത്യ ആലാപന ശ്രേഷ്ഠരെ എന്നും കേൾക്കുന്നവർ, ഇന്ന് മണ്ണിന്റെ മണമുള്ള ജിതേഷിനെയും നെഞ്ചോടു ചേർത്തുപിടിക്കുന്നു !  പത്തിരുപത് വർഷംമുന്നെ ജിതേഷ് എഴുതിയ, ‘കൈതോലാ പായവിരിച്ച്… ’ എന്നു തുടങ്ങുന്ന നാടൻപാട്ട്, കലോത്സവങ്ങളിൽ ആലപിച്ചു സംസ്ഥാന തലത്തിൽവരെ പലരും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പക്ഷെ, ചേലുള്ള ഈ ഗാനം രചിച്ചത് ജിതേഷാണെന്ന കാര്യം അടുത്ത കാലത്താണ് സഹൃദയർ അറിയുന്നത്! ഒരുകാലത്തും പ്രശസ്തിയുടെ പുറകെ ഈ നാട്ടിൻപുറത്തുകാരൻ പോയിട്ടില്ല.

ഈയിടെയെഴുതിയ, ‘പാലോം, പാലോം, നല്ല നടപ്പാലം… ’ എന്നു തുടങ്ങുന്ന പാട്ടിൽ, ശ്രോതാവിൻറെ ഉള്ള് കീറിമുറിക്കുന്നതാണ് ജിതേഷ് പറയുന്ന കഥ.

പെണ്ണിന്റെ ചോരാ വീണാലാത്രേ, പാലത്തിൻ തൂണു ഉറയ്ക്കൊള്ളൂന്ന്…

കണ്ണീരൊഴുക്കാതെ സംയമനം പാലിച്ചവരുണ്ടെങ്കിൽ, ജിതേഷിന്റെ വശ്യവും വൈകാരികവുമായ ആലാപനം മേലെ എഴുതിയ വരികളിലെത്തിയാൽ, പിന്നെ പിടിച്ചുനിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല ! സംഗീതം  പഠിച്ചിട്ടേയില്ലാത്തൊരാൾ, ആവിഷ്കരണത്തിൽ പിഴവൊട്ടുമില്ലാതെ, ആരോഹണത്തിന്റെ അത്യുച്ചത്തിലെത്തുന്ന ഈ വരികളിലുള്ളത് ദുരന്ത സ്മരണ ഉണർത്തുന്നൊരു ചരിത്ര ശകലം! കരുനിർത്തൽ എന്നത് അര നൂററാണ്ടു മുന്നെവരെ രാജ്യത്തിന്റെ പലയിടത്തും നിലനിന്നിരുന്ന അതിക്രൂരമായൊരു ആചാരമായിരുന്നു. പാലത്തിന്റെ തൂണ് ഉറപ്പോടുകൂടി നിലനിൽക്കാനും, ഡാമിന്റെ ഭിത്തി പൊട്ടിത്തകരാതിരിക്കാനും, അവക്കു കുഴിക്കുന്ന കുഴിയിൽ ആദ്യം ഒരു മനുഷ്യനെ ജീവനോടെ കുഴിച്ചുമൂടിയതിനുശേഷം അതിനുമേൽ നിർമ്മാണം തുടങ്ങുന്ന അന്ധമായ സമ്പ്രദായം.

വർണ്ണം കുറഞ്ഞവരും, അവകാശങ്ങൾ ഉണ്ടായിട്ടും അതു നിഷേധിക്കപ്പെട്ടവരുമായിരുന്നു, ക്ഷാമം വരുമ്പോൾ പോലും കൊണ്ടാടിയിരുന്ന ഈ നരബലിക്ക് നാട്ടിലെന്നും ഇരയായിരുന്നത്. ചിന്തുന്നത് സ്ത്രീ രക്തമാണെങ്കിൽ ഫലം അത്യുത്തമമെന്നും ഉത്തരവിടുന്നവർ വിശ്വസിച്ചുപോന്നു. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ഒറീസ്സയിലും കർണ്ണാടകയിലും നടന്ന പല നിർമ്മിതികൾക്കും കരുനിർത്തലിന്റെ പരിതാപകരമായ കഥകൾ പറയാനുണ്ട്. ജിതേഷ് പറയുന്നത് തനിക്ക് ഏറ്റവും അടുത്തറിയുന്ന കുറ്റിപ്പുറം പാലത്തിൻറെ കഥയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപുഴക്കുമേൽ കുറ്റിപ്പുറത്തു നിർമ്മിച്ചതാണ് ഈ പാലം. ഇത് തിരു-കൊച്ചിയിൽ നിന്നും മലബാറിലേക്കുള്ള പ്രവേശന കവാടം! മലബാർ, കേരളപ്പിറവിക്കു മുന്നെ, മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്നതിനാൽ, കുറ്റിപ്പുറം പാലം നിർമ്മിച്ചത് മദ്രാസ് സർക്കാറായിരുന്നു. 1949‑ൽ തുടങ്ങി, 1953‑ൽ പണിതീർത്ത പതിനൊന്ന് സ്പാനുകളുളള, 1183 അടി നീളവും, 22 അടി വീതിയുള്ള, bow string gird­er രീതിയിലുള്ള മനോഹരമായ നിർമ്മിതി.

എന്നാൽ, ജിതേഷിനു പറയാനുള്ളത് പാലത്തിന്റെ ആ മനോഹാരിതക്കു പുറകിലുള്ള യാഥാർത്ഥ്യങ്ങളാണ്. കുറ്റിപ്പുറം പാലം വന്നതിനടുത്ത വർഷം, കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച ‘കുറ്റിപ്പുറം പാലം’ എന്ന വിശ്രുത കാവ്യത്തിൽ പോലും പ്രതിപാദിക്കാൻ വിട്ടുപോയതൊന്ന്! പുതിയ പാലത്തിലൂടെ നടന്നു പുഴകടന്നപ്പോൾ, ആ പ്രദേശത്തു ജനിച്ചുവളർന്ന ഇടശ്ശേരിക്കു നേരിട്ടനുഭവപ്പെട്ട വിസ്മയവും വിമ്മിഷ്ടവുമാണ് അദ്ദേഹത്തിൻറെ ‘കുറ്റിപ്പുറം പാല’മെങ്കിൽ, പാലംപണി നേരിൽകണ്ട വയസ്സുമൂത്തവരുടെ വായ്മൊഴിയുടെ നിഷ്കളങ്കമായ പുനർനിർമ്മാണമാണ് ജിതേഷിൻറെ ഉദ്വേഗജനകമായ വരികൾ! പത്നിയേയും മകളേയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട്, കേട്ടറിഞ്ഞ ആ പുരാവൃത്തം ജിതേഷ് നമുക്കായ് പങ്കുവെക്കുകയാണ്.

ജിതേഷും നടക്കുന്നു, കുറ്റിപ്പുറം പാലത്തിലൂടെ! പൊന്നു എന്ന തന്റെ മകളുമൊത്ത്. നടത്തം പാലത്തിന്റെ ഒരു തൂണിനുമേലെ എത്തിയപ്പോൾ, മരിച്ചുപോയെന്നു അവൾ കരുതുന്ന അമ്മ, ‘പൊന്നൂ’ എന്ന് അവളെ പാലത്തിന്റെ തൂണിൽനിന്നു വിളിക്കുന്നതായി ജിതേഷിന്റെ മകൾക്കു തോന്നുന്നു. തുടർന്ന്, അച്ഛനും മകളും തമ്മിലുള്ള സംഭാഷണം, വടക്കൻ കേരളത്തിൽ പൊതുവെയുള്ളൊരു ഗ്രാമ്യഭാഷയിൽ, ഉള്ളിൽ കോറലിടുന്നൊരു ഗാനമായി ചുരുളഴിയുന്നു:

പാലോം, പാലോം, നല്ല നടപ്പാലം…

അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം

ആയൊരു പാലത്തിന്റെ തൂണീനിന്നും

പൊന്നൂ എന്നൊരു വിളിയും കേട്ട്

പൊന്നൂ എന്നൊരു വിളിയും കേട്ട്…

എന്താണപ്പാ ഒരു വിളിയും കേട്ട്

എന്റമ്മ വിളിക്കെണൊരൊച്ച പോലെ…

എന്റമ്മ മണ്ണോടു മണ്ണായെന്ന്,

അപ്പൻ‍ തന്നല്ലേ പറയാറ്ള്ളേ…

അപ്പൻ‍ തന്നല്ലേ പറയാറ്ള്ളേ…

ആയകഥ കേട്ട് കരയരുതെ പൊന്നൂ…

ആയകഥ ഞാൻ ശൊല്ലിത്തരാം…

അന്നൊരു വറുതി മാസം,

കള്ളക്കറക്കിടകം,

തിന്നാനും കുടിക്കാനുല്യാത്ത കാലം…

നീ അന്ന് നീന്തി നടക്കണ കാലം,

അടിവെച്ചു വീണ് കരയണ പ്രായം…

അറുതിക്ക് തീർപ്പ് കലിപ്പിച്ചമ്പ്രാൻ,

ഉണ്ണീടമ്മേനെ കരുനിറു‍ത്താൻ,

ഉണ്ണീടമ്മേനെ കരുനിറു‍ത്താൻ…

എന്തിനാണമ്മേനെ കരുനിറുത്തി,

പകരത്തിൻ അപ്പനെന്തേ പോവാഞ്ഞത്…

മാറത്ത്ന്ന് അന്നെന്നെ അടർത്തിയെടുത്ത്,

എന്തിനാണമ്മാ കരുവായത്…

എന്തിനാണമ്മാ കരുവായത്…

പെണ്ണിന്റെ ചോരാ വീണാലാത്രെ,

പാലത്തിൻ തൂണ് ഉറയ്ക്കൊള്ളൂന്ന്…

തമ്പ്രാന്റെ വാക്കിന് എതിർ‍വാക്കില്ലാ,

എന്റെ കിടാത്യോളേ കൊണ്ടും പോയി…

അന്റമ്മ മണ്ണോട് മണ്ണുമായി…

അന്റമ്മ മണ്ണോട് മണ്ണുമായി…

പാലോം, പാലോം, നല്ല നടപ്പാലം…

അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം,

ആയൊരു പാലത്തിൻറെ തൂണീനിന്നും…

പൊന്നൂ എന്നൊരു വിളിയും കേട്ട്…

പൊന്നൂ എന്നൊരു വിളിയും കേട്ട്…

ഏ… ഏ… ഏ…

ആ… ആ…

കീറിപ്പൊളിഞ്ഞൊരു ഡയറിയിൽ ഇതു തന്റെ അമ്പത്തിരണ്ടാമതു കൃതിയെന്നാണ് ജിതേഷ് കുറിച്ചിട്ടിരിക്കുന്നത്. പാലത്തിന്റെ ബലത്തിനായി ജീവനോടെ കുഴിച്ചുമൂടപ്പെട്ട നിർഭാഗ്യവതികളുടെ പുതിയ തലമുറയിൽപ്പെട്ട ജിതേഷിന്, കുറ്റിപ്പുറം പാലത്തിന്റെ പത്തു തൂണുകളും പടുത്തുയർത്തിയിരിക്കുന്നത് ഓരോ ‘അബല’ യുടെ ശിരസ്സിൽ നിന്നാണോ, അതോ ഒരു തൂണിനു മാത്രമേ കരുനിർത്തിയിട്ടുള്ളൂവെന്നോ വ്യക്തമായറിയില്ല. ശരി, അത്രയും വിവരങ്ങൾ ശേഖരിക്കാൻ ജിതേഷിനു കഴിഞ്ഞില്ല. നമുക്കു കഴിഞ്ഞോ? മുന്നൂറ്റിനാൽ‍പതു കിലോമീറ്റർ നീളമുള്ള NH 544‑ലെ ഏറ്റവും നിർണ്ണായകമായ ഈ പാലത്തിലൂടെ അഹോരാത്രം ചീറിപ്പാഞ്ഞുപോകുന്ന ശീതീകരിച്ച വാഹനങ്ങളിൽ, തെക്കുനിന്നു വടക്കോട്ടും, വടക്കുനിന്നു തെക്കോട്ടും സഞ്ചരിക്കുന്ന ഉന്നതർക്കെങ്കിലും കഴിഞ്ഞുവോ? അറിയാൻ, എല്ലാം രേഖപ്പെടുത്താറുണ്ടോ എല്ലാ ചരിത്രരേഖകകളിലും?

നാട്ടിൽ നാടൻപാട്ടുകൾ പലതും എഴുതപ്പെട്ടിട്ടുണ്ട്, പക്ഷെ അവയെല്ലാം പറഞ്ഞത് പലവകയായ ‘ചില്ലറ’ നാടൻ സംഗതികളായിരുന്നു. ഫോക്‌ലോർ വിശ്വാസങ്ങളിലെ പ്രബലമായൊരു ബിംബംമായിട്ടുകൂടി, ഈ കലാശാഖയിൽ ഇതിനുമുന്നെ മുഖ്യ പ്രതിപാദ്യമായി പാലം വന്നിട്ടില്ല. എന്നാൽ, ജിതേഷ് അതൊരു വിഷയമായി എടുത്തപ്പോൾ ‘came with a bang’ എന്നതു പോലെയുമായി! പ്രസരണം നാട്ടിൽമാത്രം ഒതുങ്ങിനിൽക്കാത്തൊരു ‘പണ്ടോരയുടെ പെട്ടി‘യാണ് ജിതേഷ് ഈ നാടൻ പാട്ടിലൂടെ തുറന്നിട്ടിരിക്കുന്നത്! പരിഷ്കൃത ലോകത്തിന് അറിയാൻ താൽപര്യമില്ലാത്തതു പലതും ഈ പേടകത്തിൽനിന്ന് പുറത്തു ചാടും!

ലോകത്തിൻറെ പലഭാഗങ്ങളിലും കരുനിർത്തലിന്റെ സ്മാരകചിഹ്നങ്ങൾ ഇന്നും കാണാമെങ്കിലും, ജപ്പാനിൽ ആചരിച്ചിരുന്ന ‘ഹിതോബാശീര’ (മനുഷ്യ തൂൺ) എന്ന സമ്പ്രദായം ഏറെ ഔദ്യോഗിക പരിവേഷമുള്ളതായിരുന്നു! പഴക്കംചെന്ന പല പാലങ്ങൾക്കും, ഡാമുകൾക്കും, കൊട്ടാരങ്ങൾക്കും കരുനിർത്തലിന്റെ പാപക്കറ പുരണ്ടിട്ടുണ്ട്. അവരുടെ ചരിത്രത്തിൽ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

“ഉത്സവ പറമ്പുകളിലും, ആളുകൂടുന്നിടത്തും ഞാനിതു പാടി. ” ജിതേഷ് പറഞ്ഞു, ധൃതിയില്ലാതെ.

“പലരും അത് റിക്കോർഡു ചെയ്ത്, അവടേം ഇവിടേം ഒക്കെ ഇട്ട്ട്ട്ണ്ട്. ഒരു ചാനലുകാർ വിളിച്ച് പാടിപ്പിച്ചു. ”

എന്തെങ്കിലും പ്രതിഫലം കിട്ടിയോ, ജിതേഷ്?

“ഇപ്പോ, ഇത്തിരി കിട്ടി, സാർ! ”

എങ്ങനെ?

“കോഴിക്കോടുള്ള വല്ല്യേ ഒരു മ്യൂസിക് കമ്പനിക്കാർക്ക് ഞാൻ ഒപ്പിട്ടു കൊടുത്തു. ”

എന്ത്?

“ഈ പാട്ട് ഇനി അവര്ടെ ആണെന്ന് എഴുതിയത്.

“ഓല് ഇനിക്ക് ഇത്തിരി കാശു തന്നു! ”

“ഓലത് ഗംഭീരാക്ക്ണ്ൺട്, സാർ! അടിപൊളി വിഡിയോ സി ഡി എറക്കാൻ പോവ്വാ… കുറ്റിപ്പൊറം പാലോം, ഭാരതപൊഴേം, പ്രകൃതീം ഒക്കെ ചേർത്ത്ട്ട്! ”

“ഞാൻ തന്ന്യേ പാട്ണത്! പക്ഷെ, തൂണിന്റെ ഉള്ള്ന്ന് വെര്ണ, ‘പൊന്നൂ… ’ ന്ന്ള്ള വിളി, ഒരു സ്ത്രീ ശബ്ദമാണ്. നിളയിലാകെ ആ വിളി പ്രതിധ്വനിക്കുന്നുണ്ട്. ഉഷാറാണ് ആ സീൻ! ”

സി ഡി എന്നാണ് ഇറങ്ങുന്നത്?

“ഓല് സി ഡി-യുടെ വിഷ്വൽസിന്റെ ഫിനിഷിങ് പണീലാണ്. അതു കഴിഞ്ഞാ, ഒടനെ എറക്കും! ”

ഇനി എന്തെങ്കിലും അവർ ജിതേഷിന് തര്വോ?

“ഇല്ല്യാ… , ഇനിക്ക് ഇനി ഒന്നൂല്ല്യാ. ”

എഴുപതു വർഷം മുന്നെ സംഭവിച്ചത് ഇപ്പോഴും സംഭവിക്കുന്നു! ദുർബ്ബല വിഭാഗത്തിൽ പെട്ടതിനാലാണ് ജിതേഷിന്റെ ‘കിടാത്യോൾക്ക്’ കരു ആകേണ്ടിവന്നതെങ്കിൽ, നിർധനനായതുകൊണ്ട് ജിതേഷും ചൂഷണത്തിന് ഇരയാകുന്നു. മാറിയത് കാരണം മാത്രം.

കാശുള്ളവർ എന്തോ ‘നക്കാപ്പിച്ച’ കൊടുത്ത്, ജിതേഷിൽനിന്ന് എല്ലാം എഴുതിവാങ്ങി. ആ പാവത്തിന്റെ വരികളും ശബ്ദവും വിപണനം ചെയ്ത് അവർ ആദായമുണ്ടാക്കാൻ ഒരുമ്പെടുന്നു. സ്വന്തമായി ഒരു വിഡിയൊ ആൽബം നിർമ്മിക്കാൻ, നിത്യവൃത്തിക്കു നെട്ടോട്ടമോടുന്ന ജിതേഷിനു കഴിയുമോ? കാലമെത്ര കഴിഞ്ഞാലും പുരോഗതിയെത്ര കൈവരിച്ചാലും, ജിതേഷിനെപോലുള്ളവർക്ക് കഞ്ഞി ഇന്നും കുമ്പിളിൽ!