Saturday
16 Nov 2019

സ്ത്രീകളുടെ തൊഴിലില്ലായ്മ; മോഡി ഭരണ നിസ്സംഗത

By: Web Desk | Saturday 8 June 2019 10:43 PM IST


ബി ശിവരാമന്‍

സാമൂഹിക പ്രതിബദ്ധത ആവശ്യമായ വിഷങ്ങളില്‍ നിസംഗത തുടരാനുള്ള അനുമതിയല്ല മോഡിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് വിജയം. സ്ത്രീകളുടെ തൊഴിലില്ലായ്മപ്രശ്‌നം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും യുക്തിസഹമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇതാണ് വ്യക്തമാക്കുന്നത്. രണ്ടാം മോഡി മന്ത്രിസഭ ഈ വിഷയത്തില്‍ അവഗണന തുടരുമോ എന്ന് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മലാ സീതീരാമന്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ്ണ ബജറ്റോടെ വെളിവാകും. ഇന്ത്യന്‍ വനിതകള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധി ബഹുമുഖമാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പങ്ക് വല്ലാതെ കുറഞ്ഞുവരികയാണ്. സ്ത്രീ ജനസംഖ്യയില്‍ നാലിലൊന്നു മാത്രമേ തൊഴില്‍ വിപണിയില്‍ എത്തുന്നുള്ളൂ. എന്നിട്ടും അവയില്‍ ഭൂരിപക്ഷവും തൊഴില്‍ രഹിതരായി തുടരുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുതന്നെ അവ മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തെയാണ് നേരിടുന്നത്. ചുരുക്കത്തില്‍, സ്ത്രീകള്‍ കടുത്ത തൊഴില്‍ രാഹിത്യത്തെയാണ് അഭിമുഖീകരിക്കുന്നത്. രൂക്ഷമായ സ്ത്രീകളുടെ തൊഴില്‍ രാഹിത്യം കടുത്ത സാമൂഹ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വനിതകളുടെ തൊഴില്‍ പ്രതിസന്ധിയുടെ തീവ്രതയെക്കുറിച്ച് പല അന്താരാഷ്ട്ര ഏജന്‍സികളും, ചിന്താ കേന്ദ്രങ്ങളും, കോര്‍പ്പറേറ്റ് ഗവേഷണ ഏജന്‍സികളും, പ്രമുഖ അക്കാഡമിക് സെന്ററുകളും, മാധ്യമ സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017 ഏപ്രിലില്‍ ലോകബാങ്കിന്റെ നയഗവേഷണ രേഖ ഇന്ത്യന്‍ വനിതകള്‍ വന്‍തോതില്‍ തൊഴിലിടങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പഠനങ്ങളും (എന്‍എസ്എസ്ഒ) സെന്‍സസ് റിപ്പോര്‍ട്ടുകളും 2004-05 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ 19.6 ദശലക്ഷം സ്ത്രീകള്‍ മൊത്തം തൊഴില്‍ശക്തിയില്‍ കുറഞ്ഞതായി വ്യക്തമാക്കുന്നു.

1993-94 മുതല്‍ 2011-12 വരെയുള്ള കാലഘട്ടത്തില്‍ ഇത് 42.6 ശതമാനത്തില്‍ നിന്ന് 31.2 ശതമാനമായി കുറഞ്ഞിരുന്നു. ഗ്രാമീണ ഇന്ത്യയില്‍ കൊഴിഞ്ഞുപോക്ക് 53 ശതമാനമായിരുന്നു. 15 നും 24 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇതെന്നത് ഗൗരവമര്‍ഹിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
എട്ട് വര്‍ഷത്തിനിയില്‍ രണ്ട് കോടി സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നത് പ്രശ്‌നത്തിന്റെ ആഴത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ അവസ്ഥയില്‍ ഏത് സര്‍ക്കാരും ഇതിനെ മറികടക്കാന്‍ നടപടിയെടുത്തേ മതിയാകൂ. എന്നാല്‍, 2014 ലില്‍ അധികാരമേറ്റ മോഡി ഗവണ്‍മെന്റ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനോ മുന്‍കരുതല്‍ എടുക്കാനോ യാതൊന്നും ചെയ്തില്ല. അതുകൊണ്ടുതന്നെ സ്ത്രീകളുടെ തൊഴിലില്ലായ്മ 2018ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തി. അഞ്ച് വര്‍ഷത്തിനിടയ്ക്ക് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 27 ശതമാനമായി കുറഞ്ഞു.

അസിം പ്രേംജി യൂണിവേഴ്‌സിറ്റി, ഐസിആര്‍ഐഇആര്‍, എന്‍സിഎആര്‍ഇ, എല്‍എസ്ഇ, യുഎന്‍ ഏജന്‍സികളായ യുഎന്‍ഡിപി, യുഎന്‍ വുമണ്‍ തുടങ്ങിയവ നടത്തിയ പഠനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നരേന്ദ്ര മോഡി കനത്ത നിശബ്ദതയും നിസ്സംഗതയുമാണ് അവലംബിക്കുന്നത്. ഇന്ത്യയിലെ ആദ്യ വനിതാ ധനകാര്യ മന്ത്രിയായി നിര്‍മ്മലാസീതാരമനെ മോഡി നിയമിച്ചു. എന്നാല്‍ ഇന്ത്യന്‍ വനിതകളനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ഇതുവരെ അവരോ മോഡിയോ ഒരക്ഷംപോലും വായതുറന്നിട്ടില്ല. ബി ജെ പി തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ‘തൊഴില്‍ശക്തിയില്‍ സ്ത്രീകള്‍’ എന്ന പേരില്‍ രൂപരേഖ തയ്യാറാക്കുമെന്ന് പറയുന്നു. അവര്‍ക്ക് തങ്ങളുടെ വാഗ്ദാനം നിറവേറ്റാന്‍ കഴിയുമോ? ഇതുവരെ അതിന്റെ യാതൊരു സൂചനയും ലഭ്യമല്ല.

തെരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങള്‍ക്കിടയില്‍ നിരവധി പ്രത്യേക ഏജന്‍സികളുടെ ഒന്നിലധികം മുന്നറിയിപ്പുകള്‍ മുങ്ങിപ്പോയി. സിഎംഐഇയുടെ കണക്കനുസരിച്ച് 2018ല്‍ മാത്രം 8.8 ദശലക്ഷം സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ നഷ്ടമായി. ഗ്രാമീണ മേഖലയില്‍ 6.5 ദശലക്ഷവും നഗരങ്ങളില്‍ 2.3 ദശലക്ഷവും സ്ത്രീകള്‍ക്കാണ് തൊഴിലവസരം നഷ്ടമായത്. പല പാശ്ചാത്യ രാജ്യങ്ങളിലും നഷ്ടപ്പെട്ട ജോലിയ്ക്ക് ശമ്പളത്തിന്റെ 80 ശതമാനം നഷ്ടപരിഹാരമായി നല്‍കിവരുന്നുണ്ട്. എന്തുകൊണ്ട് ഇന്ത്യ ഈ രീതിയില്‍ ചിന്തിച്ചുകൂടാ?

മോഡി സര്‍ക്കാര്‍ തമസ്‌കരിക്കാന്‍ ശ്രമിച്ച നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍, തൊഴിലില്ലായ്മ നിരക്ക് 2011-12 കാലയളവില്‍ 9.7 ശതമാനമായിരുന്നത് 2017-18ല്‍ 17.3 ശതമാനമായി ഉയര്‍ന്നതായി പറയുന്നു. നഗരവനിതകള്‍ക്കിടയില്‍ 4.0 ശതമാനത്തില്‍നിന്ന് അത് 19.8 ശതമാനമായി ഉയര്‍ന്നു. മോഡി മാന്ത്രികതയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനേ കഴിയൂ. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അത് അമ്പേ പരാജയമാണ്. ആഗോള കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സി ഈ വര്‍ഷം ജൂണില്‍ മറ്റൊരു ആശങ്കാജനകമായമാറ്റം റിപ്പോര്‍ട്ട് പുറത്തുവിട്ടു.

2030ഓടുകൂടി അതിയന്ത്രവത്കരണം മൂലം ഇന്ത്യയില്‍ 12 ദശലക്ഷം സ്ത്രീകള്‍ക്ക് ടെക്ക് വ്യവസായത്തിലും നിര്‍മാണത്തിലും ജോലി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് അത്.
കുട്ടികളുടെ സംരക്ഷണ ചുമതലയും സുരക്ഷാകാരണങ്ങളുമാണ് സ്ത്രീകളെ പ്രധാനമായും തൊഴില്‍ ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധതിതമാക്കുന്നത്. ഓരോ പഞ്ചായത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ ഹോസ്റ്റലും കുട്ടികളുടെ സംരക്ഷണ കേന്ദ്രവും എന്തുകൊണ്ട് ആരംഭിച്ചുകൂട?

പ്രസവാനുകൂല്യചട്ടം 2017 പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്ത്രീകളുടെയോ ശിശുക്കളുടേയോ സംരക്ഷണത്തിന് പര്യാപ്തമല്ല. സംഘടിത മേഖലയിലുള്ള എട്ട് ശതമാനം പേര്‍ക്കൊഴികെ 92 ശതമാനം സ്ത്രീകള്‍ക്കും ഈ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. എന്തുകൊണ്ട് ആറ് മാസത്തെ ശമ്പളത്തിനു തുല്യമായ അറുപതിനായിരം രൂപയെങ്കിലും പ്രസവ ആനുകൂല്യമായി അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നില്ല?

തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കുമുള്ള യാത്രാ സൗകര്യമാണ് മറ്റൊരു പ്രധാന പ്രശ്‌നം. സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സൈക്കിളുകള്‍ നല്‍കിയ ജയലളിതയുടെ മാതൃക പിന്തുടര്‍ന്ന് നിതീഷ് കുമാര്‍ അത് ബിഹാറില്‍ നടപ്പിലാക്കി. 15 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിയും ഇതര സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളും എന്തുകൊണ്ട് ഈ പരീക്ഷണത്തിന് മുതിരുന്നില്ല? അടുത്തിടെ ഡല്‍ഹി മെട്രോയിലും ബസ് സര്‍വീസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച അരവിന്ദ് കേജ്‌രിവാള്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍, ആ തീരുമാനത്തെ അനുകൂലിക്കുന്നതിനുപകരം ബിജെപി വോട്ട് ബാങ്ക് വ്യായാമമായി അതിനെ പരിഹസിക്കുകയാണുണ്ടായത്.

പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് നിലവാരത്തില്‍വരെ സൗജന്യ വിദ്യാഭ്യാസം ലഭിക്കുമെന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ 2018 ഡിസംബറില്‍ ആദ്യം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം ജനുവരിയില്‍ ഈ മാതൃക പിന്തുടര്‍ന്നു. പിന്നീട് പഞ്ചാബും ഇതേ പ്രഖ്യാപനം നടത്തി. അതേസമയം മോഡി സര്‍ക്കാര്‍ ‘ബേട്ടി പഠാവോ’ മുദ്രവാക്യം ഉയര്‍ത്തുന്നതല്ലാതെ പ്രായോഗിക തലത്തില്‍ യാതൊന്നും ചെയ്യുന്നില്ല.
ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്ത് അജണ്ടയാണ് മുന്നോട്ടുവെയ്ക്കുന്നത്? സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കടക്കം എല്ലാ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറുണ്ടോ? വനിതാ ക്ഷേമവിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിവ് തെരഞ്ഞെടുപ്പ് നാട്യങ്ങള്‍ക്കുപോലും തയ്യാറല്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ പ്രസ് ഏജന്‍സി