രമ്യ മേനോൻ

February 15, 2020, 4:40 am

കാടു പൂക്കുന്ന പാട്ട്

Janayugom Online

നഞ്ചിയമ്മ വളരെ പെട്ടെന്നാണ് എല്ലാ മലയാളി മനസ്സിലും ഇടംനേടിയത്. ‘കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്‌…’’ എന്ന ഒറ്റപ്പാട്ടുമതി, പല്ലില്ലാത്ത ആ നിഷ്കളങ്കമായ ചിരി നമുക്കോർത്തെടുക്കാൻ. ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഉള്ളിൽനിന്നാണ്‌ ആ പാട്ട്‌ ചുരമിറങ്ങി തുടങ്ങിയത്‌. എഴുതാനറിയാത്ത നഞ്ചിയമ്മ അതിന്റെ വരികളും ഈണവും കുറിച്ചതും സൂക്ഷിച്ചുവെച്ചതും മനസ്സിനുള്ളിൽത്തന്നെയാണ്. പുതുതായി ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മയ്ക്കുമാത്രമായി ഒരിടംതന്നെയുണ്ടെന്ന് അവരുടെ പാട്ടുകൾ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

കുട്ടിക്കാലത്ത് കേട്ടുപഠിച്ച പാട്ടുകളാണ് നഞ്ചിയമ്മയുടെ സ്വത്ത്. വയലേലകളിലും തൊടികളിലും കാട്ടിടവഴികളിലും പാടിനടന്ന നഞ്ചിയമ്മ പിന്നീട് സ്വന്തമായി പാട്ടുകളുണ്ടാക്കി. ഒരിടത്തിരുന്നുമാത്രം ഈണങ്ങൾ ചിട്ടപ്പെടുത്തുന്ന ഇന്നത്തെ ഗാനശാഖ അറിയണം, നഞ്ചിയമ്മയ്ക്ക് പാട്ട് സ്വസ്ഥമായി ഇരിക്കുമ്പോൾ മാത്രമല്ല, ജോലി ചെയ്യുമ്പോഴും കൂട്ടിനുണ്ട്. അപ്പോഴെല്ലാം അവർ വരികളുണ്ടാക്കുകയും ഈണം ചിട്ടപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. നഞ്ചപ്പനായിരുന്നു ന‍ഞ്ചിയമ്മയുടെ ഭർത്താവ്. ശ്യാമും ശാലിനിയും രണ്ടു മക്കളാണിവർക്ക് ചെന്നൈയിലെ ബിഎസ്എൻഎൽ കസ്റ്റമർ കെയറിലാണ് ശ്യാമിനു ജോലി. ശാലിനി തമിഴ്നാട്ടിലാണ്.

വളരെ മുമ്പ് തന്നെ നഞ്ചിയമ്മ എന്ന പേര് പല ആവർത്തി ലോകം കേട്ടിട്ടുണ്ട്. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയായ അഹാഡ്സിന്റെ ജീവനക്കാരനായ പഴനിസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആസാദ് കലാസമിതിയില്‍ 2005ൽ അവർ പാടിയിരുന്നു. റാസി മുഹമ്മദ് സംവിധാനംചെയ്‌ത, 2017ൽ സംസ്ഥാന അവാർഡ് നേടിയ ‘വെളുത്ത രാത്രികൾ’ എന്ന സിനിമയിൽ അഞ്ച് പാട്ടുകൾ നഞ്ചിയമ്മയുടേയതായുണ്ട്‌. ‘അഗ്ഗെദ് നയാഗ’ എന്ന ഹ്രസ്വ ചിത്രത്തിലും പാടി. 2009 ൽ ആദിവാസിപ്പാട്ട് വിഭാഗത്തിൽ സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ അവാർ­­ഡും നേടിയിരുന്നു നഞ്ചിയമ്മ. ഈണങ്ങൾ പകർത്തുന്നത് ഒരത്ഭുതമാകാത്ത ഇക്കാലത്ത് തന്റെ വാമോഴിപ്പാട്ടുകളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നഞ്ചിയമ്മ അത് മറ്റൊരു ഭാഷയ്ക്കും നൽകാൻ തയ്യാറല്ല. വില്പനയ്ക്കുവെയ്ക്കാത്ത പാട്ടുകളിലാണ് ന‍ഞ്ചിയമ്മയുടെ ജീവൻ. ജീവിതവും സന്ദേശവും അതുതന്നെ.

Eng­lish sum­ma­ry: nanchiyam­ma song