Tuesday
26 Mar 2019

നരേന്ദ്രമോഡി ദേശീയത പഠിച്ചത് ഹിറ്റ്‌ലറില്‍ നിന്ന്: ബിനോയ് വിശ്വം 

By: Web Desk | Friday 28 September 2018 10:30 PM IST


അനന്തപൂര്‍/ആന്ധ്രപ്രദേശ്: നരേന്ദ്രമോഡി ദേശീയത പഠിച്ചത് ഹിറ്റ്‌ലറില്‍ നിന്നാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി പറഞ്ഞു. ആന്ധ്രയിലെ അനന്തപൂരില്‍ എഐഎസ്എഫ് ദേശീയ സമ്മേളനം സോണി ബി തെങ്ങമം നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോഡിയേയും കൂട്ടരേയും ആവേശം കൊള്ളിക്കുന്ന ഗോള്‍വര്‍ക്കറുടെ വിചാരധാരയില്‍ ഫാസിസ്റ്റ് ജര്‍മനിയെക്കുറിച്ചുള്ള സ്തുതികള്‍ വേണ്ടുവോളം കാണാമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ഭരണകൂടം കരുക്കള്‍ നീക്കുമ്പോള്‍ അവരെ ചെറുത്തു തോല്‍പ്പിക്കലാണ് വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രധാന കടമ. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സുപ്രധാന പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളുമായി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കൈകോര്‍ക്കണമെന്ന് ബിനോയ് വിശ്വം നിര്‍ദ്ദേശിച്ചു. പഠിക്കുക പോരാടുക എന്ന എഐഎസ്എഫ് മുദ്രാവാക്യത്തിന്റെ ഇന്നത്തെ അര്‍ഥം അതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ആന്ധ്രപ്രദേശ് വെയര്‍ഹൗസിങ് മന്ത്രിയും സംഘാടക സമിതി പ്രസിഡന്റുമായ കെ ശ്രീനിവാസ റാവു സ്വാഗതമാശംസിച്ചു. എഐഎസ്എഫ് പൂര്‍വകാല നേതാക്കളുടെയും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരുടെയും വലിയനിരയാണ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തത്. വൈ വിശ്വേശര റെഡ്ഡി എംഎല്‍എ, പ്രഭാകര്‍ ചൗധരി എംഎല്‍എ, അനന്തപൂര്‍ മേയര്‍ എം സ്വരൂപ, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് രാമപ്രദ റാവു, സിപിഐ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ തിരുമല, വിശ്വജിത് കുമാര്‍, സെയ്ദ് വലിയുള്ള ഖാദ്രി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു. 24 സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തില്‍പരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ദേശീയ പ്രസിഡന്റ് വലിയുള്ള ഖാന്ദ്രി, ശുഭേഷ് സുധാകരന്‍, ദിനേഷ്‌കുമാര്‍, ശിവാനി റോയി, കരംവീര്‍കൗര്‍, മാനസബുര, പങ്കജ് ചൗഹാന്‍, അമുതജയദീപ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. കേരളത്തില്‍ നിന്ന് 100 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. വൈകുന്നേരം ‘വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടവേദി’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. രാംപുനിയാനി മുഖ്യ പ്രഭാഷണം നടത്തി.
എഐഎസ്എഫ് ദേശീയ സമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യുന്നു

Related News