ഒരു മീന്‍ കറിയ്ക്ക് അര ‘നാഗാ മിര്‍ച്ചി’: ലോകത്തെ ഏറ്റവും എരിവുള്ള മുളകിന്റെ കൃഷി കൊല്ലം അഞ്ചലില്‍

രാകേഷ് രാജേന്ദ്രൻ
Posted on May 21, 2019, 11:40 am

അഞ്ചല്‍: ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളക്‘നാഗാ മിര്‍ച്ചി’ കൊല്ലം ജില്ലയിലെ അഞ്ചലിലും.അഞ്ചല്‍ കോമളം സ്വദേശിയും 201718 ലെ കേരള സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് ജേതാവായ യുവകര്‍ഷകന്‍ അനീഷ് എന്‍ രാജിന്റെ ഹൈടെക് കൃഷിയിടത്തിലാണ് നാഗാ മിര്‍ച്ചി സുലഭമായി വിളയുന്നത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത നാഗാ മിര്‍ച്ചി.

നാഗാലന്‍ഡില്‍ രാജാ മിര്‍ച്ചിയെന്നും അസമില്‍ ഭൂത് ജൊലോക്കിയയെന്നും അറിയപ്പെടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്.കോര്‍പ്പറേറ്റ് കമ്പിനിയില്‍സീനിയര്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ആയി പന്ത്രണ്ട് വര്‍ഷം ജോലി ചെയ്ത അനീഷ് ആറ് വര്‍ഷമായി മുഴുവന്‍ സമയ ഹൈ ടെക്ക് കര്‍ഷകനാണ്, മൂന്ന്പോളിഹൗസില്‍ കൃഷി ചെയ്യുന്നു, കൂടാതെ അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് കൃഷിയുമുണ്ട്. പോളിഹൗസ് കൃഷി കൂടാതെ നൂറ് ഗ്രോ ബാഗില്‍ ചുവപ്പ്, മഞ്ഞ കാപ്‌സിക്കം കൂടാതെ വിവിധതരം മുളകുകള്‍ കൃഷി ചെയ്യുന്നു. എന്നാല്‍ അതില്‍ ഇരുപത്തിയഞ്ച് ഗ്രോ ബാഗില്‍ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ആയ നാഗാ മിര്‍ച്ചിയുടെ കൃഷി.

സുഹൃത്ത്കൊല്‍ക്കത്ത സന്ദശനത്തില്‍ കൊണ്ടുവന്നതാണ് നാഗാ മിര്‍ച്ചിയുടെ വിത്തുകള്‍. വിത്തുകള്‍ ചെറുതായി ഉണക്കി, പോര്‍െ്രെടയില്‍ പാകി മുളപ്പിച്ചാണ് ഗ്രോ ബാഗില്‍ നട്ടത്. അടിവളമായി, പോട്ടിങ് മിക്‌സര്‍ ആണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ മുളകുകള്‍ വിളവെടുപ്പ് തുടങ്ങി. 100 ഗ്രാമിന് 50 രൂപയാണ് വില. ഒരു മീന്‍കറിക്ക് ഒരു മുളക് പകുതി തന്നെ ധാരാളം, നല്ല മണവും, എരിവും ആണ് നാഗാ മിര്‍ച്ചിക്ക്.എരിവിന്റെ രാജാവായ നാഗാ മുളകിന് ജപ്പാനില്‍ ഏതാണ്ട് അമ്പതിനായിരം രൂപ വില വരുമെന്ന് പറയുന്നു. എരിവ് മാത്രമല്ല പ്രത്യേക സ്വാദും,ഔഷധ ഗുണങ്ങളുമാണ് ഇതിനെ അന്താരാഷ്ട്ര വിപണിയില്‍ പ്രിയങ്കരമാക്കുന്നത്.

വിളവെടുത്ത നാഗാ മിര്‍ച്ചിയുമായി അനീഷും, മകളും

2007ല്‍ ലോകത്തിലെ ഏറ്റവും എരിവുളള മുളകായി ഗിന്നസ് അധികൃതരും അംഗീകരിച്ചു.എരിവ് അളക്കുന്ന യൂണിറ്റായസ്‌കോവില്‍ ഹീറ്റ് യൂണിറ്റില്‍ നമ്മുടെ കാന്താരിമുളകിന് രണ്ടായിരത്തി അഞ്ഞൂറ് യൂണിറ്റുള്ളപ്പോള്‍നാഗാ മിര്‍ച്ചിയുടെ എരിവ് പത്തു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെയാണ്.കേരളത്തില്‍ അനീഷ് അല്ലാതെ വേറെയാരും വ്യാവസായികാടിസ്ഥാനത്തില്‍ നാഗാ മിര്‍ച്ചി കൃഷി ചെയ്യുന്നില്ല. ഇത് കൂടാതെ വിവിധയിനം പച്ചക്കറികളുംഎല്ലാവിധ ഇറ്റാലിയന്‍ ലീഫി വെജിറ്റബിളും കൃഷി ചെയ്യുന്നു. അക്വപോണിക്‌സ് സാങ്കേതിക വിദ്യയില്‍ ഫിഷറീസ് അംഗീകാരത്തോട് കൂടി മീന്‍ കൃഷിയുമുണ്ട്.

ആവശ്യമായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കി കാനറാ ബാങ്ക് അഞ്ചല്‍ ബ്രാഞ്ച് കൂടെയുണ്ട്. അച്ഛന്‍ അമ്മ, ഭാര്യ, മകള്‍ എന്നിവരുടെ പൂര്‍ണ പിന്തുണ കൂടിയാണ് കൃഷിയിലെ വിജയമെന്ന് അനീഷ് പറയുന്നു.വീടിരിക്കുന്ന മുപ്പത് സെന്റില്‍ കൃഷി വിജയകരമായി നടത്തിയ അനീഷ്കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിക്കാനാണ് യുവ കര്‍ഷകന്റെ തീരുമാനം.ഹൈടെക്ക് കൃഷിയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് കൂടിയുണ്ടായാല്‍ ഹൈടെക്ക് കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ഈ യുവ കര്‍ഷകന് സാധിക്കും.