20 April 2024, Saturday

ഷക്കീല ചിത്രങ്ങൾ അരങ്ങുവാണ ഓല ടാക്കീസുകൾ ഓർമ്മ മാത്രം: പുതിയ കാലത്ത് നാൻസിയുമായി യെസ്മാ ഒടിടി

Janayugom Webdesk
August 6, 2022 3:28 pm

കോഴിക്കോട്: ഒരു കാലത്ത് കേരളത്തിലെ സിനിമാ ടാക്കീസുകളെ അടച്ചുപൂട്ടാതെ സംരക്ഷിച്ചത് ഷക്കീലയുടെ ചിത്രങ്ങളായിരുന്നു എന്ന് പറയാറുണ്ട്. കിന്നാരത്തുമ്പികൾ, ആലിലത്തോണി, എണ്ണത്തോണി, താഴ് വര എന്നിങ്ങനെ കുറഞ്ഞ ചെലവിൽ തട്ടിക്കൂട്ടിയ ചിത്രങ്ങൾ ഒരുകാലത്ത് ഓലമേഞ്ഞ കൊട്ടകകളിൽ നിറഞ്ഞോടി. മലയാളത്തിലെ പല പ്രമുഖ താരങ്ങൾ ഇത്തരം ചിത്രങ്ങളിൽ പങ്കാളികളായിട്ടുണ്ടെങ്കിലും ഈ സിനിമകളൊന്നും നടൻമാരെയല്ല, നടിമാരെയും അവരുടെ ശരീരങ്ങളെയുമാണ് കച്ചവടമാക്കിയത്. തുടർന്നിങ്ങോട്ട് കുറേക്കാലം ഷക്കീല ഉൾപ്പെടെയുള്ള അഭിനേത്രികളുടെ നഗ്നത മാത്രം മുൻനിർത്തി ഒരുക്കിയ ചിത്രങ്ങൾ മലയാളി പുരുഷനിലെ ഒളിഞ്ഞു നോട്ടക്കാരനെ തൃപ്തിപ്പെടുത്തി.

കാലക്രമത്തിൽ ടാക്കീസുകൾ പലതും അടച്ചുപൂട്ടുകയും ബാക്കിയുള്ള തിയേറ്ററുകൾ നവീകരിക്കുകയും ചെയ്തതോടെ ഇത്തരം ചിത്രങ്ങളും അവസാനിച്ചു. എന്നാലിതാ ഒടിടിയുടെ കാലത്ത് പുതിയ വഴികൾ തേടുകയാണ് ഇത്തരം ചിത്രങ്ങളൊരുക്കുന്നവർ. മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ എന്ന പ്രഖ്യാപനത്തോടെയാണ് ‘യെസ്മാ’ എന്ന ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്.

ലക്ഷ്മി ദീപ്ത സംവിധാനം ചെയ്ത നാൻസി എന്ന ചിത്രമാണ് ഒടിടിയിൽ ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുള്ളവർ മാത്രമെ കാണാവൂ എന്ന നിർദ്ദേശത്തോടെയാണ് സിനിമ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞാണ് അഡൾട്ട് ഒൺലി സിനിമകൾക്ക് മാത്രമായി ഇത്തരമൊരിടം യെസ്മായിലൂടെ തുറക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് മലയാളത്തിലും പരീക്ഷണം നടത്താൻ ആര്യനന്ദ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ പ്രേരിപ്പിച്ചത്.

ഭർത്താവ് അടുത്തില്ലാത്ത ഭാര്യയുടെ ഏകാന്തത, മുതിർന്ന സ്ത്രീക്ക് കൗമാരക്കാരനോട് തോന്നുന്ന രതിയിലധിഷ്ഠിതമായ പ്രണയം തുടങ്ങിയ പഴയകാല സോഫ്റ്റ് പോൺ ചിത്രങ്ങളുടെ മാതൃക തന്നെയാണ് നാൻസിയും പിന്തുടരുന്നതെന്ന് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നു. ഭർത്താവ് ഭാര്യയെ വഞ്ചിക്കുന്നതും ഭാര്യയുടെ പതിവ് ഒറ്റപ്പെടലുമൊക്കെ തന്നെയാണ് നാൻസിയുടെയും പ്രമേയം. ഇതേ സമയം നാൻസിയെ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും വെറും അരമണിക്കൂറിൽ താഴെ മാത്രമാണ് ഇതിന്റെ ദൈർഘ്യമെന്നും ചിത്രം കണ്ടവർ പറയുന്നു. അഞ്ജന, ഏഞ്ചലീന, ജയകൃഷ്ണൻ, സജ്ന സാജ് തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അമൻ ആണ് ക്യാമറ. ഇതേ സമയം അഡൽട്ട് ഒൺലി എന്ന് പറഞ്ഞ് പുറത്തിറക്കിയ സിനിമയിൽ കാര്യമായ നഗ്നതാ പ്രദർശനമോ ലൈംഗിക രംഗങ്ങളോ ഇല്ലെന്നും പലരും വ്യക്തമാക്കുന്നുണ്ട്. ഡബ്ബിംഗ് ഉൾപ്പെടെ ബോറാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. വെബ് സീരീസ് പോലെ നാൻസിയുടെ തുടർ ഭാഗങ്ങൾ വരുമെന്നും സെലിന്റെ ട്യൂഷൻ ക്ലാസ് എന്ന ചിത്രം ഉടൻ പുറത്തുവരുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ലക്ഷ്മി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

യെസ്മാ പ്ലാറ്റ്ഫോമിന്റെ ഒരു മാസത്തെ സബ്സ്ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.