Thursday
23 May 2019

കൊട്ടിഘോഷിച്ച പദ്ധതി പരാജയം; മോഡി സര്‍ക്കാരിനെതിരെ ബിജെപി എംപിമാര്‍

By: Web Desk | Saturday 16 March 2019 1:12 PM IST


ഗ്രാമങ്ങളുടെ സമഗ്രവികസനം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊണ്ടുവന്ന പദ്ധതികള്‍ ഒന്നൊന്നായി പാളുന്നു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന എന്ന പദ്ധതിക്കു കീഴില്‍ വിഭാവന ചെയ്ത ഗ്രാമങ്ങളുടെ വികസനമാണ് അവതാളത്തിലായിരിക്കുന്നത്. ഒരു എംപിക്ക് മൂന്നു ഗ്രാമം ദത്തെടുക്കാമെന്ന തരത്തില്‍ അഞ്ചു വര്‍ഷക്കാലയളവില്‍ ചെയ്തു തീര്‍ക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ മൂന്നു ഘട്ടങ്ങളിലാണ് വികസനം സാധ്യമാക്കേണ്ടിയിരുന്നത്. എന്നാല്‍, മോഡി സര്‍ക്കാര്‍ ഒരു പടിപോലും കയറിയിട്ടില്ലെന്നു ഹരിയാനയിലെ ബിജെപി എംപിമാര്‍ തന്നെ ആക്ഷേപം ഉന്നയിച്ച് മുന്നോട്ടുവന്നിരിക്കുകയാണ്.

ഏറ്റെടുത്തിരിക്കുന്ന ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം അന്തരങ്ങള്‍ കുറച്ച്, സാമൂഹ്യ ഏകോപനം വ്യാപിപ്പിച്ച്  ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ധേശ്യം. ഇതിലൂടെ അയല്‍ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രചോദനമേകുകയെന്ന മറ്റൊരു ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിക്ക് പിന്നില്‍. എന്നാല്‍, ഈ പദ്ധതി ഹരിയാനയില്‍ വന്‍ പരാജയം ആണ് ഏറ്റുവാങ്ങിയിരിക്കുന്നത്. പത്ത് ലോക്സഭാ എംപിമാരില്‍ ആറ് പേരും ഇതുവരെ ഗ്രാമങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ആറ് പേരില്‍ നാല് ബിജെപി എംപിമാരും സര്‍ക്കാരിന്‍റെ നിസഹകരണ മനോഭാവത്തെയും ഫണ്ടിന്‍റെ അഭാവത്തെയും ആണ് കുറ്റപ്പെടുത്തുന്നത്. ഈ നാല് എംപിമാരും മൂന്ന് ഗ്രാമങ്ങള്‍ ഏറ്റെടുത്തെങ്കിലും യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ആകെ ഒരു ഗ്രാമമാണ് അമ്പാലയിലെ എംപി രതന്‍ ലാല്‍ കത്താരിയ ഏറ്റെടുത്തത്. ബാക്കി രണ്ട് ഘട്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ രതന്‍ പറഞ്ഞത് ഇപ്രകാരമാണ്, “ഒരു ഗ്രാമത്തില്‍ മാത്രമാണ് ശ്രദ്ധ മുഴുവന്‍. ഇപ്പോള്‍, പൊതുജലലഭ്യത, റോഡ് വികസനം, മാലിന്യ സംസ്കരണ സംവിധാനം എന്നിവയെല്ലാം ഖാദ്രിയില്‍ നടപ്പാക്കി കഴിഞ്ഞു”. യഥാര്‍ത്ഥത്തില്‍, പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഗവണ്‍മെന്‍റ് ചെലുത്തിയ അധികശ്രദ്ധ മൂലമാണ് വികസനം സാധ്യമായതെന്നും പിന്നീട്, അതിനെ കുറിച്ച് മറന്നുപോയെന്നും എംപിമാര്‍ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുരുക്ഷേത്രയിലെ ബിജെപി വിമത എംപി രാജ് കുമാര്‍ സയ്നി പുതിയ പാര്‍ട്ടി രൂപീകരിക്കുകയും രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെ ഗ്രാമത്തില്‍ യാതൊരു വികസനവും ഇതുവരെ നടന്നിട്ടില്ല. അതിനാല്‍, മൂന്നാമതൊരു ഗ്രാമത്തെ ഏറ്റെടുക്കുന്നതില്‍ ഒരു യുക്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജന്‍സാ ഗ്രാമ പഞ്ചായത്തിന്‍റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ആവശ്യമായ പദ്ധതിയുടെ ലിസ്റ്റ് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുത്തെങ്കിലും അത് അവഗണിക്കുകയായിരുന്നു. മൂന്നാമതൊരു ഗ്രാമം കൂടി ഏറ്റെടുക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു. മറ്റു എംപിമാരും സമാന അഭിപ്രായം തന്നെയാണ് ഉന്നയിക്കുന്നത്.

ലാമ്പി ഗ്രാമത്തില്‍ ഇനിയും ലിസ്റ്റിലെ 19 ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സിര്‍സയിലെ ഐഎന്‍എല്‍ഡി (ഇന്ത്യന്‍ നാഷ്ണല്‍ ലോക് ദാല്‍) എം പി ഛരണ്‍ജീത് സിങ് റോരി പറഞ്ഞു. നിരവധി തവണ ഗവണ്‍മെന്‍റിന് കത്തയച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News