നാനാ പടേക്കര്‍ക്കെതിരായ മീടൂ: അന്വേഷണം തുടരാനാവില്ലെന്ന് പൊലീസ്

Web Desk
Posted on June 13, 2019, 9:13 pm

മുംബൈ: നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. അതിനാല്‍ അന്വേഷണം തുടരാനാവില്ലെന്നും പൊലീസ് അറിയിച്ചു. തെളിവുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പൊലീസ് സമര്‍പ്പിക്കുന്ന ‘ബി സമ്മറി’ റിപ്പോര്‍ട്ടാണ് ഈ കേസിലും സമര്‍പ്പിച്ചിരിക്കുന്നത്.
2008ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടികാരണം മുന്നോട്ടുവരുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നു തനുശ്രീ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
തനുശ്രീയുടെ പരാതി വേണ്ടരീതിയില്‍ പരിഗണിക്കാത്തതില്‍ സിനിമ, ടിവി അഭിനേതാക്കളുടെ സംഘടനയായ ‘സിന്റ’ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ നേരത്തേതന്നെ മാപ്പുപറഞ്ഞിട്ടുള്ളതായും സിന്റ സീനിയര്‍ ജോയന്റ് സെക്രട്ടറി അമിത് ബെഹ്ല് വ്യക്തമാക്കിയിരുന്നു.പരാതി ലഭിച്ചപ്പോള്‍ പരിഗണിച്ചത് അതിന്റെ സാമ്പത്തികവശം മാത്രമാണ്. ലൈംഗികാരോപണത്തെക്കുറിച്ച് പരിശോധിച്ചില്ല. വിഷയത്തില്‍ നടപടിയെടുക്കുന്നതിന് തനുശ്രീ പുതിയ പരാതിനല്‍കണം. ലൈംഗികാരോപണം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഒരു ഉപസമിതി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളിലാണെന്ന് അമിത് ബെഹ്ല് അറിയിച്ചു.

നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്ക് എതിരെ നടി രാഖി സാവന്ത് പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ തനുശ്രീ 10 കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.  സംഭവത്തില്‍ രാഖി മറുപടി പറഞ്ഞില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും താരത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. തനുശ്രീയുടെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ രാഖി ശ്രമിക്കുകയാണെന്നും ഇതിനെതിരെ ക്രിമിനല്‍, സിവില്‍ പരാതി നല്‍കിയതായും തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സത്പുത് പറഞ്ഞു. രാഖി ഇതിന് മറുപടി പറഞ്ഞില്ലെങ്കില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെടുമെന്നും അഭിഭാഷകന്‍ പറഞ്ഞു. തനുശ്രീ നുണ പറയുകയായിരുന്നെന്നും അമേരിക്കയില്‍ മയക്കുമരുന്ന് ഉപയോഗിച്ചു കൊണ്ടാണ് തനുശ്രീ ജീവിക്കുന്നതെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.