വ്യക്തിത്വത്തിലും സംരംഭകത്വത്തിലും വേറിട്ട മികവുമായിനൈപുണ്യ മേളയില്‍ തൃപ്തി

Web Desk
Posted on April 29, 2018, 7:49 pm

കൊച്ചി: ജില്ലാ, മേഖലാ തല മത്സരങ്ങള്‍ കടന്ന് തങ്ങളുടെ നൈപുണ്യമികവുമായി 112 മിടുക്കരും മിടുക്കികളും മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2018 സംസ്ഥാനതല നൈപുണ്യ മേളയില്‍ മാറ്റുരയ്ക്കുമ്പോള്‍ അക്കൂട്ടത്തില്‍ തന്റെ സംരംഭകശേഷി തെളിയിച്ച് ഭിന്നലിംഗ വിഭാഗത്തിലെ തൃപ്തി ഷെട്ടി വ്യത്യസ്തയാകുന്നു. തൃപ്തിയുടെ കരകൗശല സ്റ്റാളിലേയ്ക്ക് ജനം തിക്കിതിരക്കിയെത്തുമ്പോള്‍ കാണുന്നത് കരവിരുതിന്റെ മനോഹാരിത ആഭരണങ്ങളില്‍ പ്രതിഫലിക്കുന്നതാണ്.
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (കെയ്‌സ്) ചേര്‍ന്ന് നടത്തുന്ന മേളയില്‍ ലിംഗഭേദം കൊണ്ടുമാത്രമല്ല, സംരംഭക സ്വഭാവത്തിലും തൃപ്തി വേറിട്ടുനില്‍ക്കുന്നു. കല്ലിലും ബ്ലാക് മെറ്റലിലുമാണ് തൃപ്തിയുടെ ആഭരണങ്ങളില്‍ ഏറിയ പങ്കും. മോഡലായും അഭിനേത്രിയായും ജനശ്രദ്ധ നേടിയ തൃപ്തി ഭിന്നലിംഗവിഭാഗത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ജോലി ലഭിച്ച ആദ്യ വ്യക്തിയാണ്.
കേരളത്തില്‍നിന്ന് ആദ്യമായി പ്രധാനമന്ത്രിയുടെ മുദ്ര സ്വയംതൊഴില്‍ വായ്പാ പദ്ധതിയനുസരിച്ച് (പിഎംഎംവൈ) ഈ വിഭാഗത്തില്‍നിന്ന് വായ്പ നേടി. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് മന്ത്രാലയം ഭിന്നലിംഗവിഭാഗത്തില്‍നിന്ന് കൈത്തൊഴിലിനായി തെരഞ്ഞെടുത്ത ആദ്യ വ്യക്തി കൂടിയാണ് തൃപ്തി. നൈപുണ്യ മേളയിലെ 23 സ്റ്റാളുകളുടെ കൂട്ടത്തില്‍ തൃപ്തിക്ക് പ്രത്യേക സ്റ്റാള്‍ അനുവദിക്കുകയും ചെയ്തു. ഉദ്ഘാടനചടങ്ങിനെത്തിയ മന്ത്രി ടിപി രാമകൃഷ്ണന്‍ തൃപ്തിയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു. ശക്തമായ വെല്ലുവിളികളെ അതിജീവിച്ച് സാമൂഹിക മാറ്റത്തിന്റെയും ശാക്തീകരണത്തിന്റെയും ഉത്തമദൃഷ്ടാന്തമായി മാറിയ തൃപ്തി നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. അവിടെയെല്ലാം തൃപ്തിയുടെ കരകൗശലം മികച്ച വിപണി നേടുകയും ചെയ്തിട്ടുണ്ട്. കുപ്പികളുപയോഗിച്ച് പ്രദര്‍ശന വസ്തുക്കള്‍ സൃഷ്ടിച്ചെടുക്കാനുള്ള തൃപ്തിയുടെ കരവിരുത് ഏറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. തനിക്ക് പ്രത്യേക സ്റ്റാള്‍ അനുവദിച്ചത് താനും തന്റെ ജനവിഭാഗവും നേടിയ അംഗീകാരമാണെന്നും വ്യാവസായിക പരിശീലന വകുപ്പിനോടും കെയ്‌സിനോടും ഏറെ നന്ദിയുണ്ടെന്നും തൃപ്തി പറഞ്ഞു.
സാങ്കേതികവിദ്യ മേഖലയിലും ബിസിനസിലും ഭിന്നലിംഗക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ലിംഗവിഭാഗം നോക്കിയല്ല അവസരങ്ങളും അംഗീകാരവും നല്‍കേണ്ടതെന്ന് തൃപ്തി പറഞ്ഞു. ഒരു സിനിമയില്‍ അഭിനയിച്ച തൃപ്തി കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ്. ഭിന്നലിംഗക്കാര്‍ക്കായി കഴിഞ്ഞ വര്‍ഷം നടത്തിയ സൗന്ദര്യമത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ 15 പേരില്‍ ഒരാളായിരുന്നു തൃപ്തി.