Janayugom Online
ആലപ്പുഴയില്‍ നടന്ന കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നരേന്ദ്രമോഡി സര്‍ക്കാര്‍ ചവിട്ടിമെതിക്കുന്നു : കെ പി രാജേന്ദ്രന്‍

Web Desk
Posted on July 14, 2019, 6:36 pm

ആലപ്പുഴ: ദീര്‍ഘകാലത്തെ സമരങ്ങളുടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഫലമായി നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തൊഴില്‍ സംരക്ഷണവും നരേന്ദ്രമോഡി സര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ( എ ഐ ടി യു സി) സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

44 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നാല് ചട്ടങ്ങള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതാണ്. കോര്‍പ്പറേറ്റുകളുടെയും കുത്തകമുതലാളി മാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ആദ്യ നടപടിയാണ് മിനിമം കൂലി ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും സംരക്ഷണവും തകര്‍ക്കുന്ന വിധം വേതന ചട്ടം വരുന്നത്. ദേശീയടിസ്ഥാനത്തില്‍ തൊഴലാളികളുടെ മിനിമം കൂലി 176 രൂപയായി സര്‍ക്കാര്‍ നിശ്ചയിക്കുകയാണ്. മോഡി സര്‍ക്കാര്‍ നിയമിച്ച വേതന പരിഷ്‌ക്കരണത്തിനുള്ള ഉന്നത തല സമിതി ശുപാര്‍ശ ചെയ്തത് തൊഴിലാളികളുടെ കുറഞ്ഞ കൂലി 375 രൂപയായി നിശ്ചിയിക്കണമെന്നാണ്.

മിനിമം വേതനം 18000 രൂപയായും ദിവസ വേതനം 600 രൂപയായും ഉയര്‍ത്തണമെന്നാണ് രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഉയര്‍ത്തിയ ആവശ്യം. അതിനായി ദേശീയ പണിമുടക്ക് സമരങ്ങള്‍ ഉള്‍പ്പടെ നടത്തുകയും ചെയ് വരുന്ന സന്ദര്‍ഭത്തിലാണ് കുറഞ്ഞകൂലി അതിന്റെ പകുതിയായി ഉന്നത തല സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വേതന ചട്ട നിയമത്തില്‍ പകുതി തുക മാത്രമാണ് നിര്‍ദ്ദേശിക്കുന്നത്. തൊഴിലാളികളുടെ മൗലികമായ അവകാശങ്ങളും നേടിയെടുത്ത ആനുകൂല്യങ്ങളും നഷ്ടപ്പെടുത്താന്‍ വര്‍ഗബോധമുള്ള തൊഴിലാളികള്‍ ഒരിക്കലും അനുവദിക്കില്ല. ഈ സന്ദര്‍ഭത്തിലാണ് എ ഐ ടി യു സി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപിടിച്ച് കൊണ്ട് ക്യാമ്പയിന്‍ പ്രക്ഷോഭം സംസ്ഥാനത്ത് ആരംഭിക്കുന്നത്. 15-ാം ഇന്ത്യന്‍ലേബര്‍ കോണ്‍ഫറന്‍സിന്റെയും ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയുടെയും സുപ്രീംകോടതി ഇത് സംബന്ധിച്ച് പുറപ്പടുവിച്ച വിധിയുടെയും അടിസ്ഥാനത്തില്‍ മിനിമം കൂലി 20,000 രൂപയായി ഉയര്‍ത്തണമെന്ന് എ ഐ ടി യു സി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കെ പി രാജേന്ദ്രന്‍ വ്യക്തമാക്കി.

ജോലി സമയം ഏഴ് മണിക്കൂറായും ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം വേതനത്തോടുകൂടിയ അവധി, ഗ്രാറ്റുവിറ്റി 30 ദിവസമായി ഉര്‍ത്തുക, പ്രസവ അവധി വേതനം എല്ലാ തൊഴിലാളികള്‍ക്കും 26 ആഴ്ചയായി നടപ്പാക്കുക, കുറഞ്ഞ പെന്‍ഷന്‍ 6000 അനുവദിക്കുക, കരാര്‍, കാഷ്വല്‍, ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി സി മധു സ്വാഗതം പറഞ്ഞു. കുട്ടനാട് കായല്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ കെ ജി പത്മകുമാര്‍, മുന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ എന്‍ ശശിധരന്‍നായര്‍, പി രാജു, ടി രഘുവരന്‍, ആര്‍ പ്രസാദ്, എലിസബത്ത് അസീസി, കുമ്പളം രാജന്‍, കെ ബാബു, അഡ്വ എം കെ ഉത്തമന്‍, വിജി പീറ്റര്‍, ഒ കെ മോഹനന്‍, പി എല്‍ ആന്റണി തുടങ്ങിവര്‍ പങ്കെടുത്തു.

YOU MAY LIKE THIS VIDEO ALSO