ദേവിക

വാതിൽപ്പഴുതിലൂടെ

March 23, 2020, 5:10 am

മോഡിയും മണിച്ചിത്രത്താഴും

Janayugom Online

പ്രധാനമന്ത്രി മോഡി കൊറോണ വെെറസ് വ്യാപനത്തിനെതിരെ രാജ്യത്തെ ഇന്നലെ മണിച്ചിത്രത്താഴിട്ടു പൂട്ടി, പതിനഞ്ചു മണിക്കൂര്‍ നേരത്തെ ജനതാകര്‍ഫ്യൂവിലൂടെ. പക്ഷേ ഇതു സംബന്ധിച്ച് അദ്ദേഹം ‘സബ്‌ദേശവാസിയോം, ഭായിയോം ബഹനോം’ എന്ന രാഷ്ട്രത്തോടുള്ള പ്രഭാഷണം കഴിഞ്ഞപ്പോള്‍ ‘മണിച്ചിത്രത്താഴ്’ എന്ന വിശ്രുത മലയാള സിനിമയിലെ പല ഡയലോഗുകളും ഓര്‍ത്തുപോയി. മോഡിയുടെ മാനസികാവസ്ഥയെക്കുറിച്ചു സംശയം തോന്നിപ്പിച്ച ഡയലോഗുകള്‍. സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ ഡയലോഗും ചിത്രവും പോലെ മോഡി നമ്മുടെ മുന്നില്‍ വന്നുനില്ക്കുന്നതു പോലെ. ‘എന്നെ ഒന്നു ശരിക്കും നോക്കിക്കേ…’ അതുകഴിഞ്ഞപ്പോള്‍ സിനിമയിലെ തന്നെ നെടുമുടി വേണുവിന്റെ മറ്റൊരു ഡയലോഗ് മോഡിയോടുള്ള ചോദ്യം പോലെയായി, ‘താനെന്തുവാടോ തലയും വാലുമില്ലാതെ പിന്നെയും ഓരോന്നു പറയുന്നത്.’ അതും കഴിഞ്ഞപ്പോള്‍ മോഹന്‍ലാലും തിലകനും തമ്മിലുള്ള മണിച്ചിത്രത്താഴിലെ സംഭാഷണം ഓര്‍മ്മയിലെത്തി.

അതും മോഡിയുടെ മാനസികാവസ്ഥയെക്കുറിച്ചാണോ. ‘സെെക്കോസിസിന്റെ പല അവസ്ഥാന്തരങ്ങള്‍ കേട്ടിട്ടുണ്ട്…’ മോഡിയുടെ ആഹ്വാനപ്രകാരം രാജ്യമാകെ ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി ഉറങ്ങും നേരം വരെ ജനതാകര്‍ഫ്യു ആചരിച്ചു. പൗരത്വനിയമത്തിനു പിന്നാലെ പൊലീസ് രാജിലൂടെ രാജ്യത്ത് ഒരിടത്തും കര്‍ഫ്യൂ നടപ്പാക്കാനാവാതെ വന്ന മോഡി ജനങ്ങള്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ ഈ കര്‍ഫ്യൂവിന് കൊറോണയോട് നന്ദി പറയണം. എന്നിട്ടും മോഡിയുടെ മൂക്കിന്റെ പാലത്തിനു താഴെയായ ഷഹീന്‍ബാഗില്‍ പൗരത്വനിയമവിരുദ്ധ പോരാളികള്‍ ആ മൂക്കിനുമേല്‍ കയറിയിരുന്നു മൂത്രമൊഴിച്ചു. കൊറോണയുടെ ഭീകരാവസ്ഥയുടെ പൊതുബോധ്യത്തിലാണ് ഇന്നലത്തെ ജനതാ കര്‍ഫ്യൂ വിജയമായത്. പക്ഷേ കര്‍ഫ്യൂവിന്റെ സമാപനം കുറിച്ചുകൊണ്ട് ജനം നടത്തേണ്ട കലാപരിപാടികളെക്കുറിച്ചുള്ള മോഡിയുടെ ആഹ്വാനം കേട്ടപ്പോഴാണ് കുതിരവട്ടം പപ്പുവിനെയും മോഹന്‍ലാലിനെയും തിലകനെയും സുരേഷ്ഗോപിയേയും ഓര്‍ത്തുപോയത്.

പാശ്ചാത്യരാജ്യങ്ങളിലും അടുത്തകാലത്ത് ഇന്ത്യയിലും പട്ടിണിമാര്‍ച്ചുകളില്‍ പങ്കെടുക്കുന്നവര്‍ ഒഴിഞ്ഞ പാത്രങ്ങള്‍ കൂട്ടിമുട്ടിയാണ് അണിചേരാറുള്ളത്. ജനതാ കര്‍ഫ്യൂവിന്റെ സമാപന മുഹൂര്‍ത്തത്തില്‍ അടുക്കളയിലെ പാത്രങ്ങള്‍ കൂട്ടിമുട്ടിയും കൊട്ടിയും പോരാഞ്ഞ് കയ്യടിച്ചും സംഭവം ഗംഭീരമാക്കണമെന്നാണ് മോഡി ആഹ്വാനിച്ചത്. മോഡിയുടെ വാക്കുകേട്ട് ഭര്‍ത്താക്കന്മാര്‍ അടുക്കളകള്‍ കയ്യേറി മീന്‍ ചട്ടികള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച് തല്ലിയുടയ്ക്കുകയും നിലത്തുകുത്തിയിരുന്ന് കയ്യടിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ഇന്ത്യന്‍ അടുക്കളകളില്‍ എന്തൊരു പുകിലായിരുന്നു ഇന്നലെ‍. ഒരു മുന്നറിയിപ്പുമില്ലാതെ ഭര്‍ത്താവ് അടുക്കളയിലെത്തി പാത്രങ്ങള്‍ കൂട്ടിയടിച്ച് ശബ്ദകോലാഹലമുണ്ടാക്കിയപ്പോള്‍ ഉണ്ടായ രംഗങ്ങളും മണിച്ചിത്രത്താഴിനു സമാനമായിരിന്നിട്ടുണ്ടാവാം. ഭര്‍ത്താവിന്റെ വിചിത്രസ്വഭാവം കണ്ട് ഭാര്യ മണിച്ചിത്രത്താഴില്‍ ഇന്നസെന്റിനെ നോക്കി കെപിഎസി ലളിത പറയുന്നതുപോലെയുള്ള ഡയലോഗുകളും ഉണ്ടായിരുന്നിരിക്കണം. ‘എടാ ദാസപ്പാ ഓടിവായോ, ഇതിയാന് എന്തുപറ്റി’ എന്ന് ഇന്നസെന്റിനെ നോക്കി അലമുറയിടുന്ന കെപിഎസി ലളിതയെപ്പോലെ. പാത്രങ്ങള്‍ തല്ലിച്ചതയ്ക്കുന്ന ഭര്‍ത്താക്കന്മാരെ കണ്ട് എത്രായിരം ഭാര്യമാരായിരിക്കണം കണവനു ഭ്രാന്താണെന്നു കരുതി ആകുലതയിലാണ്ടത്. ‘എടീ മോഡിജി പറഞ്ഞിട്ടാ ഇതൊക്കെ‘യെന്ന് ഭര്‍ത്താവ് വിശദീകരിക്കുമ്പോള്‍ ഭാര്യമാര്‍ പറഞ്ഞിട്ടുണ്ടാവും; ‘എന്റെ കൂടെ പൊറുക്കുന്നത് നിങ്ങളാണ്. മോഡിയല്ല.’ പല കലാപരിപാടികളും ദേശത്തോടുള്ള വചനഘോഷണമെന്ന മട്ടില്‍ വിളമ്പിയ മോഡിയുടെ പ്രസംഗത്തില്‍ ജനതാ കര്‍ഫ്യൂ എന്ന ചുളുവിലുള്ള പരിപാടിക്കപ്പുറം എന്തുണ്ടായി. പാത്രങ്ങള്‍ തല്ലിത്തകര്‍ത്ത് ഭ്രാന്തഭിനയിക്കാന്‍ പറഞ്ഞാല്‍ കൊറോണ വെെറസ് വിരണ്ടോടുമോ.

ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 3.27 ശതമാനമാണ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു നീക്കി വച്ചിട്ടുളളത്. കൊറോണ കാട്ടുതീ പോലെ പടര്‍ന്നുപിടിക്കുന്നതിനിടെ ഓരോ രാഷ്ട്രത്തലവന്മാരും ലക്ഷക്കണക്കിനു കോടി രൂപയുടെ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. മോഡി മാത്രം തന്റെ പ്രസംഗത്തില്‍ കൊറോണ വിരുദ്ധ പടയോട്ടത്തിനു കാലണ നീക്കി വച്ചതായി ഉരിയാടിയില്ല. പകരം മണിച്ചിത്രത്താഴിലെ ശോഭനയെപ്പോലെ പാത്രങ്ങള്‍ കൊട്ടി ‘ഉന്നെ നാന്‍ വിടമാട്ടേ’ എന്ന് വെെറസിനോട് ആക്രോശിക്കുന്നു. സിനിമയിലെ ഇന്നസെന്റിനെപ്പോലെ, ‘അടുക്കരുത്, അടുക്കക്കൂടാത്. ഞാന്‍ മോശക്കാരനിക്ക് മോശക്കാരന്‍’ എന്ന് കാലന്‍കുട ചൂണ്ടി പേടിപ്പിച്ചാല്‍ കൊറോണ വെെറസ് പേടിച്ചരണ്ട് പൊയ്ക്കോളും. എത്ര മഹാന്മാരിരുന്ന കസേരയിലാണ് മോഡിയും ഇരിക്കുന്നത്. മഹാസരസനായ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ ചോദിച്ചു, ഭഗവാനെന്തിനാ പാറാവെന്ന്. അമ്പലങ്ങളില്‍ സുരക്ഷാ ഭടന്മാരില്ലാത്തതിനാലാണ് ക്ഷേത്ര കവര്‍ച്ചകള്‍ നടക്കുന്നതെന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴായിരുന്നു നായനാരുടെ ഈ മറുപടി. അതിനുശേഷം എന്തെല്ലാം സംഭവിച്ചിരിക്കുന്നു. കൊറോണ എന്ന അസുരന്റെ എഴുന്നെള്ളത്തിനിടെ ദെെവങ്ങളെ രക്ഷിക്കാന്‍ ഭക്തര്‍ അമ്പലങ്ങള്‍ താഴിട്ടു പൂട്ടുന്നു. പ്രസാദമൂട്ടു പോലുമില്ലാതെ ദെെവങ്ങള്‍ പട്ടിണിയില്‍, മുസ്‌ലിം പള്ളികളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും അടച്ചിടുന്നു. എല്ലാം ദെെവങ്ങള്‍ സഹിക്കുന്നു. എല്ലാം സഹിക്കാം. ഭഗവാന് പാറാവു വേണ്ടെന്നു വയ്ക്കാം. ദേവീദേവന്മാര്‍ നിരാഹാരവും കിടക്കാം. പക്ഷേ കൊറോണയെ പേടിച്ച് ദെെവം മാസ്ക്കുകൂടി ധരിക്കണമെന്നു വന്നാലോ. മോഡിയുടെ വാരാണസിയിലെ വിശ്വനാഥ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളിലൊന്നായ പ്രഹ്ലാദേശ്വര്‍ ശിവക്ഷേത്രത്തിലെ വിഗ്രഹത്തെ കൃഷ്ണാനന്ദ് പാണ്ഡേ എന്ന പൂജാരി കൊറോണ പടരാതിരിക്കാനുള്ള മാസ്ക്കണിയിച്ചിരിക്കുന്നു.

അന്ധവിശ്വാസികളാണ് നമ്മുടെ പുരോഹിതരില്‍ സിംഹഭാഗവും. എന്നാല്‍ കൃഷ്ണാനന്ദ പാണ്ഡേ ഇവിടെ വ്യത്യസ്തനാവുന്നു. ദെെവത്തെ വിശ്വസിക്കുന്നവരാണ് ആരാധനയ്ക്കെത്തുന്നത്. ദെെവത്തിനും മുഖാവരണമണിയേണ്ട ഒരവസ്ഥയുണ്ടായിരിക്കുന്നുവെന്ന് ഭക്തര്‍ക്കും ബോധ്യപ്പെടാനാണ് ദെെവത്തെയും മാസ്ക് ധരിപ്പിച്ചതെന്ന് പൂജാരി പറയുന്നു. ജെെവമായ സാമാന്യബുദ്ധിയില്‍ കൃഷ്ണാനന്ദ് പാണ്ഡേ മോഡിയേക്കാള്‍ എത്രയോ അത്യുന്നതന്‍. ചൈനക്കാരെക്കുറിച്ച് തമാശകള്‍ ധാരാളം. ദേവിക ഒരിക്കല്‍ യുഎസില്‍ വിനോദസഞ്ചാരത്തിലായിരുന്നപ്പോള്‍ ടൂറിസ്റ്റ് ബസ് ഒരിടത്തു പെട്ടെന്നു നിര്‍ത്തി അമേരിക്കക്കാരനായ ഗെെഡ് പറഞ്ഞു, ഇതാണ് ചെെനാടൗണ്‍. അച്ഛനോ അമ്മയോ ഇല്ലാത്തവര്‍ക്ക് അവരെ വേണോ. അഞ്ചു മിനിറ്റിനകം അച്ഛന്‍ റെഡി. പക്ഷേ വീട്ടിലെത്തി ഒന്നുരണ്ടാഴ്ച കഴിയുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ് പിതാശ്രീ മൗത്താവുമെന്ന് ഗെെഡിന്റെ ഒരു മുന്നറിയിപ്പും. ലോകത്തെ എല്ലാ വിപണികളിലും വന്നുമറിയുന്നത് ചെെനീസ് വ്യാജ ഉല്പന്നങ്ങളാണ്. മുന്തിയ സുഗന്ധദ്രവ്യങ്ങളും സ്കോച്ചുവിസ്കിയുമടക്കം എല്ലാ അന്തര്‍ദേശീയ ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ക്കും ഡ്യൂപ്ലിക്കേറ്റുണ്ടാക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ ചെെനക്കാര്‍ ‘ആക്കിയ’ ഒരു ചിരിയോടെ പറയും. അതൊന്നും ഡ്യൂപ്ലിക്കേറ്റല്ല, ഒറിജിനലിന്റെ മോഡലുകളാണ്. ഈ മോഡലുകളെല്ലാം അല്പായുസുകളായിരിക്കും. സ്പ്രേ ആദ്യം ഒന്നു രണ്ടുതവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ തനി സ്പിരിറ്റിന്റെ ദുര്‍ഗന്ധം. റോളക്സ്, റാഡോ വാച്ചുകള്‍ ചെെനീസ് നിര്‍മ്മിതിയെങ്കില്‍ ആയുസ് രണ്ടാഴ്ച, ചെെനീസ് വ്യാജന്മാരെക്കുറിച്ചുള്ള ഈ ‘പ്രശസ്തി’ പുകള്‍പെറ്റതാണ്. എന്നാല്‍ തങ്ങള്‍ക്കെതിരായ ഈ അവമതി ചെെന തിരുത്തിയിരിക്കുന്നു. സ്വന്തം ഒറിജിനല്‍ തന്നെ ഉല്പാദിപ്പിച്ച് ലോകവിപണികളിലേയ്ക്ക് കയറ്റി അയച്ചിരിക്കുന്നു.

തങ്ങളുടെ ഒരുല്പന്നം ഇത്രയുംകാലം മാര്‍ക്കറ്റ് പിടിച്ചടക്കിയ ചരിത്രമില്ല. അല്പായുസല്ലാത്ത തനി ഒറിജിനല്‍ ഉല്പന്നം. ബ്രാന്‍ഡ് നെയിമുമുണ്ട്. കൊറോണ. മെയ്ഡ് ഇന്‍ വുഹാന്‍! രാജ്യസഭയിലേക്ക് ഓരോ രംഗങ്ങളിലും അതിപ്രശസ്തരായ വ്യക്തികളെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നതിനുള്ള യോഗ്യതകള്‍ തിരുത്തിക്കുറിച്ചിരിക്കുന്നു. ഇന്ത്യയുടെ പൂങ്കുയിലായ ലതാമങ്കേഷ്കര്‍, ക്രിക്കറ്റ് ദെെവമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ രാജ്യസഭാംഗങ്ങളായി നോമിനേറ്റു ചെയ്യപ്പെട്ടത് അവരുടെ അനുപമമായ കഴിവുകളുടെ അംഗീകാരമായിരുന്നു. ഇരുവര്‍ക്കും ഭാരതരത്നവും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു സമാനനായി ഒരാളെ രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു. മൂന്നു വെള്ളിയാഴ്ച മുമ്പ് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി റിട്ടയര്‍ ചെയ്ത രഞ്ജന്‍ ഗോഗോയ്. നാമനിര്‍ദേശത്തിനുള്ള സേവന പാരമ്പര്യങ്ങളില്‍ മണിയടി ഉത്തരവുകള്‍ മുതല്‍ ലെെംഗിക പീഡനങ്ങള്‍ വരെ ഗോഗോയിയുടെ തൊപ്പിയിലെ തൂവലുകള്‍.

അയോധ്യ, റഫേല്‍ അഴിമതി, ശബരിമല വിധികള്‍ സംഘപരിവാറിന് അനുകൂലമായി നടത്തിയതിനുള്ള പാരിതോഷികം. സുപ്രീംകോടതിയിലെ ജീവനക്കാരിയായ ജീരകപ്പൂവിന്റെ ഭംഗിയോലുന്ന ഒരു പെണ്ണിനെ വയസാംകാലത്ത് പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഈ വിരുതന്‍. ഇതു സംബന്ധിച്ച കേസ് ഗോഗോയിയുടെ സാന്നിധ്യത്തിലാണ് സുപ്രീംകോടതി ബെഞ്ച് പരിഗണിച്ചത്. ഗോഗോയ് കുറ്റവിമുക്തന്‍. കേസ് നല്കിയതിന് സസ്പെന്‍ഷനിലായ ജീവനക്കാരിക്ക് അന്നുതന്നെ പുനര്‍നിയമനം. ഇതിലധികം വേണോ മോഡി ഭരണത്തില്‍ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടാനുള്ള യോഗ്യത. ഉന്നാവോ ബലാല്‍സംഗ‑വധക്കേസ് പ്രതി കുല്‍ദീപ് സെന്‍ഗാര്‍, മുന്‍ കേന്ദ്രമന്ത്രിയും ബലാല്‍സംഗ കേസ് പ്രതിയുമായ സ്വാമി നിത്യാനന്ദ എന്നിവരുടെ രാജ്യസഭാ നോമിനേഷനുവേണ്ടി നമുക്കു കാത്തിരിക്കാം.