Saturday
16 Nov 2019

പ്രധാനമന്ത്രി ശ്രമിക്കുന്നത് തെറ്റിധരിപ്പിക്കാനും ഭിന്നിപ്പിക്കാനും

By: Web Desk | Monday 10 June 2019 8:30 AM IST


അഞ്ചുലക്ഷം രൂപ വരെ പാവപ്പെട്ട രോഗികള്‍ക്ക് ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമര്‍ശനം ദുരുപദിഷ്ടവും വസ്തുതകള്‍ക്ക് നിരക്കാത്തതും രാഷ്ട്രീയ ദുഷ്ടലാക്കോടെയുമുള്ളതുമാണ്. കേരളത്തിനും സംസ്ഥാന സര്‍ക്കാരിനും എതിരായ പ്രധാനമന്ത്രിയുടെ ഇത്തരം അടിസ്ഥാനരഹിതമായ വിമര്‍ശനത്തിന് യാതൊരു പുതുമയുമില്ല. വലിയ പ്രതീക്ഷയോടെ പ്രധാനമന്ത്രിയടക്കം സംഘ്പരിവാര്‍ നേതൃത്വം നടത്തിയ പ്രചണ്ഡ പ്രചാരണത്തിനും രാഷ്ട്രീയവും ധാര്‍മികവുമായ മര്യാദകള്‍ ലംഘിച്ചുള്ള തെരഞ്ഞെടുപ്പ് ഇടപെടലിനും പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാനായില്ലെന്ന കുണ്ഡിതം അത്തരം വിമര്‍ശനങ്ങളില്‍ പ്രകടമാണ്. കേന്ദ്രാവിഷ്‌കൃത ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതി പൊതുജനാരോഗ്യ പരിപാലനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ പലതിലും പുതുമയുള്ളതും ജനോപകാരപ്രഥവുമായിരിക്കും. വികസനത്തിലും പൊതുജനാരോഗ്യ പരിപാലനമടക്കം വിവിധ രംഗങ്ങളിലും ആഗോളതലത്തില്‍ത്തന്നെ അനുകരണീയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇതിനകം കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 40 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കേ ആയുഷ്മാന്‍ ഭാരതില്‍ അംഗങ്ങളാവാനാകു. ജീവിതനിലവാര സൂചിക, മാനദണ്ഡങ്ങളനുസരിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ 25 ശതമാനത്തില്‍ താഴെയുള്ളവര്‍ക്കെ ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ ആറെസ്ബിവൈ, ചിസ് പദ്ധതികളുടെ ആനുകൂല്യം കേരളത്തിലെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് നേരത്തെതന്നെ ലഭിച്ചുവന്നിരുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതി അതേ രൂപത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍ അതിന്റെ ആനുകൂല്യം 18.5 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമെ ലഭിക്കുമായിരുന്നുള്ളു. 22 ലക്ഷം കുടുംബങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പുറത്താകുമായിരുന്നു. ഈ യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ ‘കാരുണ്യ ആരോഗ്യ സുരക്ഷ’ പദ്ധതി (കെഎഎസ്പി) എന്ന പേരില്‍ പുനരാവിഷ്‌കരിച്ചത്. ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാനം 2018 നവംബറില്‍ തന്നെ കേന്ദ്രവുമായി ചേര്‍ന്ന് ഒപ്പുവയ്ക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി കേരളത്തില്‍ നിലവില്‍ വരികയും 13.5 ലക്ഷം കുടുംബങ്ങളിലെ 17 ലക്ഷം പേരെ രജിസ്റ്റര്‍ ചെയ്ത് ചികിത്സാകാര്‍ഡ് വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1.46 ലക്ഷം പേര്‍ക്ക് ഇതിനകം ചികിത്സ ലഭ്യമാക്കി. പദ്ധതിയുടെ ആദ്യ കേന്ദ്രവിഹിതവും അനുവദിച്ചുകിട്ടിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ പ്രധാനമന്ത്രി തികച്ചും തെറ്റും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം സംശയകരമാണ്.

നരേന്ദ്രമോഡി സര്‍ക്കാരടക്കം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേന്ദ്രസര്‍ക്കാരുകള്‍ തുടര്‍ന്നുവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ രാജ്യത്തിന്റെ പൊതു ആരോഗ്യരംഗത്ത് കനത്ത ആഘാതമാണ് ഏല്‍പിച്ചിട്ടുള്ളത്. ആരോഗ്യ പരിപാലനരംഗം പൊതുജനക്ഷേമരംഗമെന്നതിനു പകരം കോര്‍പ്പറേറ്റ് ലാഭക്കൊതിയുടെ വിളഭൂമിയായി മാറിയിരിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും അപ്രാപ്യവും താങ്ങാനാവാത്ത ഒന്നുമായി രോഗചികിത്സ മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യത്തിന്റെ പല ഭാഗത്തും ദാരുണമായ കൂട്ടശിശുമരണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അത് വഴിവച്ചു. എഐഐഎംഎസ് പോലെയുള്ള കേരളത്തിന്റെ ഏറ്റവും ന്യായവും നീതിപൂര്‍വവുമായ ആവശ്യങ്ങള്‍ തന്നെ നിരന്തരം നിരാകരിക്കപ്പെടുകയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും കുടുംബക്ഷേമ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളും റഫറല്‍ സ്ഥാപനങ്ങള്‍ വരെയും മികവുറ്റതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനാര്‍ഹമായ നടപടികളാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ വേണം പ്രധാനമന്ത്രിയുടെ അടിസ്ഥാനരഹിതമായ വിമര്‍ശനം വിലയിരുത്തപ്പെടാന്‍.

അത്തരം നിലപാടുകള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം വളര്‍ത്താനും മാത്രം ലക്ഷ്യംവച്ചുള്ളതാണെന്നുവേണം കരുതാന്‍. അത് പ്രധാനമന്ത്രി ഉദ്‌ഘോഷിക്കുന്ന ‘സഹകരണാത്മക ഫെഡറലിസ’ത്തിനു പകരം ജനങ്ങളെയും രാജ്യത്തെയും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഭിന്നിപ്പിക്കാനും വിഭജിക്കാനും മാത്രം ലക്ഷ്യം വച്ചുള്ളതാണ്. കേരളത്തിന്റെ ന്യായവും നീതിയുക്തവുമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാര്‍ നടപടികള്‍ അവര്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയേയും പ്രതിനിധീകരിക്കുന്നുവെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. സാമ്പത്തികമായും വികസന പ്രക്രിയയിലും കേരളത്തെ വീര്‍പ്പുമുട്ടിക്കുന്ന നടപടികളാണ് അവര്‍ നിരന്തരം അവലംബിക്കുന്നത്. പിന്‍വാതിലിലൂടെ രാഷ്ട്രീയ അധികാരം കയ്യാളാനുള്ള കുടിലതന്ത്രത്തിന്റെ ഭാഗമാണത്.