‘ചായ്‍വാലകളെ മോഡി മറന്നു; ഇപ്പോൾ ചൗക്കിദാർമാരോടൊപ്പം’; കപിൽ സിബൽ

Web Desk
Posted on March 24, 2019, 7:09 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചായക്കച്ചവടക്കാരുമായുള്ള (ചായ്‍വാല) ചങ്ങാത്തം മറന്ന് ഇപ്പോൾ കാവൽക്കാരുടെ (ചൗക്കിദാർ) ഒപ്പമാണെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ.

ഗുർദാസ്പൂർ, പഠാൻകോട്ട്, ഉറി, ബാരാമുല്ല, പുല്‍വാമ തുടങ്ങിയ ഇടങ്ങളിൽ നേരത്തേ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഈ കാവല്‍ക്കാരൻ ഉറങ്ങുകയായിരുന്നോ? മേം ഭീ ചൗക്കീദാർ‌ മുദ്രാവാക്യത്തിന് അപ്പോൾ എന്തു സംഭവിച്ചുവെന്നും കപിൽ സിബൽ ചോദിക്കുന്നു.

“ചായക്കച്ചവടക്കാരെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം പ്രധാനമന്ത്രി മറന്നിരിക്കുന്നു. ഇപ്പോൾ കാവൽക്കാരെയാണ് ഓർക്കുന്നത്. അടുത്ത തവണ കാവൽക്കാരെയും മറന്നു മറ്റാരെങ്കിലും വരും.
ബാലാക്കോട്ട് ആക്രമണത്തെ രാഷ്ട്രീയവത്കരിച്ചത് ബിജെപിയാണ്. പൊതുയോഗങ്ങളിൽ ഇതു സംബന്ധിച്ചു പരാമർശങ്ങൾ നടത്തിയത് അവരാണ്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പിന്നിൽ പതിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഈ സർക്കാർ യാതൊരു പരിഗണനയും നൽകുന്നില്ല . കാർഷിക വിളകളുടെ നഷ്ടം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, തുടങ്ങി വ്യാപാരം വരെ പ്രശ്നങ്ങളിലാണ്. മെഹുൽ ചോക്സി, നീരവ് മോദി എന്നിവർ രാജ്യം വിടുമ്പോൾ ഈ ചൗക്കിദാർ എവിടെയായിരുന്നു?– സിബൽ ചോദിച്ചു.