മോഡിയുടെ ‘നമോ ടി വി’ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ

Web Desk
Posted on April 04, 2019, 3:46 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ആരംഭിച്ച നമോ ടി വി പ്രവര്‍ത്തിക്കുന്നത് അനുമതി ഇല്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. നമോ ടി വിക്ക് അനുമതിയില്ലെന്ന് മാത്രമല്ല അതിനുവേണ്ടി അപേക്ഷ പോലും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടില്ല. വാര്‍ത്താ വിതരണ നിയമങ്ങള്‍ പാലിക്കാതെയും വേണ്ടത്ര സുരക്ഷ ഇല്ലാതെയുമാണ് ഒരാഴ്ചയായി ചാനല്‍ പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര മോഡിയുടെ എല്ലാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലാണ് നമോ ടി വി.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ചാനല്‍ സര്‍ക്കാരിന്‍റെയോ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെയോ അനുമതിയില്ലാതെ, അതിനു അപേക്ഷിക്കുക പോലും ചെയ്യാതെ സംപ്രേഷണം ആരംഭിക്കുന്നത്. വാര്‍ത്ത ചാനലാണോ വിനോദത്തിനായാണോ എന്ന് തരം തിരിക്കാനോ അതുവഴി സര്‍ക്കാരില്‍ സെക്യൂരിറ്റി തുക അടക്കാനോ തയ്യാറായിട്ടില്ല. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ അനുമതി നല്‍കിയിട്ടുള്ള 31 ചാനലുകളുടെ പട്ടികയില്‍ നമോ ടി വി ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും നമോ ടി വി ലഭ്യമാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം തേടുകയായിരുന്നു. ഇതിനു മറുപടിയായാണ് ചാനലിന്‍റെ സംപ്രേഷണം തടയില്ലെന്ന് വാര്‍ത്താ വിതരണമന്ത്രാലയം അറിയിച്ചിട്ടുള്ളത്. അതേസമയം, നമോ ടിവിയുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതേ പേരിലുള്ള വെബ്‌സൈറ്റിന്‍റെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതന്‍ എന്ന പേരിലാണ്.