നമസ്തേ ട്രംപ് പരിപാടി കൊറോണ വൈറസ് വ്യാപനത്തിനിടയാക്കി: ശിവസേന

Web Desk

മുംബൈ

Posted on May 31, 2020, 8:57 pm

ഫെബ്രുവരിയില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടിയാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചിരുന്നു. ഇതോടെ വൈറസ് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

ശിവസേന മുഖപത്രമായ സാംനയിലെ തന്റെ പ്രതിവാര കോളത്തിലാണ് റാവത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. “അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചു. ഇത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടി, ഫെബ്രുവരി 24 ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് നടത്തിയ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. റോഡ് ഷോയ്ക്ക് ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേരെ അഭിസംബോധന ചെയ്താണ് ഇരുനേതാക്കളും സംസാരിച്ചത്.

മാര്‍ച്ച് 20 നാണ് ഗുജറാത്തിലെ ആദ്യത്തെ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്‌കോട്ടില്‍ നിന്നുള്ള ഒരാളുടെയും സൂറത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെയും സാമ്പിളുകള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. കോവിഡ് മഹാമാരി തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഉദവ് താക്കറെ നയിക്കുന്ന സഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഏതൊരു നടപടിയും ആത്മഹത്യാപരമാണ്”, അദ്ദേഹം പറഞ്ഞു. “ആറുമാസം മുമ്പ് രാഷ്ട്രപതി ഭരണം എങ്ങനെയാണ് നടപ്പാക്കിയതെന്നും എടുത്തുകളഞ്ഞതെന്നുമുള്ള കാര്യത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണ്.

രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കൊറോണ വൈറസ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെങ്കില്‍ ബിജെപി ഭരിക്കുന്നവ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കേണ്ടി വരും” റാവത്ത് പരിഹസിച്ചു. കൊറോണക്കെതിരേ പോരാടാന്‍ പദ്ധതി പോലുമില്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പോലും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല നല്‍കിയിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊറോണ വൈറസ് കേസുകളുടെ വര്‍ധനവിന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നേരിടുന്നതില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരാജയം കണക്കിലെടുത്ത് ബിജെപി എംപി നാരായണ്‍ റാണെ അടുത്തിടെ മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിയെ സന്ദര്‍ശിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: Namaste Trump Event Coro­na Virus Spread­ing.

You may also like this video: