Janayugom Online
Aligarh: Police control the situation after a clash between two groups at Aligarh Muslim University on Wednesday. PTI Photo (PTI5_2_2018_000123B)

നമുക്കു ചുറ്റും ബഹുത് അച്ഛാ ദിനങ്ങള്‍ വരുന്നു

Web Desk
Posted on May 07, 2018, 11:00 pm

ബിജെപി അധികാരത്തില്‍ വന്നാല്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് 2013‑ല്‍ ആഗ്രയില്‍ നടന്ന റാലിയില്‍ മോഡി പ്രസ്താവിച്ചിരുന്നു. അതായത് ഒരു വര്‍ഷത്തില്‍ ശരാശരി രണ്ട് കോടി തൊഴിലവസരങ്ങള്‍— ഇപ്പോള്‍ നാലാം വര്‍ഷം അപ്പോള്‍ എട്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കണം. കള്ളപ്പണമെല്ലാം പിടിച്ചെടുത്ത് കഴിഞ്ഞിരിക്കണം. സര്‍ക്കാര്‍ വിശ്വാസ്യത വീണ്ടെടുത്ത് കഴിഞ്ഞിരിക്കണം- അങ്ങനെ വളരെ സുന്ദരമായ നടക്കാത്ത പല കാര്യങ്ങളും നടന്നു കഴിഞ്ഞിരിക്കണം എന്നാല്‍ നടന്നതെന്താണ്.

കപ്പാടെ അഞ്ചുവര്‍ഷത്തെ മോഡി ഭരണം 2019‑ല്‍ പൂര്‍ത്തിയാവുമ്പോഴേക്ക് ഇന്ത്യയുടെ മുഖച്ഛായ തിരിച്ചറിയാന്‍ ആവാത്തവിധം ആകെ മാറും എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുന്നവിധമാണ് കാര്യങ്ങളുടെ പോക്ക്. രാജ്യത്തൊട്ടാകെ എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കുക എന്ന ഒരൊറ്റ അജന്‍ഡയുമായാണ് വിചിത്രമായ പേരുകളുള്ള ഹിന്ദു തീവ്രവാദ സംഘങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. വഴിയരികില്‍ കണ്ട പുരാതന ഖബറിടം അമ്പലമാക്കി മാറ്റി സ്വന്തം മതസ്‌നേഹം അവര്‍ ഊട്ടി ഉറപ്പിച്ചിരിക്കുകയാണ്. ഒരു ശവകുടീരം പെയിന്റടിച്ച് അവിടെ ദൈവങ്ങളെ പ്രതിഷ്ഠിക്കുക എന്തൊരു ബുദ്ധി. എന്നിട്ടും കലാപമുണ്ടാവുന്നില്ല. ഉടനെ അലിഗഡ് സര്‍വകലാശാലയില്‍ പോവുന്നു. അവിടെയതാ ഒരു ചിത്രം കോട്ടും ടൈയും ഒക്കെയായി ഒരു ആഡ്യന്റെ ചിത്രം. 1938 ല്‍ അവിടെ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഹാളില്‍ സ്ഥാപിച്ചതാണ് ആ ചിത്രം. അന്നുമുതല്‍ ഇന്നുവരെ മറ്റനേകം ഛായാചിത്രങ്ങളോടൊപ്പം ആ ചിത്രവും അവിടെയുണ്ട്. ആ ചിത്രം അനാച്ഛാദനം ചെയ്യുന്നത് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനില്‍ മുഹമ്മദലി ജിന്നക്ക് ആജീവാനന്ത അംഗത്വം നല്‍കിയപ്പോഴാണ് എന്നാണ് 94 വയസുള്ള അലിഗഡ് പൂര്‍വവിദ്യാര്‍ഥി റിയാസ് ഷെര്‍വാണി പറയുന്നത്. ജിന്നയുടെ രാഷ്ട്രീയത്തെ പൂര്‍ണമായി നിരാകരിക്കുന്ന ഷെര്‍വാണി അന്നത്തെ പ്രൊ വൈസ് ചാന്‍സിലര്‍ എ ബി ഹബീബ് ഫോട്ടോ അനാഛാദനം ചെയ്തുകൊണ്ട്; ജിന്നയോട് ഇന്നുമുതല്‍ താങ്കളും എന്റെ വിദ്യാര്‍ഥികളില്‍ ഒരാളാണ് എന്ന് തമാശ പറഞ്ഞതും ഓര്‍ക്കുന്നു. 1938‑നും 44 നുമിടയില്‍ ജിന്ന പലതവണ അലിഗഡില്‍ വന്നതും അതുപോലെ ജവഹര്‍ലാല്‍ നെഹ്‌റുവും അബ്ദുള്‍കലാം ആസാദുമൊക്കെ പതിവായി അലിഗഡില്‍ വരികയും ഇവരുടെയെല്ലാം പ്രഭാഷണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ ഒത്തുചേരുകയും പതിവായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. 83 വയസുള്ള മറ്റൊരു പൂര്‍വവിദ്യാര്‍ഥി അമര്‍ജിത് സിങ് ബിന്ദ്ര, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അമുസ്‌ലിം അംഗം പറയുന്നത് അക്കാലത്ത് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഹാളില്‍ അനേകം ചിത്രങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അന്ന് വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സമയം കണ്ടിരുന്നത്. ചിത്രങ്ങള്‍ വിശകലനം ചെയ്യാനായിരുന്നില്ല. ”എന്നാണ്” ഏതായാലും ചിത്രം സ്ഥാപിച്ച് 80 കൊല്ലം കഴിഞ്ഞപ്പോഴാണ് ദേശസ്‌നേഹികള്‍ക്ക് അടുത്ത വെളിപാട് ഉണ്ടായത്. ജിന്നയുടെ ചിത്രം മാറ്റണം. ഏതായാലും യൂണിവേഴ്‌സിറ്റിയില്‍ ഒരു വലിയ സമരമഴിച്ചുവിടുന്നതില്‍ ദേശസ്‌നേഹികള്‍ വിജയിച്ചു. ഇനി അടുത്ത അങ്കം ടിപ്പുവിനോടാണ്. ടിപ്പുവിന്റെ ജന്മദിനം ആഘോഷിച്ചതിനോടാണ്. അത് നേരിട്ട് മോഡി തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. ഓരോ ദിവസവും ബിജെപിയുടെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നുമാത്രം ഉണ്ടാവുന്ന സുചിന്തിതമായ അഭിപ്രായങ്ങള്‍, ഏറ്റവും പുതിയത് പെണ്‍കുട്ടികള്‍ക്ക് ശൈശവവിവാഹം നടത്താനുള്ള ആഹ്വാനമാണ്, പ്രാകൃതസമൂഹങ്ങളിലെ മനുഷ്യരില്‍ പോലും അവജ്ഞയുളവാക്കുന്നവയായി മാറിയിരിക്കുന്നു. ഇത്രയും പണിപ്പെട്ട് ഈ രാജ്യത്ത് കലാപമുണ്ടാക്കാനുള്ള തീവ്രശ്രമം ഇവര്‍ നടത്തുന്നതെന്തിനാണ് എന്ന അന്വേഷണത്തിന് മറുപടി ലഭിക്കുക 2014 ലോകസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രികയില്‍ നിന്നാണ്. കള്ളപ്പണം പിടിച്ചെടുക്കല്‍ മുതല്‍ പരമ്പരാഗത കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ശക്തിപ്പെടുന്നതുവരെ എന്തൊക്കെ വാഗ്ദാനങ്ങളാണ് അതില്‍ നല്‍കിയിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ തുടങ്ങി, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ പ്രധാനമാണെന്ന് പ്രഖ്യാപിച്ച് മുന്നേറുന്ന പത്രിക അഴിമതിക്കെതിരെ, കള്ളപ്പണത്തിനെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് എന്നു കൂടി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ 2022ല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് അമൃതമഹോത്സവമായിരിക്കും എന്നുവരെ പറഞ്ഞുവച്ചുകൊണ്ടാണ് ആ പത്രിക അവസാനിക്കുന്നത്. നരേന്ദ്രമോഡി നടത്തിയ വാഗ്ദാനങ്ങള്‍ ഇന്ന് ഒരു തമാശ പോലുമല്ലാതായി കഴിഞ്ഞിരിക്കുന്നു.
നമുക്ക് തൊഴില്‍ മേഖല മാത്രമെടുത്ത് പരിശോധിക്കാം. ഇന്ത്യയില്‍ ഇനി സ്ഥിരം തൊഴില്‍ ഇല്ല. പറയുന്നത്.ഐഎന്‍ഒ, ഐക്യരാഷ്ട്രസഭയുടെ കീഴിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അതിന്റെ ഏറ്റവും പുതിയ വേള്‍ഡ് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ റിപ്പോര്‍ട്ടില്‍ 2019 ആവുമ്പോഴേക്ക് രാജ്യത്തെ തൊഴിലാളികളില്‍ 77 ശതമാനം പേരും അസ്ഥിരമായ വേതനം കുറഞ്ഞ ജോലികള്‍ മാത്രമുള്ളവരായിരിക്കുമെന്നും രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം അടുത്ത വര്‍ഷമാവുമ്പോഴേക്ക് 1.89 കോടി ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് ലോകത്തിലെ തൊഴില്‍രഹിതരുടെ 9.76 ശതമാനം ആണെന്നും ആഗോളതലത്തില്‍ത്തന്നെ സ്ഥിരതയില്ലാത്ത തൊഴില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും തൊഴിലില്ലായ്മ നിരക്ക് 2019 ല്‍ 10.7 ശതമാനം ആയിരിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ നിന്നും സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാവുന്നത് മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 10 കോടി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല ഉള്ളതുകൂടി പോവുകയും ചെയ്തു എന്നുതന്നെയാണ്. ഇതേ അവസ്ഥയാണ് എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പരിശോധിച്ചാല്‍ കാണാന്‍ കഴിയുക. പൊതുമേഖലാ ബാങ്കുകള്‍ വരെ കടക്കെണിയിലായിരിക്കുന്നു. അപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗമെന്ത്?
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നുപോലും നടപ്പിലാക്കാനാവാതെ വരികയും രാജ്യം സാമ്പത്തികമായും സാമൂഹികമായും ഇന്നുവരെ കാണാത്തരീതിയില്‍ തകര്‍ച്ച നേരിടുകയും ചെയ്ത സാഹചര്യത്തിലാണ്. അതില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചു വിടാനായി സംഘപരിവാര്‍ രാജ്യമൊട്ടാകെ കലഹങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത് 1938 മുതല്‍ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂണിയന്‍ ഹാളിലെ ചുമരില്‍ കാണുന്ന ജിന്നയുടെ ചിത്രവും നൂറ്റാണ്ടുകളായി വഴിയോരത്ത് അനാഥമായി കിടന്ന ഖബറിടവും മൈസൂരിലെ ഹിന്ദുരാജാക്കന്മാരുടെ പടത്തലവന്‍മാര്‍ ആയിരുന്ന ഹൈദരാലിയും മകന്‍ ടിപ്പുവും അങ്ങനെ കയ്യില്‍ കിട്ടുന്നത് എന്തും ഉപയോഗിച്ച് കലഹങ്ങളും കലാപങ്ങളും സൃഷ്ടിച്ച് എങ്ങനെയെങ്കിലും സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട ഭരണകൂടമെന്ന യാഥാര്‍ഥ്യം ജനശ്രദ്ധയില്‍ നിന്നും മറച്ചുപിടിക്കുക. ഇപ്പോള്‍ മോഡിയും പരിവാരങ്ങളും നടത്തുന്ന ശ്രമം അതിനായി മാത്രമാണ്.