Web Desk

ന്യുഡല്‍ഹി

February 02, 2021, 5:53 pm

കര്‍ഷക പ്രക്ഷോഭം നേരിടാന്‍ ട്രഞ്ചും മുള്ളുവേലിയും, അതിര്‍ത്തി മോഡല്‍ സന്നാഹമൊരുക്കി ഡല്‍ഹി പൊലീസ്

Janayugom Online

കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ നേരിടാൻ വൻ സന്നാഹമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരെ പ്രതിരോധിക്കുന്നതിനായി റോഡുകളില്‍ തടസ്സം സൃഷ്ടിക്കുകയാണ് പൊലീസ്. ശത്രുരാജ്യത്തെ സൈനികരെ നേരിടാനെന്ന പോലെ റോഡില്‍ ട്രഞ്ച് കുഴിച്ചും, മുളളു കമ്പികള്‍, പാകിയുമാണ് സര്‍ക്കാരും പൊലീസും കര്‍ഷകരെ നേരിടുന്നത്.

നിരനിരയായി ബാരിക്കേഡുകള്‍ നിരത്തിയും എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയും റോഡില്‍ കൂര്‍ത്തു നില്‍ക്കുന്ന ഇരുമ്പു കമ്പികള്‍ പാകിയുമാണ് പൊലീസ് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. മധ്യത്തില്‍ ഇവ ഉറപ്പിക്കുന്നതിനായി കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ എടുത്തുമാറ്റാവുന്ന സിമന്റ് ചുമരുകളാണ് തടസ്സം സൃഷ്ടിക്കാനായി സ്ഥാപിച്ചിരിക്കുന്നത്.

കര്‍ഷക സമരത്തെ നേരിടാൻ ‍ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തിയില്‍ പൊലീസ് ഒരുക്കിയത് രാജ്യാന്തര അതിര്‍ത്തിയിലെ മാതൃകയിലുളള സന്നാഹമാണ്. ട്രാക്ടര്‍ അടക്കമുളള വാഹനങ്ങളുടെ സഞ്ചാരം തടയുക ലക്ഷ്യമിട്ട് റോഡുകളില്‍ മുളളുകമ്പികള്‍ സ്ഥാപിച്ചും, പാക് അതിര്‍ത്തിയിലെ മാതൃകയില്‍ മുളളുകമ്പിചുരുളുകള്‍ തീര്‍ത്തുമാണ് സമരത്തെ സര്‍ക്കാര്‍ നേരിടുന്നത്.

ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂര്‍ ഒരു പട്ടാളക്ക്യാമ്പിന് സമാനമാണ്. നൂറുക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ദ്രൂതകര്‍മനേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്.

ENGLISH SUMMARY: Nails on road barbed wires cement walls as police cre­ate mul­ti-lev­el bar­ri­cad­ing at Singhu border

YOU MAY ALSO LIKE THIS VIDEO