നങ്ങേലിയമ്മ

Web Desk
Posted on March 17, 2019, 7:49 am

അനില്‍ നീണ്ടകര

ഇന്നു കൃഷ്ണാഷ്ടമി ഘോഷയാത്ര
മുറ്റം കുലുക്കിക്കടന്നുപോകെ,
കൃഷ്ണതുളസിപ്പൂ മാത്രം ചൂടും
നങ്ങേലിയമ്മയെ ഓര്‍മ്മവന്നു.

ഭാഗവതമന്നു തൊട്ടിട്ടില്ല.
മാന്ത്രികഗീതയില്‍ നീന്തിയില്ല.
അമ്പാടിച്ചെക്കനെ കണ്ടതെല്ലാം
നങ്ങേലിയമ്മേടെ കണ്ണിലൂടെ.
ഞാനും മണിയനുമന്നവര്‍ക്ക്
വേര്‍തിരിവില്ലാത്ത മക്കളല്ലേ?
കായലോരത്തെയാ ഉപ്പുകാറ്റില്‍
കട്ട ദ്രവിക്കുന്ന കൊച്ചുവീട്ടില്‍
സ്‌നേഹകാരുണ്യങ്ങള്‍ കൊണ്ടുമാത്രം
ജീവിതം സമ്പൂര്‍ണ്ണമായൊരമ്മ.

ഭിത്തിയില്‍ ചിത്രങ്ങള്‍ തൂക്കിയില്ല.
ശില്പമായ് കൃഷ്ണനെ വച്ചുമില്ല.
ഉള്ളിന്റെയുള്ളില്‍ പ്രകാശമായി
ഉണ്ണിഗോപാലന്‍ വിളങ്ങിനിന്നു.
ആരിലുമന്‍പ് ചൊരിയുവാനും
വ്യാജമകന്നു വസിക്കുവാനും
പ്രേരണ നല്കുന്ന ശക്തിയായി
സ്‌നേഹസ്വരൂപന്‍ നിറഞ്ഞുനിന്നു.

ഇത്തിരിയുള്ളൊരു മുറ്റമാകെ
കൃഷ്ണതുളസി തളിര്‍ത്തുനിന്നു.
നങ്ങേലിയമ്മേടെ ശ്വാസംപോലും
കൃഷ്ണതുളസി മണത്തിരുന്നു.

ഞാനും മണിയനും പൂഴിമണ്ണില്‍
ചാടിമറിഞ്ഞു വിയര്‍ത്തു വന്നാല്‍
പുല്പാ വിരിച്ചു വിളമ്പിവയ്ക്കും
കുത്തരിക്കഞ്ഞിയുമുപ്പുമാങ്ങേം.

ആയുപ്പുമന്നവും സ്‌നേഹവായ്പും
ജീവിതദര്‍ശനസൗരഭ്യവും
രൂപീകരിച്ചതാണെന്റെയുള്ളം.
ശുദ്ധീകരിച്ചതാണെന്റെ ജീവന്‍.

ഇന്നു കൃഷ്ണാഷ്ടമി ഘോഷയാത്ര
മുറ്റം കുലുക്കിക്കടന്നുപോകെ
ഒന്നുമറിയാത്ത പിഞ്ചുനാവില്‍
വംശവിദ്വേഷത്തെറി തിമിര്‍ക്കെ,
ജാലകവാതിലടയ്ക്കുന്നു ഞാന്‍.
ജീവന്റെ കണ്ണീരൊതുക്കുന്നു ഞാന്‍.

സ്‌നേഹക്ഷയത്തിന്റെ പട്ടടയില്‍
ചാരമാകുന്നു നങ്ങേലിയമ്മ.