ഉര്‍ദുഗാന്റെ കശ്മീര്‍ പരാമര്‍ശം ; നരേന്ദ്ര മോഡി നടത്താനിരുന്ന തുര്‍ക്കി സന്ദര്‍ശനം വേണ്ടെന്നുവെച്ചു

Web Desk
Posted on October 20, 2019, 12:27 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്താനിരുന്ന തുര്‍ക്കി സന്ദര്‍ശനം വേണ്ടെന്നുവെച്ചതായി റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പിന്നിലെന്നാണ് അറിയുന്നത്. നീതി, ധര്‍മം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് കശ്മീരിലെ പ്രശ്‌നപരിഹാരത്തിന് അനിവാര്യമെന്നും അല്ലാതെ സംഘര്‍ഷമല്ലെന്നുമായിരുന്നു ഉര്‍ദുഗന്റെ പ്രസ്താവന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഉര്‍ദുഗാന്‍, പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ദക്ഷിണേഷ്യയുടെ സ്ഥിരതയെയും അഭിവൃദ്ധിയെയും കശ്മീര്‍ വിഷയത്തില്‍നിന്ന് വേര്‍പെടുത്താനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജപ്പാനിലെ ഒസാകയില്‍ ജൂണ്‍ അവസാനത്തോടെ നടന്ന മോദി-ഉര്‍ദുഗാന്‍ കൂടിക്കാഴ്ചയിലാണ് മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. ഈ വര്‍ഷം അവസാനത്തോടെ മോദി തുര്‍ക്കി സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനിക നടപടികളെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യ രംഗത്തെത്തിയതും ഉര്‍ദുഗാന്റെ നടപടിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാനാണെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.