ദേശീയ ചെറുകിട നിക്ഷേപ സംവിധാനത്തെ തകര്‍ക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍

Web Desk
Posted on August 21, 2019, 11:23 am

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് പ്രീണനത്തിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കടക്കെണിയിലാക്കിയ ശേഷം ദേശീയ ചെറുകിട നിക്ഷേപ ( ദി നാഷണല്‍ സ്‌മോള്‍ സേവിങ്‌സ് ഫണ്ട് — എന്‍എസ്എസ്എഫ്) സംവിധാനത്തെ തകര്‍ക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍. കടക്കെണിയിലെന്ന് പ്രഖ്യാപിച്ച് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാന്‍ പട്ടിക തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താനാണ് എന്‍എസ്എസ്എഫിന്റെ പണം ഉപയോഗിക്കാനുള്ള തീരുമാനം. രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന തീരുമാനമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എന്‍എസ്എസ്എഫില്‍ നിന്നുള്ള വായ്പകളില്‍ 500 ശതമാനം വര്‍ധനയാണ് ഉണ്ടായത്. നേരത്തെ വായ്പകള്‍ എടുത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നുമില്ല. കേന്ദ്ര സര്‍ക്കാര്‍ എന്‍എസ്എസ്എഫ് നിക്ഷേപങ്ങള്‍ക്ക് പരോക്ഷമായി ഗ്യാരന്റി നല്‍കുന്നെങ്കിലും നിക്ഷേപകര്‍ ഇപ്പോഴും ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തുക എന്‍എസ്എസ്എഫില്‍ നിന്നും വായ്പകള്‍ അനുവദിക്കാനുള്ള തീരുമാനം.

2018–19ലെ ബജറ്റ് രേഖകള്‍ പ്രകാരം പാവപ്പെട്ട ജനങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും കോടികളാണ് കടക്കെണിയിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. എയര്‍ ഇന്ത്യ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ റെയില്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്റ് ടെക്‌നോളജി പ്രമോഷന്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ നല്‍കിയതായാണ് ബജറ്റ് രേഖകള്‍. ധനക്കമ്മി കുറച്ച് കാണിക്കുന്നതിനാണ് ഇത്തരത്തിലുള്ള വായ്പകള്‍ സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചെറുകിട നിക്ഷേപ ഫണ്ടില്‍ നിന്നും മറ്റ് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുമ്പോള്‍ ഏറെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ നിര്‍ദ്ദേശങ്ങള്‍ മോഡി സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി.

നിലവിലുള്ള കണക്കുകള്‍ പ്രകാരം 16.85 ലക്ഷം കോടി രൂപയാണ് എന്‍എസ്എസ് ഫണ്ടിലുള്ളത്. ഇതില്‍ നാലിലൊന്നും പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് വായ്പയായി അനുവദിച്ചിട്ടുണ്ട്. 2019–20 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 4.2 ലക്ഷം കോടിരൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. 2018–19ല്‍ ഇത് 3.6 ലക്ഷം കോടി, 2017–18ല്‍ 1.76 ലക്ഷം കോടി, 2016–17ല്‍ 0.7 ലക്ഷം കോടി രൂപയുമായിരുന്നു.
എന്‍എസ്എസ്എഫില്‍ നിന്നും വായ്പകള്‍ അനുവദിക്കാനുള്ള നീക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംഘപരിവാര്‍ അനുകൂല സംഘടനയായ ബിഎംഎസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ വ്യക്തമാക്കി. എന്‍എസ്എസ്എഫിന്റെ പണം വിനിയോഗിക്കുന്നതില്‍ ചട്ടങ്ങള്‍ പാലിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ധനമന്ത്രാലയം ഇനിയും പ്രതികരിച്ചിട്ടില്ല.
നേരത്തെ സംസ്ഥാന സര്‍ക്കാരുകളാണ് എന്‍എസ്എസ്എഫില്‍ നിന്നും വായ്പകള്‍ എടുത്തിരുന്നത്. എന്നാല്‍ ഇവര്‍ മൂലധനകമ്പോളത്തില്‍ വായ്പ എടുക്കാന്‍ തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍എസ്എസ്എഫില്‍ കൈകടത്താന്‍ തുടങ്ങിയതെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ സാമ്പത്തിക വിദഗ്ധന്‍ അനുഭൂതി സഹായ് വ്യക്തമാക്കി. ധനക്കമ്മി കുറച്ചുകാണിക്കുന്നതിന് ബജറ്റിതര വായ്പകള്‍ തരപ്പെടുത്തുന്ന മോഡി സര്‍ക്കാരിന്റെ തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഇടതുപാര്‍ട്ടികള്‍ പ്രതികരിച്ചു.