ഇനി കയ്യിലും കഴുത്തിലുമൊക്കെ എത്ര സ്വർണ്ണം ധരിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും, മോദി വക വമ്പൻ പണി വരുന്നു

Web Desk
Posted on October 31, 2019, 3:18 pm

ന്യൂഡൽഹി: നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുമെന്നും മോദി സർക്കാർ. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വര്‍ണം സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കള്ളപ്പണം ഒളിപ്പിക്കാന്‍ അനധികൃതമായി സ്വര്‍ണം വാങ്ങിക്കൂട്ടിയവരെയാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്.

വെളിപ്പെടുത്തിയ സ്വര്‍ണത്തിന്റെ മൂല്യത്തിന് ആനുപാതികമായ നികുതിയടച്ച്‌, മറ്റ് ശിക്ഷകളില്‍ നിന്ന് രക്ഷനേടാം. നീതി ആയോഗിന്റെ നിര്‍ദ്ദിഷ്ട ദേശീയ സ്വര്‍ണനയത്തിലേക്കുള്ള ശുപാര്‍ശയാണ് ഗോള്‍ഡ് ആംനെസ്റ്റി.നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമര്‍പ്പിക്കണം. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ച്‌ നികുതി നല്‍കാനും വ്യക്തികളെ അനുവദിക്കു൦.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ നിയന്ത്രണ പരിധി എത്രയെന്നു പദ്ധതി പ്രകാരം നിശ്ചയിക്കും. നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം കൈവശംവയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കും . വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും.ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം നവീകരിക്കും.

സോവറിന്‍ ബോണ്ട് സ്കീം പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (എച്ച്‌യുഎഫ്) നാല് കിലോ വരെ സ്വര്‍ണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വര്‍ണം വാങ്ങാന്‍ ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാര്‍ഷിക കൂപ്പണും ഉണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യാം.