മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ആ സിനിമ ഇഷ്ടപ്പെട്ടില്ല; തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് നൈല ഉഷ

Web Desk
Posted on October 14, 2019, 10:06 pm

സൂപ്പര്‍ ഹിറ്റായ ഒരു മലയാള ചിത്രം കാണുന്നതിനിടെ തിയേറ്ററില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നതായി നടി നൈല ഉഷ. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച് നൈല വെളിപ്പെടുത്തിയത്. നടന്‍ ജോജു ജോര്‍ജും നൈലയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

‘മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സൂപ്പര്‍ ഹിറ്റായ ഒരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഭയങ്കര ഇഴച്ചില്‍. ഞാനും അമ്മയും മുഖത്തോടുമുഖം നോക്കി, ഇറങ്ങിപ്പോയാലോ എന്നുചോദിച്ചപ്പോള്‍ അമ്മയ്ക്കും ഇറങ്ങാനായിരുന്നു താത്പര്യം. അങ്ങനെ ഞാനും അമ്മയും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി’ നൈല ഉഷ പറഞ്ഞു. സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയില്‍ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും നൈല ഉഷ അഭിമുഖത്തിനിടെ പറഞ്ഞു.

ഇതു കഴിഞ്ഞപ്പോള്‍ സിനിമ ഏതാണെന്ന് ജോജു ജോര്‍ജ് നൈലയോട് ചോദിച്ചു. അപ്പോള്‍ വളരെ പതിഞ്ഞ സ്വരത്തില്‍ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. അവതാരകന്‍ ചോദിച്ചപ്പോഴും നൈല സിനിമയുടെ പേര് വീണ്ടും പതിയെ പറയുന്നത് വീഡിയോയില്‍ കാണാം. അഭിമുഖത്തിന്റെ അവസാന ഭാഗത്താണ് നൈല ഇത് പറയുന്നത്.