Janayugom Online
nandithadas

അധോലോക നായകന്മാരെക്കുറിച്ചുള്ള സിനിമകള്‍ക്ക് പ്രാധാന്യം നല്‍കരുത്: നന്ദിതാദാസ്

Web Desk
Posted on December 10, 2018, 8:18 am

പല്ലിശേരി

ന്ന് നല്ല സിനിമകള്‍ നിര്‍മിക്കാന്‍ പലരും മടി കാണിക്കുകയാണെന്നും അതേസമയം കച്ചവടക്കണ്ണുകളോടെ വരുന്ന നിര്‍മാതാക്കള്‍ അധോലോക നായകന്മാരെക്കുറിച്ചുള്ള സിനിമകള്‍ എടുക്കാനാണ് താല്‍പര്യം കാണിക്കുന്നതെന്നും പ്രശസ്ത നടിയും സംവിധായികയുമായ നന്ദിതാദാസ് പറയുകയുണ്ടായി.
ഇത്തരം നിര്‍മാതാക്കള്‍ കാരണം നല്ല സിനിമ നിര്‍മിക്കാന്‍ ആരും വരുന്നില്ല. അതുകൊണ്ട് അധോലോക നായകന്മാരെക്കുറിച്ചുള്ള സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. നന്ദിതാദാസ് തുടര്‍ന്ന് പറഞ്ഞു.
49 വയസായ നന്ദിതാദാസ് 1969 നവംബര്‍ ഏഴിന് ന്യൂഡല്‍ഹിയിലാണ് ജനിച്ചത്. പ്രശസ്ത ചിത്രകാരനായ ജതിന്‍ദാസാണ് പിതാവ്. എഴുത്തുകാരി വര്‍ഷാദാസ് അമ്മയും.
‘ജനതയമഞ്ച്’ എന്ന തിയേറ്റര്‍ ഗ്രൂപ്പിലൂടെയാണ് നന്ദിത അഭിനയരംഗത്തു വന്നത്.
ദീപാമേത്ത സംവിധാനം ചെയ്തു വിവാദ സിനിമയായ ‘ഫയര്‍’ ആണ് നന്ദിതയുടെ ആദ്യ ചിത്രം, നായിക നടി എന്ന നിലയില്‍ ഒരേസമയം മലരും മുള്ളും ഒരുപോലെ ‘ഫയറി‘ലെ അഭിനയത്തിനു നന്ദിതയ്ക്ക് ലഭിക്കുകയുണ്ടായി. തുടര്‍ന്നഭിനയിച്ച ‘എര്‍ത്ത്’ തുടങ്ങിയ ചിത്രങ്ങളും വിവാദപരമായിരുന്നു.

രണ്ടു പ്രാവശ്യം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രധാന ജൂറി അംഗമായി പ്രവര്‍ത്തിച്ചു. അന്‍പതില്‍പരം ഫീച്ചര്‍ സിനിമകളില്‍ അഭിനയിച്ച നന്ദിതയ്ക്ക് ‘കാംലി’ എന്ന തെലുങ്കുചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. മലയാളത്തില്‍ കണ്ണകി, നാല് പെണ്ണുങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.

അഭിനയത്തോടൊപ്പം നല്ല സിനിമകള്‍ക്ക് കഥ എഴുതി സംവിധാനം ചെയ്യണമെന്ന ആഗ്രഹം മൂലം സംവിധാനം ചെയ്ത സിനിമയാണ് ‘ഫിറാഖ്’. വേര്‍പിരിയലെന്നാണ് ഉറുദുഭാഷയില്‍ ഫിറാഖിന്റെ അര്‍ഥം.
വെറുപ്പിന്റെയും സ്‌നേഹത്തിന്റെയും ഇടയില്‍ ആന്യമാകുന്ന മനുഷ്യത്വം തേടുകയാണ് ഫിറാഖ്.

എന്താണ് ഫിറാഖിന്റെ സന്ദേശം?

ഹിന്ദു-മുസ്‌ലിം വര്‍ഗീയ കലാപങ്ങള്‍ നിത്യസംഭവമായി മാറിയ ഇന്ത്യയില്‍ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഫിറാഖിന്റെ കഥ പറഞ്ഞത്.
ഗുജറാത്ത് കലാപത്തിനുശേഷം 24 മണിക്കൂറിനുള്ളില്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെയാണ് ഫിറാഖിലൂടെ പരിശോധിക്കുന്നത്. നിഷ്‌ക്കളങ്കരും നിരാലംബരുമായ ജനതയെ കലാപം എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേരടയാളമാണ് ഈ സിനിമ ക്ലാസിക്കല്‍ സംഗീതജ്ഞര്‍, ഹിന്ദുവായ ഭാര്യ, മേല്‍ത്തട്ടുകാരും അന്യമതസ്ഥരുമായ ദമ്പതികള്‍, ശവക്കുഴി തോണ്ടുന്ന ഒരാള്‍ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ‘ഫിറാഖ്’ വികസിക്കുന്നത്.

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും നഗരത്തിന്റെയും കലാപങ്ങളുടെയും വന്യതയില്‍ നിന്നും മോക്ഷം തേടി യാത്രയാകുന്ന മോഹ്‌സന്‍ എന്ന ബാലന്റെ സത്യാന്വേഷണത്തില്‍ നിന്നും ‘ഫിറാഖ്’ അവസാനിക്കുന്നു.

സമകാലിക ഇന്ത്യന്‍ സിനിമയില്‍” ഫിറാഖ് തെരഞ്ഞെടുക്കാന്‍ കാരണം?

ഈ സിനിമയില്‍ ഞാന്‍ പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല. എനിക്കുചുറ്റും നടക്കുന്ന സംഭവങ്ങളോട് സത്യസന്ധമായി പ്രതികരിക്കണമെന്നു തോന്നി. സത്യം പറയുമ്പോള്‍ തുടര്‍ന്നുണ്ടാകുന്ന ഭീഷണിയും വധശ്രമവുമൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല. ഞാനവിടെ സത്യത്തില്‍ വെള്ളം ചേര്‍ത്താല്‍ ഞാനും എന്റെ സിനിമയും പരാജയമാകും എന്നു മനസിലായി. അതുകൊണ്ട് ജനങ്ങള്‍ക്കു പ്രചോദം ഉണ്ടാകാന്‍ കൂടിയാണ് എന്തുംവരട്ടെ എന്നു കരുതി ‘ഫിറാഖ്’ വിഷയം തെരഞ്ഞെടുത്തതും സംവിധാനം ചെയ്തതും.

ഫിറാഖിലൂടെ എല്ലാം പറഞ്ഞവസാനിപ്പിക്കാന്‍ ശ്രമം നടത്തി?

അങ്ങനെല്ല, തിരക്കഥ തയാറാക്കിയപ്പോള്‍ തന്നെ നിരവധി കഥകളും ഉപകഥകളും കയറിവന്നു. സംഭവങ്ങള്‍, കമന്റുകള്‍, ആളുകള്‍, കെട്ടുകഥകള്‍, പത്രവാര്‍ത്തകള്‍ എല്ലാം. ഞാന്‍ അതെല്ലാം കാണിച്ചത് സത്യസന്ധതയോടെയാണ്. അതിനുഫലമുണ്ടായി. ജനം ആ സിനിമ ഏറ്റെടുത്തു. കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ നല്ല പ്രതികരണമായിരുന്നു.

രണ്ടാമത്തെ സിനിമ ചെയ്യാന്‍ വലിയ ഗ്യാപ്പ് എടുത്തു?

അതെ, 10 വര്‍ഷം. കൂടുതല്‍ സിനിമ ചെയ്യുകയല്ല എന്റെ ലക്ഷ്യം. അതേസമയം എന്തെങ്കിലും പറയാനുണ്ടെന്നു തോന്നുമ്പോള്‍ മാത്രമാണ് പുതിയ സിനിമയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയത്. ആ രീതിയില്‍ എന്റെ മനസിലേക്കു കടന്നുവന്നതാണ്. ‘മണ്ടോ’ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചെങ്കിലും വേണ്ട രീതിയില്‍ വിജയിച്ചില്ല. ചിത്രത്തിന്റെ നിര്‍മാണഘട്ടത്തില്‍ ഏറെ കഷ്ടപ്പെട്ടു. അത്രക്കും ബുദ്ധിമുട്ടു സഹിച്ചാണ് ‘മണ്ടോ’ ഉണ്ടാക്കിയത്.

കഷ്ടപ്പെടാന്‍ മാത്രം എന്താണ് ആ സിനിമയുടെ പ്രത്യേകത?

ഇന്‍ഡോ-പാകിസ്ഥാന്‍ എഴുത്തുകാരനായ മണ്ടോയുടെ ജീവിതം ലോകം അറിയേണ്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ‘മണ്ടോ’ പിറന്നത്.

ഇന്ത്യന്‍ സിനിമ എന്നാല്‍ എന്താണ്?

ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് മാത്രമാണെന്ന ശക്തമായ പ്രചരണവും അഹങ്കാരവും ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍ അതു മാത്രമാണോ ഇന്ത്യന്‍ സിനിമ? അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ ഇന്ത്യയുടെ വൈവിധ്യം ശരിക്കും ഇന്ത്യന്‍ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. അന്തര്‍ദേശീയ മേളകളില്‍ എപ്പോഴും സംസാരിക്കാറുള്ളതും കേള്‍ക്കാറുള്ളതും. ‘ഇന്ത്യ’ എന്നാല്‍ ഹിന്ദി സിനിമ എന്ന മട്ടിലാണ്. എന്നാല്‍ ‘ടൂ മച്ച് ഇന്ത്യന്‍’ എന്നു വിളിക്കാവുന്നത് പ്രാദേശിക ഭാഷാ സിനിമകളെയാണ്.
$ ‘ഫിറാഖ്’, ‘മണ്ടോ’ എന്നീ സിനിമകളില്‍ കൂടുതല്‍ ഇഷ്ടം.
ഒരമ്മയ്ക്ക് രണ്ടു മക്കളും തുല്യമാണെന്നു പറയുന്നതു പോലെയാണ് ഞാനും. എന്നാലും രണ്ടു സിനിമയും രണ്ടു കാഴ്ചപ്പാടിലാണ്. ഒരു സംവിധായികയുടെ കടമ എന്താെണന്നും സംവിധായിക നല്ല ഒരു കപ്പിത്താനാണെന്നും തിരിച്ചറിയാനായത് ‘ഫിറാഖ്’ ചെയ്തപ്പോഴാണ്.

ഏതാണ് ടെന്‍ഷന്‍? സംവിധാനമോ അഭിനയമോ?

ഒരു നടിയെന്ന നിലയില്‍ ഞാന്‍ ആകുലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷനടിച്ചത് സംവിധായികയായപ്പോഴാണ്. നടിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ കുറവാണ്.

അടുത്തസിനിമ?

തല്‍ക്കാലം പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ല, എന്തായാലും ഇന്ത്യയിലെ ജനങ്ങളുടെ കഥയായിരിക്കും. ഞാന്‍ ജനങ്ങളോടൊപ്പമാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല.