12 June 2024, Wednesday

Related news

June 12, 2024
June 11, 2024
June 8, 2024
June 5, 2024
June 1, 2024
May 31, 2024
May 30, 2024
May 28, 2024
May 27, 2024
May 25, 2024

ഉദ്ധവ് താക്കറെയുടെ മുഖത്തടിക്കണമെന്ന വിവാദ പരാമര്‍ശം; അറസ്റ്റിലായ കേന്ദ്രമന്ത്രിയെ കോടതിയില്‍ ഹാജരാക്കി

Janayugom Webdesk
മുംബൈ
August 24, 2021 10:27 pm

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുഖത്തടിക്കണമെന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ കോടതിയില്‍ ഹാജരാക്കി. മഹദ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തില്‍ റാണെ ഉദ്ധവിനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തത്. രത്നഗിരി ജില്ലയിലെ സംഗമേശ്വരത്തുവച്ചായിരുന്നു കേന്ദ്രമന്ത്രിയെ അറസ്റ്റ്.

സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ധവ് വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും ആരോപിച്ച റാണെ താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണം നോക്കി അടിക്കുമായിരുന്നെന്നുമാണ് പറഞ്ഞത്. പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നാസിക് പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും കോടതിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ജന്‍ ആശിര്‍വാദ് യാത്രയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന റാണെയെ റാലിക്കിടെ തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തി. അതിനിടെ മുന്‍കൂര്‍ജാമ്യം തേടിയും അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന റാണെയുടെ അപേക്ഷ ഹൈക്കോടതി നിരാകരിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ശിവസേനയിൽ ബാൽ താക്കറെയുടെ വലംകയ്യായിരുന്ന റാണെ ശിവസേന‑ബിജെപി സർക്കാർ നിലവിൽ വന്ന 1995ൽ അവസാന ആറുമാസം മുഖ്യമന്ത്രിയായിരുന്നു. തുടർന്ന് ശിവസേന വിട്ട റാണെ പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേർന്ന അടുത്ത ദിവസം തന്നെ സംസ്ഥാന റവന്യു മന്ത്രിയായി നിയമിതനായി. അവഗണന ആരോപിച്ച് 2017 ലാണ് റാണെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേരുന്നത്.

ഈ അടുത്ത് നടന്ന മന്ത്രിസഭ വികസനത്തിലാണ് കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചത്. ചെറുകിട — ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് റാണെ.

ശിവസേന — ബിജെപി സംഘര്‍ഷം

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ കേന്ദ്ര മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ ശിവസേന പ്രതിഷേധവും അതിനെ നേരിടാനുള്ള ബിജെപി ശ്രമവും പലയിടങ്ങളിലും സംഘര്‍ഷാവസ്ഥസൃഷ്ടിച്ചു.

പടിഞ്ഞാറന്‍ സാന്താക്രൂസിലെ റാണെയുടെ വസതിക്കു സമീപം ജൂഹു — താരാ റോഡില്‍ കുത്തിയിരുന്ന് ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പരസ്പരം കല്ലേറുണ്ടായതായും സംഘര്‍ഷം ശമിപ്പിക്കുവാന്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും പൊലീസ് അറിയിച്ചു. റാണെയുടെ വസതിക്ക് സുരക്ഷശക്തമാക്കിയിരിക്കുകയാണ്. രത്നഗിരി ജില്ലയിലെ ചിപ്ലുനിലും നാഗ്പൂരിലും ഇരുവിഭാഗവും ഏറ്റുമുട്ടി. നാസിക്ക് പട്ടണത്തിലെ ബിജെപി ഓഫീസിന് നേരെ കല്ലേറുമുണ്ടായി.

റാണെയ്ക്കെതിരെ കോഴിക്കള്ളൻ എന്ന പേരിൽ പലയിടത്തും ശിവസേന പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചു. വർഷങ്ങൾക്ക് മുൻപ് റാണെ ചെമ്പൂരിൽ കോഴിക്കട നടത്തിയിരുന്നു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.