25 April 2024, Thursday

ദൈവത്തിന്റെ പേര്…?

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
August 25, 2021 4:56 am

രിത്രഗതിയിൽ വലിയ വെല്ലുവിളികൾ നേരിട്ട ഒരു സമൂഹമാണ് പഴയ ഇസ്രയേൽ. ആ സമൂഹത്തിന്റെ അടിവേരുകൾ യൂഫ്രട്ടീസ് ടൈഗ്രീസ് നദീതടത്തിലായിരുന്നു. അർത്ഥദേശാന്തരീയ സമൂഹങ്ങളിലൊന്നായ അബ്രാഹാം ഗോത്രം അവിടെനിന്നും ആടുമാടുകളുമായി പടിഞ്ഞാറൻ ദേശത്തേക്ക് യാത്ര തിരിച്ചു. ഇത് ക്രിസ്തുവിന് മുൻപ് പതിനേഴാം നൂറ്റാണ്ടിലായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ പുറപ്പെടുന്ന ഓരോ ഗോത്രത്തിനും രണ്ട് അടിസ്ഥാന ഭാവങ്ങളുണ്ടായിരുന്നു. ഒന്നാമത് തങ്ങൾക്ക് ദൈവസംരക്ഷണം വഴിയിലും എത്തിച്ചേരുന്നിടത്തും ഉണ്ടാകണം. രണ്ടാമത് തങ്ങളുടെ യാത്രക്കിടയിൽ ഗോത്രത്തിൽ ആഭ്യന്തരകലഹം ഉണ്ടാകാതിരിക്കണം. ഈ ലക്ഷ്യങ്ങളെ മുൻനിർത്തി യാത്ര പുറപ്പെടുന്നതിനുമുൻപ് അവർ നടത്തിയിരുന്ന അനുഷ്ഠാനമാണ് പിന്നീട് പെസഹാ എന്ന വിപുലമായ ആചരണ പാരമ്പര്യത്തിലേക്ക് വളർന്നത്. തങ്ങളുടെ വളർത്തുമൃഗങ്ങളിൽ ഏറ്റവും മെച്ചമായതിനെ തിരഞ്ഞെടുത്ത് തങ്ങൾ ആരാധിച്ചിരുന്ന ദൈവത്തിന്റെ പ്രീതിക്കായി ബലിനൽകുക അതിന്റെ ആദ്യഭാഗം. ആ ബലിമൃഗത്തിന്റെ തീയിൽ ചുട്ട മാംസം പച്ചിലകളോടും പുളിപ്പില്ലാത്ത അപ്പത്തോടുംകൂടി ഒരു പാത്രത്തിൽ ഭക്ഷിക്കുക രണ്ടാമത്തെ ഭാഗം, ഒരേ പാത്രത്തിൽ നിന്നും ഭക്ഷിക്കുന്നവർ ഏത് വെല്ലുവിളിയുടെ സാഹചര്യത്തിലും ഒന്നിച്ച് നിൽക്കും എന്നായിരുന്നു ധാരണ. അവർ ആരാധിച്ചിരുന്നത് അവരുടെ ഗോത്ര ദൈവത്തെയാണ്. ആ ദൈവം ഗോത്രപിതാവിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഓരോ ഗോത്രപിതാവിനും ശേഷം പുതുതായി വരുന്ന ഗോത്രപിതാവിന്റെ പേരും ഗോത്രദൈവത്തെ വിശേഷിപ്പിക്കാൻ അവർ ഉപയോഗിച്ചിരുന്നു. അങ്ങനെ അബ്രാഹാമിൽ ആരംഭിച്ച പുതുഗോത്രം ആദ്യം അബ്രാഹാമിന്റെ ദൈവം എന്നും പിന്നീട് തലമുറകളിലൂടെ കടന്ന് അബ്രാഹാമിന്റെയും ഐസക്കിന്റെയും ജേക്കബിന്റെയും ദൈവമെന്നും അറിയപ്പെടാനും ആരാധിക്കപ്പെടാനും ഇടയായി (ഇവ പരസ്പരം ബന്ധമില്ലാത്ത മൂന്ന് സ്വതന്ത്ര ഗോത്രങ്ങളായിരുന്നു എന്നും, പിന്നീട് അവയെ സാമൂഹിക ബന്ധസ്ഥാപന പ്രക്രിയയിലൂടെ തലമുറകളുടെ ബന്ധത്തിലേക്ക് ആരോപിച്ചതാണ് എന്നും വാദമുണ്ട്). അപ്പോഴും അവരുടെ ദൈവത്തിന് മനുഷ്യബന്ധത്തിലെ വിശേഷണങ്ങളല്ലാതെ തനതായൊരു പേരുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് അവരുടെ താൽക്കാലിക വാസദേശത്ത് വരൾച്ച ഉണ്ടായതും ഈജിപ്തിലേക്ക് കുടിയേറേണ്ടിവന്നതും. അവിടെ ഗോത്രസ്വഭാവത്തിനപ്പുറത്ത് അവർ ഭരണവർഗത്തിന്റെ ഭാഗവും പിന്നീട് പൊതു സമൂഹത്തിന്റെ ഭാഗവും ആവുകയായിരുന്നു. അ­ധികം കഴിയുന്നതിനു മുൻപ് ഈജിപ്തിലെ രാഷ്ട്രീയ ഭരണമാറ്റത്തെ തു­ടർന്ന് ഇവർ അടിമകളായി പരിണമിച്ചു. ആ പഴ­യ അബ്രാഹാമ്യ ഗോത്രത്തിന് അടിമത്തം സാമൂഹികവും സാമ്പത്തികവും മാത്രമായിരുന്നില്ല, ദൈവബോധവും ഈജിപ്തിന് അടിയറവയ്ക്കേണ്ടിവന്നു. പിന്നീട് നാല് നൂ­റ്റാണ്ടുകൾക്ക് ശേഷം മോ­സസ് എന്ന ആളാണ് ഈ സമൂഹത്തിന്റെ വേരുകളെ അന്വേഷിക്കാ­ൻ ഇടയായത്. ഗോത്രബോധം അദ്ദേഹത്തെ ഒരു കൊലയാളിയാക്കി. തന്റെ ഗോത്രത്തിലൊരുവനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതുകണ്ട് മോസസ് ഈജിപ്തുകാരനെ കൊന്ന് തന്റെ ഗോത്രബോധം വെളിപ്പെടുത്തി. ഇക്കാര്യം പരസ്യമായി എന്നറിഞ്ഞ മോസസ് നാടുവിടേണ്ടിവന്നു എങ്കിലും തന്റെ ഗോത്രബോധവും അവരുടെ അടിമത്തവും എന്നും അദ്ദേഹത്തിൽ തീവ്രഭാവമായി പ്രായത്തെ അതിജീവിച്ച് തുടർന്നു. അത്ഭുതകരമായ ഒരു മരുഭൂ അനുഭവത്തിൽ ഈ ബോധം സടകുടഞ്ഞ് എഴുന്നേറ്റു. താൻ തിരികെ പോയി തന്റെ ജനത്തിന്റെ വിമോചനത്തിനുവേണ്ടി പോരാടേണ്ടതുണ്ട് എന്ന് മോസസ് തീരുമാനിക്കുകയായിരുന്നു തുടർന്ന് ചെയ്തത്. അപ്പോഴും തനിക്ക് യാത്രയിലും തന്റെ ഉത്തരവാദിത്ത നിർവഹണത്തിലും നിറശക്തി ആയിരിക്കേണ്ട ദൈവത്തിന് ഒരു പേരുനൽകാൻ അദ്ദേഹം തയാറായില്ല.

പൊതുവെ മുൻപുപയോഗിച്ചിരുന്ന അബ്രാഹാമിന്റെയും ഐസക്കിന്റെയും ജേക്കബിന്റെയും ദൈവം എന്നതിനോട് ചേർന്ന് ഈജിപ്തിലേക്കുള്ള തന്റെ യാത്രയിൽ എന്നതുപോലെ വിമോചിത ജനത്തിന്റെ ഈജിപ്തിൽനിന്നുള്ള യാത്രയിലും തുണയായി പ്രവർത്തിക്കുന്ന ദൈവമായിട്ടാണ് മോസസ് ഗോത്രദൈവത്തെ കണ്ടത്. ഒരു വ്യക്തിഗത നാമം കണ്ടെത്താനുള്ള പരിശ്രമം പരാജയപ്പെടുന്നതായി ഇത് സംബന്ധിച്ച രേഖയിൽ കാണാം. “എന്നെ ജനത്തിന്റെ വിമോചനത്തിന്റെ വക്താവായി ആരയച്ചു എന്നാണ് ഞാൻ അടിമകളായ എന്റെ ജനത്തോട് പറയേണ്ടത് എന്ന ചോദ്യത്തിന് “ഞാൻ ആകാനിരിക്കുന്നവൻ ഞാൻ ആകാനിരിക്കുന്നവൻ എന്നർത്ഥം വരുന്ന ഹീബ്രു ഭാഷയിലെ “എഹ്യെഹ് അശൈർ എഹ്യെയഹ്’ എന്നാണ് മോസസിന് വെളിപാടുണ്ടാകുന്നത്. വിമോചനത്തിന്റെ പൂർണതയിലേക്കുള്ള സഞ്ചാരപാതയിലെ നിർദ്ദിഷ്ടവും നിർണായകവുമായ സന്ദർഭങ്ങളിൽ തന്നെ അയച്ചതാരാണ് എന്ന് മനസിലായിക്കൊള്ളും, അത് അബ്രാഹാമിന്റെയും ഐസക്കിന്റെയും ജേക്കബിന്റെയും ആരാധനാമൂർത്തിയായ ഗോത്രദൈവം തന്നെ ആയിരുന്നു എന്നും അറിയും എന്ന് സാരം. എന്നാൽ ഈ പ്രയോഗത്തിന് ഗ്രീക്ക് ഭാഷയിലെ തർജ്ജമയുടെ പശ്ചാത്തലത്തിൽ വർത്തമാനകാല രൂപത്തിൽ ”ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നും അതിന് “യഹോവ” എന്നാണ് പരാവർത്തനം എന്നും പൊതുവെ കരുതപ്പെട്ടു. എന്നാൽ പൗരാണിക ഹീബ്രു ഭാഷയിൽ വർത്തമാനകാലം വ്യാകരണപരമായി ഉണ്ടായിരുന്നില്ല എന്നും ഭൂതകാലവും ഭാവികാലവും അതിന്റെ വിവിധ ഉൾപ്പിരിവുകളുമേ ഉണ്ടായിരുന്നുള്ളൂ എന്നും അറിയുമ്പോൾ ഈ പരാവർത്തനം അസാധ്യമാണ് എന്നും മോസസിന്റെ ദൈവത്തിന് സംജ്ഞാനാമം ആ വെളിപ്പെടലിലും ലഭിച്ചില്ല എന്നും മനസിലാക്കാം. ഈ രീതിയിൽ വിമോചിതമായ മോസസമൂഹത്തിന്റെ ഓരോ നിർണായക സന്ദർഭങ്ങളിലെ ദൈവീക ഇടപെടലിലും ദൈവത്തിന് വിശേഷണരൂപത്തിലുള്ള സംജ്ഞകൾ നല്കപ്പെടുകയായിരുന്നു. സർവശക്തനായ ദൈവം, സൈന്യങ്ങളുടെ ദൈവം, കാണുന്നവൻ, പരമമായവൻ, കൊടിയായ ദൈവം തുടങ്ങിയവ ഉദാഹരണം. നൂറ്റാണ്ടുകൾക്ക് ശേഷം ആറാം നൂറ്റാണ്ടിൽ ബാബിലോണിൽ അടിമകളായി എത്തിയ മോസസമൂഹത്തിന്റെ പിൻതലമുറക്കാരും പഴയ രേഖകളും വായ്മൊഴിപാരമ്പര്യങ്ങളും ശേഖരിച്ച് ഭാവിതലമുറകൾക്കുവേണ്ടി സംരക്ഷിച്ച് രേഖാരൂപത്തിലാക്കിയപ്പോഴും ഈ ധാരണയിൽ തന്നെയാണ് ദൈവത്തെ വിശദീകരിച്ചത്. അല്ലായിരുന്നു എങ്കിൽ മുൻപറഞ്ഞ ഭാവികാല രൂപത്തിലുള്ള പ്രയോഗം അവർ തിരുത്തുമായിരുന്നു. ഇതുമൂലം യഹൂദരുടെ വിശുദ്ധ ഗ്രന്ഥത്തിൽ അതിപ്പോഴും അങ്ങിനെതന്നെ നിലനിൽക്കുന്നു. ഇതിലൂടെ അവർ പറയാൻ ശ്രമിച്ചത് ദൈവത്തിന് സംജ്ഞാനാമമില്ല, ദൈവം അറിയപ്പെടേണ്ടത് ഗോത്രത്തിന്റെയും (അഥവാ ആരാധക സമൂഹത്തിന്റെ) അവരുടെ നേതൃത്വത്തിന്റെയും അനുഭവത്തിലൂടെയുമായിരിക്കണം എന്നാണ്. ബാബിലോണിൽ നിന്നും ഇവരിൽ കുറെപ്പേർ തിരിച്ചെത്തി ചെറിയൊരു സമൂഹമായി പുനഃസ്ഥാപിക്കപ്പെട്ടു എങ്കിലും വിദേശരാജ്യങ്ങളുടെ രാഷ്ട്രീയാടിമത്തത്തിൽ നിന്ന് സ്വന്തം മതത്തിലെ പൗരോഹിത്യ നേതൃത്വത്തിന്റെ മതാടിമത്തത്തിൽ നിന്നോ ഒരിക്കലും സാധാരണ ജനം വിമോചിതമായില്ല. എന്നാൽ ദൈവത്തിന്റെ പേരായി വിശേഷിപ്പിക്കപ്പെട്ടിരുന്ന “യഹോവ” എന്നത് അതിവിശുദ്ധവും ഉച്ഛരിക്കാൻ വിലക്കുള്ളതും ആണ് എന്നും അതിനാൽ നാഥൻ എന്നർത്ഥം വരുന്ന “അദോനായ്” എന്ന വാക്കിന്റെ വ്യജ്ഞനരൂപത്തോട് യഹോവ എന്നതിന്റെ സ്വരരൂപങ്ങൾ ചേർത്ത് എഴുതാനും വായിക്കാനും നിർദ്ദേശിക്കുകയും ചെയ്ത സമൂഹത്തിലെ പണ്ഡിത വർഗം. ഇതിലൂടെ എല്ലാം മനസിലാകുന്നത് യഹൂദാ സമൂഹത്തെ സംബന്ധിച്ചിടത്തോളം ദൈവത്തിന് പേരില്ല, പേരുപയോഗിച്ച് വ്യവഹാരവുമില്ല, മറിച്ച് ഉള്ള വ്യവഹാരം മനുഷ്യജീവിതത്തോട് ചേർന്നും തലമുറകളെ സ്പർശിക്കുന്ന വിധത്തിലുമാണ് എന്നാണ്.

ഏതെങ്കിലും ഒരു പേരിനെയൊ ധാരണയെയോ സ്ഥലത്തെയൊ അടിസ്ഥാനമാക്കിയുള്ള ഏതൊരു ദൈവവിചാരവും ഏകപക്ഷീയവും താലിബാൻ ശൈലിയിലുള്ളതും അപകടകരവുമാണ് എന്നാണ് ഈ സമൂഹത്തിന്റെ ചരിത്രം സാക്ഷിക്കുന്ന ദൈവബോധത്തിൽ നിന്നും നാം ഗ്രഹിക്കുന്നത്. യഹൂദാ പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ഉത്ഭവിച്ച ക്രൈസ്തവ സമൂഹത്തിനൊ ആ സമൂഹത്തിന്റെ ദൈവവിചാരത്തിനൊ ദൈവത്തിന്റേത് എന്ന ഭാവത്തിൽ ഏതെങ്കിലും ഒരു പേരിൽ, അത് ഈശോ എന്നൊ യേശു എന്നൊ ഏതായാലും അഭിമാനം കൊള്ളുന്നതൊ അഹങ്കരിക്കുന്നതൊ അഭികാമ്യമല്ല എന്ന് അറിയാൻ ഈ പഴമയുടെ പരിശോധനയും പഠനവും മതി എന്നിരിക്കെ പക്ഷെ അത് നമ്മുടെ നേതാക്കളുടെ ധാരണയിലേക്കെത്താനും ദൈവത്തിന്റെ പേരിന്റെ പേരിൽ സമൂഹത്തിൽ വേർപിരിവുണ്ടാക്കുന്നത് അവസാനിപ്പിക്കാനും ഇനിയും എത്രനാൾ കാത്തിരിക്കണം എന്നതാണ് ആകുലപ്പെടുത്തുന്ന ചോദ്യം! ഇങ്ങനെ ഒരു കാത്തിരിപ്പ് ഉണ്ടാകില്ല എന്നും, ഒരു സംജ്ഞാനാമത്തിൽ ദൈവം വിശേഷിപ്പിക്കപ്പെടും എന്നും അതിന്റെ പേരിൽ സമൂഹത്തിൽ സ്പർധ ഉണ്ടാക്കാൻ ശ്രമമുണ്ടാകും എന്നും മുൻകൂട്ടി കണ്ടതുപോലെ ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ മത്തായി സുവിശേഷകൻ ജനിക്കാനിരിക്കുന്ന ദൈവസന്തതിക്ക് “ദൈവം നമ്മോടുകൂടെ” എന്ന അർത്ഥത്തിൽ ഇമ്മാനുവേൽ എന്ന പേരാണ് നിർദ്ദേശിച്ചത്. അതും പഴയ ഇസ്രയേല്യ പാരമ്പര്യത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചെയ്തത് എന്നത് തികച്ചും ശ്രദ്ധേയമാണ്. എന്നാൽ ഇമ്മാനുവേൽ എന്ന പേരും ആരും ക്രിസ്തുവിനെ സംബോധന ചെയ്യാൻ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവാകട്ടെ തന്റെ സർവലോക‑സർവകാല മനുഷ്യവർഗത്തോടുള്ള പ്രതിബദ്ധതയിലും ഐക്യദാർഢ്യത്തിലും സ്വയം വിശേഷിപ്പിച്ചത് “മനുഷ്യപുത്രൻ” എന്നാണ്. അതുകൂടാതെ താൻ തന്നെക്കുറിച്ചുള്ള വിശേഷണത്തിൽ അംഗീകരിച്ച ഏക സംജ്ഞാനാമം തന്റെ വിമോചനാത്മകമായ നിയോഗത്തെ സൂചിപ്പിക്കുന്ന “മിശിഹാ” അഥവാ “അഭിഷിക്തൻ’ എന്നതായിരുന്നു (പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം). അല്ലെങ്കിൽക്കൂടെ പ്രാതിഭാസികമായി പറഞ്ഞാൽ ദൈവത്തിനൊരു പേരുണ്ടെന്നും ദൈവത്തെ പേരുചൊല്ലി വിളിക്കാം എന്നും പറയുന്നത് ദൈവത്ത തുച്ഛീകരിക്കലാവില്ലെ? കാരണം പേരിട്ട് വിളിക്കുക എന്നാൽ വരുതിയിലാക്കുക എന്നാണല്ലോ വിവക്ഷ. ദൈവത്തെ വിശേഷണങ്ങളിലൂടെ അറിയുകയും അറിയിക്കുകയുമല്ലാതെ അധീശത്തിലാക്കാൻ ഒരു ദൈവവിശ്വാസിക്ക് പറ്റുമോ? കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കെ ഏറ്റവും സാക്ഷരതയുള്ളവർ എന്നഭിമാനിക്കുന്ന കേരളത്തിലെ, “തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്നാഹ്വാനം ചെയ്തവന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇട്ട പേര്, അക്കാലത്തും ഇക്കാലത്തും ഒത്തിരി മനുഷ്യർക്കും പിന്നെ ഇക്കാലത്ത് അനേക വ്യാപാരസ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും ഒക്കെ തികച്ചും സ്വതന്ത്രമായി ഉപയോഗിക്കുന്ന പേര്, ഒരു സിനിമക്കിട്ടു എന്ന് പറഞ്ഞ് സമൂഹത്തിൽ കോളിളക്കം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്ന ചോദ്യം ഉന്നയിക്കേണ്ടിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.