ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കൻ ശതകോടീശ്വരനായ ജോര്‍ജ് സോറോസ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ വച്ച് നടത്തിയ ലോക സാമ്പത്തീക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ചില വിഷയങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ദേശീയത എന്ന വിഷയം പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് എടുത്തുപറഞ്ഞ് വിമര്‍ശിച്ചത്. ദേശീയത എന്നത് ഇന്ന് ഒരുപാട് തെറ്റായി ചിന്തിപ്പിക്കുന്ന വിഷയമാണ്. അത് കുറയുന്നതിന് പകരം തീവ്രമായിക്കൊണ്ടിരിക്കുകയാണ്.
ഇത് വളരെ വലുതായതും അതേ സമയം ഭയപ്പെടുത്തുന്നതുമായ വിഷയമാണ്. ഇന്ത്യയില്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ഹിന്ദു രാഷ്ട്രം കെട്ടിപെടുക്കുകുയാണ്. ഇതിനായി കശ്മീരില്‍ സ്വയംഭരണാവകാശം എടുത്തുകളയുകയും ലക്ഷക്കണക്കിന് വരുന്ന മുസ്ലീം വിഭാഗക്കാരുടെ പൗരത്വം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.മോഡിക്ക് പുറമെ യുഎസ് പ്രസിഡന്റ് ട്രംപിനേയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെയും അദ്ദേഹം വിമര്‍ശിച്ചു. ലോകം മുഴുവന്‍ തനിക്ക് ചുറ്റും വലം വയ്ക്കുകയാണെന്നാണെന്ന് കരുതുന്ന തീവ്ര നാര്‍സിസ്റ്റും ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നയാളുമാണ് പ്രസിഡന്റ് ട്രംപ് എന്ന് അദ്ദേഹം പറഞ്ഞു.
ചൈനയിലെ ജനങ്ങളുടെ മുഴുവന്‍ നിയന്ത്രണവും തന്റെ കീഴില്‍ ആക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനേയും സാങ്കേതിക വിദ്യയേയും ഉപയോഗിക്കുകയാണ് ഷി ജിൻ പിങ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെക്കേ അമേരിക്കയിലെ മാനുഷികവും പാരിസ്ഥിതികവുമായ പ്രതിസന്ധിയെയും ആഗോള സ്വേച്ഛാധിപത്യത്തിന്റെ ഉയർച്ചയെയും പ്രധാന വെല്ലുവിളികളാളും അദ്ദേഹം വിലയിരുത്തി.
English Summary: Narendra Modi’s aim is Hindu Rashtra said George Soros
You may also like this video