May 28, 2023 Sunday

കാര്‍ത്തികദീപത്തിലെ ടൈറ്റില്‍ ഗാനവുമായി നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റം

Janayugom Webdesk
കൊച്ചി
July 9, 2020 8:48 pm

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന കാര്‍ത്തികദീപം എന്ന പരമ്പരയുടെ ടൈറ്റില്‍ ഗാനം ആലപിച്ചാണ് 60കാരിയായ നഞ്ചമ്മ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ മിനി സ്‌ക്രീന്‍ അരങ്ങേറ്റവും നഞ്ചിയമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിക്കുന്ന ഈ ഗാനത്തിലൂടെയാണ് എന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ സീ കേരളം അവതരിപ്പിച്ച ഈ നഞ്ചമ്മയുടെ പുതിയ ഗാനം തരംഗമായി മാറി. നേരത്തെ സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ പ്രത്യേക അതിഥിയായി എത്തിച്ച് സീ കേരളം നഞ്ചമ്മയെ ആദരിച്ചിരുന്നു.

അട്ടപ്പാടി ആദിവാസി മേഖലയിലെ നക്കുപതി പിരിവ് ഊര് സ്വദേശിനിയായ നഞ്ചമ്മ, കേരളത്തിലൂടനീളവും പുറത്തും സംഗീത, നാടക പരിപാടികള്‍ അവതരിപ്പിക്കുന്ന ആസാദ് കലാ സമിതിയിലെ സജീവ അംഗം കൂടിയാണ്.

വിധിയെ മറകടക്കാന്‍ പൊരുതുന്ന ഒരു അനാഥ പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് ജൂലൈ 13 മുതല്‍ സീ കേരളം പ്രക്ഷേപണം ചെയ്യുന്ന കാര്‍ത്തികദീപം. സ്‌നിഷ ചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവേക് ഗോപന്‍ ആണ് നായകന്‍. നടന്‍ യദു കൃഷ്ണന്‍ ഒരിടവേളയ്ക്കു ശേഷം കാര്‍ത്തികദീപത്തിലൂടെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

നഞ്ചമ്മ ആലപിച്ച ഗാനം:    https://www.facebook.com/ZeeKeralam/videos/1734652303364187/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.