August 9, 2022 Tuesday

ഗ്രഹണത്തിന് മോഡിയും കണ്ണടവയ്ക്കും!

Janayugom Webdesk
December 29, 2019 9:49 pm

devika

പണ്ടത്തെ സൂര്യഗ്രഹണത്തെയും ചന്ദ്രഗ്രഹണത്തെയും കുറിച്ച് മുത്തച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കെല്ലാം ഗ്രഹണാരംഭത്തിനു മുമ്പു തന്നെ ആകെ ആകുലതയാണ്. സൂര്യബിംബത്തെ പാമ്പുവിഴുങ്ങുകയും ഭൂമിയില്‍ നേരിയ ഇരുള്‍‍ പരക്കുകയും ചെയ്യുന്ന ഗ്രഹണവേള, കുട്ടികള്‍ക്കാണെങ്കില്‍ ഗ്രഹണം ഒരുത്സവം, ഗ്രഹണാരംഭത്തില്‍ സൂര്യനെ വിഴുങ്ങുന്ന പാമ്പിനെ തല്ലിക്കൊല്ലാന്‍ ദൗത്യമേല്‍പിക്കുന്നത് കുട്ടികളെയാണ്. സൂര്യനെ പാമ്പുവിഴുങ്ങുന്നതല്ല ഗ്രഹണമെന്ന് കുട്ടികളുണ്ടോ അറിയുന്നു ! എങ്കിലും കുട്ടികള്‍ കവളിമടല്‍ കൊണ്ട് നിലത്ത് അടിയോടടിയാണ്. ഇടയ്ക്കിടെ പാമ്പു ചത്ത് സൂര്യന്‍ രക്ഷപ്പെട്ടോ എന്നറിയാന്‍ സൂര്യനെയൊന്ന് ഒളികണ്ണിട്ടുനോക്കും, പിന്നെയും ഭൂമിയില്‍ തല്ലോട് തല്ല് നിലംതല്ലലിന്റെ ആഘാതത്തിനിടെ കൈപ്പത്തി കീറി ചോരയൊലിച്ചാല്‍ സൂര്യനെ വിഴുങ്ങുന്ന പാമ്പിനോടുള്ള കുട്ടികളുടെ പക പാമ്പിന്റെ പകയെ വെല്ലുന്നതാവും.

ഗ്രഹണം കഴിഞ്ഞ് സൂര്യന്‍ അമ്പിളിയുടെ നിഴലില്‍ നിന്നു പൂര്‍ണമായും പുറത്തുവരുമ്പോള്‍ കുട്ടികള്‍ വിജയഭേരിയില്‍ ആര്‍പ്പു വിളിക്കും, പാമ്പു ചത്തെന്നു കരുതി ! മുത്തച്ഛന്റെ മൂന്നാം തലമുറ കഴിഞ്ഞദിവസം വലയസൂര്യഗ്രഹണം ദര്‍ശിച്ചപ്പോള്‍ കാര്യങ്ങള്‍ എന്തു മാറിപ്പോയിരിക്കുന്നു. എങ്ങനെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമുണ്ടാകുന്നുവെന്ന ശാസ്ത്രബോധമുള്ള കുരുന്നു തലമുറ. റേഡിയേഷന്‍ മൂലം കണ്ണിനു ദോഷമുണ്ടാകാതിരിക്കാന്‍ അവര്‍ മൂന്നുരൂപയുടെ കണ്ണട ധരിക്കുന്നു. ഗ്രഹണ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ശരീരത്തില്‍ വിഷബാധയുണ്ടാകുമെന്ന അന്ധവിശ്വാസവും തകര്‍ന്നടിഞ്ഞു. ഗ്രഹണ വേളയില്‍ സൂര്യനെ നോക്കി കൊഞ്ഞണം കുത്തിയ കുരുന്നുകള്‍ നാക്കിലയില്‍ പായസം ഉണ്ട കുട്ടികള്‍ ശാസ്ത്രത്തിന്റെ പ്രയാണ വഴികളിലെത്തുന്ന ആവേശ ദൃശ്യങ്ങള്‍, ഗ്രഹണത്തിനു പാമ്പ് മാത്രമല്ല ഞാഞ്ഞൂലും തലപൊക്കുമെന്ന ചൊല്ലും പാഴ‍്‍വാക്കായി.

വലയസൂര്യഗ്രഹണത്തിന് ഒരു ഞാഞ്ഞൂലെങ്കിലും തലപൊക്കിയതായി വാര്‍ത്തയില്ല. എന്നാല്‍ ഡല്‍ഹിയില്‍ ഗ്രഹണത്തിന് ഒരു ഞാഞ്ഞൂല്‍ തലപൊക്കിയെന്നായിരുന്നു വാര്‍ത്ത, സാക്ഷാല്‍ പ്രധാനമന്ത്രി മോഡി. പക്ഷേ ഡല്‍ഹിയിലും വാരാണസിയിലും ഗുജറാത്തിലും മേഘക്കെട്ടുകള്‍ ഗ്രഹണം മറച്ചപ്പോള്‍ ലൈവ് സ്ക്രീനിലൂടെ ഗ്രഹണം കാണാന്‍ മോഡിക്കു തുണയായത് നമ്മുടെ കോഴിക്കോട്ടെ ഗ്രഹണം. പക്ഷേ അവിടെയും മോഡി ’ വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ’ പ്പോലെ വിഭിന്നനായി. പ്രജകള്‍ മൂന്നുരൂപ വിലയുള്ള കണ്ണടകളിലൂടെ ഗ്രഹണം ദര്‍ശിച്ചപ്പോള്‍ മോഡി മഹാരാജാവിന് അതാകില്ലല്ലോ, ജര്‍മ്മന്‍ കമ്പനിയായ മയ്ബാഹിന്റെ 1.6 ലക്ഷം രൂപ വിലയുള്ള കണ്ണട വച്ചായിരുന്നു മോഡി ഗ്രഹണം വീക്ഷിച്ചത്, ദിനേന കിലോയ്ക്ക് എണ്‍പതിനായിരം രൂപ വിലയുള്ള താ‍യ് ‍ലാന്‍ഡിലെ കൂണുകള്‍ ഭക്ഷിക്കുകയും, ദശലക്ഷങ്ങള്‍ വിലയുള്ള കോട്ടു ധരിക്കുകയും ചെയ്യുന്ന മോഡി മൂന്നുരൂപയുടെ കണ്ണട വച്ച് സൂര്യഗ്രഹണം കാണാന്‍ അത്ര എരപ്പാളിയൊന്നുമല്ലല്ലോ !

ബിനാമി എന്ന വാക്കു കണ്ടുപിടിച്ചതു ബിജെപി ക്കു വേണ്ടിയായിരുന്നുവെന്ന് ഏതാണ്ട് സ്ഥിരീകരിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് ഒരു ബിനാമി പ്രധാനമന്ത്രി. മോഡിക്ക് സ്വന്തമായി കോര്‍പ്പറേറ്റ് ബിനാമികള്‍ ബിജെപിയ്ക്കു ബിനാമിയായി ഗവര്‍ണ്ണര്‍മാര്‍. ചുരുക്കത്തില്‍ ബിനാമികള്‍ പലവിധം ഉലകില്‍ സുലഭം ഇതൊക്കെയായിട്ടും ദരിദ്രവാസിയാണ് താനെന്ന് മോഡി ദേശവാസികളോട് ആണയിടുന്നു. ആണയിടുന്നത് സത്യം ബോധിപ്പിക്കാനാണ്. അതല്ലാതെ മാന്യന്മാരാരും കള്ളം പറയാന്‍ ആണയിടാറില്ല, പൗരത്വ ബില്ലിനെതിരേ രാജ്യം രോഷാഗ്നിയില്‍ ജ്വലിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആണയിട്ടു, ‘എന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു നോക്കു എന്റെ സമ്പത്ത്തെല്ലെങ്കിലും വര്‍ധിച്ചിട്ടുണ്ടോ എന്നു നോക്കു. എനിയ്ക്ക് ഒരുതുണ്ടു ഭൂമിയില്ല ഒരു ബംഗ്ലാവു പോലുമില്ല.’ എന്നിങ്ങനെയായിരുന്നു മോഡി ജനങ്ങളോടു ‘തുറന്നു’ പറഞ്ഞത്.

ഭാരതീയരെയാകെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ‘ഓക്കന്മാര്‍’ ആക്കുന്ന അസത്യപ്രസ്താവനയാണത്. ഇക്കഴിഞ്ഞ മേയില്‍ വാരാണസിയില്‍ നിന്നും ലോക് സഭയിലേയ്ക്കു മത്സരിക്കുമ്പോള്‍ മോ‍ഡി സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് മോഡിയുടെ മൊത്തം സ്വത്ത് 2.52 കോടി. ബാങ്കുനിക്ഷേപം 1.41 കോടി അഞ്ചുവര്‍ഷത്തിനുള്ളില്‍ സമ്പത്തിലുണ്ടായ വര്‍ധന ഒന്നേകാല്‍ ഇരട്ടിയോളം. ഗുജാറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിന്റെ കണ്ണായ സ്ഥാനത്ത് ഭൂമിയും ബംഗ്ലാവും അതിന്റെ വില മാത്രം 1.1 കോടി. രണ്ടു ലക്ഷം രൂപ വിലവരുന്ന നാലുമോതിരങ്ങള്‍ മോഡിക്കു സ്വന്തം. ഇവ തലാഖ് ചൊല്ലാതെ തന്നെ ഭാര്യയെ ഉപേക്ഷിച്ചപ്പോള്‍ അവരില്‍ നിന്ന് ഊരി അടിച്ചുമാറ്റിയതാണോ എന്നു മാത്രം സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. നാട്ടുകാരോട് അസത്യം വിളമ്പിയിട്ടു സത്യവാങ്മൂലത്തില്‍ താന്‍ കോടീശ്വരനെന്നു സമ്മതിച്ച മോഡിയുടെ വാക്കുകളെ ‘അസത്യം അക്ഷര സംയുക്തം’ എന്നു നമുക്കു വിശേഷിപ്പിക്കാം.

മോഡിയുടെ ബിനാമികളായ അംബാനി. അഡാനി പ്രഭൃതികളുടെ പക്കല്‍ മോഡിയുടെ എത്ര സഹസ്രകോടികളുടെ ബിനാമി സ്വത്ത് ഉണ്ടെന്നേ ഇനി ചികയേണ്ടതുള്ളൂ, പഴയൊരു തമിഴ് സിനിമയുണ്ട്. ‘കല്യാണം പണ്ണിയും ബ്രഹ്മചാരി, കല്യാണം കഴിച്ചിട്ടും ബ്രഹ്മചാരി ചമയുന്ന മോഡിയിലെ കോടിശ്വരനും വാക്കുകളില്‍ നിസ്വന്‍. ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലേയ്ക്കു വന്നപ്പോള്‍ എന്തൊരു വരവേല്‍പ്പായിരുന്നു. രാജ്ഭവനിലേയ്ക്കു വരുന്നത് ഇതാ ഒരു നീതിമാന്‍ എന്നു പലരും ആര്‍ത്തുവിളിച്ചപ്പോള്‍ ദേവിക പറഞ്ഞു ഈ ഉരുപ്പടി ആളുപിശകാരണെന്ന് ! ഒരു രാഷ്ട്രീയ ദേശാടനക്കിളിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദത്തിലെത്താന്‍ ചെയ്ത അത്യദ്ധ്വാനം അനുപമം, അവര്‍ണ്ണനീയം. കോണ്‍ഗ്രസിലൂടെ കേന്ദ്രമന്ത്രി. പിന്നീട്ട് സമാജ് വാജി പാര്‍ട്ടിയില്‍ അടുത്ത ഊഴം മായാവതിയുടെ തോഴനായി. ബിഎസ്‌പിയില്‍ മായാവതിയല്ലേ ചരക്ക്! ഖാന്റെ കളിയൊന്നും വിലപ്പോകാതെ വന്നപ്പോള്‍ വീട്ടില്‍ ഇരിപ്പില്‍തിട്ടമായി. ഒരു ദിവസം ഉള്‍വിളി മറ്റുള്ളവര്‍ തള്ളുന്ന ചവറ്റുകൊട്ടയായ ബിജെപിയിലേയ്ക്കു് ഒരൊറ്റ ചാട്ടം.

മോഡിയേയും അമിത്ഷായേയും സോപ്പിട്ട് പ്രോബേഷന്‍ കാലാവധിക്കു ശേഷം അനന്തപുരിയിലെ രാജ്ഭവനിലേയ്ക്കു്. ഇവിടെ വന്ന് അല്പദിവസം അടങ്ങിയൊതുങ്ങിക്കഴിഞ്ഞപ്പോള്‍ നാവുപിന്നെയും തരിക്കുന്നു. പൗരത്വ നിയമത്തിന്റെ പേരില്‍ ബിജെപിയുടെ കൂലിത്തല്ലുകാരനായി മപ്പടിച്ചു രംഗത്ത്. സംസ്ഥാന ഭരണത്തലവനു ചേരാത്തമട്ടില്‍ ഇന്ത്യന്‍ പ്രക്ഷോഭകാരികള്‍ക്കെതിരേ കുരച്ചു ചാടുന്ന ഗവര്‍ണര്‍ക്ക് ഇപ്പോള്‍ നാട്ടിലിറങ്ങി നടക്കാന്‍ പറ്റാത്ത പരുവക്കേട്. ചരിത്ര കോ­ണ്‍ഗ്രസ് വേദിയില്‍ പ്രതിഷേധത്തിന്റെ അലമാലകളില്‍ മുങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ അങ്ങനെ ചരിത്രവും സൃഷ്ടിച്ചു. ചരിത്ര കോണ്‍ഗ്രസില്‍ തനിയ്ക്കെതിരേ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോയും വാങ്ങിയാണ് ഗവര്‍ണര്‍ അനന്തപുരിയിലേയ്ക്കു തിരിച്ചത്. കേട്ടാല്‍ തോന്നും വീ‍ഡിയോയില്‍ പ്രതിഷേധിക്കുന്നവരെ ഈ ഗവര്‍ണര്‍ മൂക്കു നുള്ളി ഭക്ഷിച്ചുകളയുമെന്ന്, പണ്ട് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ പട്ടം താണുപിള്ള ഗവര്‍ണറെ ‘ഗവര്‍ണന്‍‍’ എന്നേ വിളിക്കുമായിരുന്നുള്ളൂ. ‘ര്‍’ എന്ന് വന്നാല്‍ ഗവര്‍ണരോടുള്ള ബഹുമാനം കൂടിപ്പോകുമെന്നാണ് താണുപിള്ള സാര്‍ കരുതിയത്.

അന്ന് പട്ടം ഗവര്‍ണറുടെ അക്ഷരം മാറ്റി വിളിച്ചത് നമുക്കു ആവര്‍ത്തിക്കാം ഗവര്‍ണന്‍ മുഹമ്മദ് ആരിഫ് ഖാന്‍ എന്ന് ! തികഞ്ഞ ഗോമൂത്രപാനിയും ചാണകം കൊണ്ട് നെറ്റിയില്‍ കുറിയിടുന്നയാളുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം കത്തിപ്പടരുന്ന യുപിയിലെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ മലയാളികളാണെന്നു കണ്ടുപിടിച്ചുകളഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളെടുത്ത് ഇവരെ പിടികിട്ടാപ്പുള്ളികള്‍ എന്ന് മുദ്രകുത്തി കേരളത്തിലുടനീളം പോസ്റ്റര്‍ പതിയ്ക്കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം, പോസ്റ്ററുമായി യുപിയില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ നടന്നു തിരിച്ചു പോകില്ലെന്നുറപ്പ്, യുപിയല്ല ഇതു കേരളമാണെന്ന് പാവം യോഗിക്കറിയില്ലെന്നുണ്ടോ! പോസ്റ്റ‍റൊട്ടിക്കാന്‍ ഇങ്ങുവരട്ടെ, ആദ്യം പറഞ്ഞത് യു പിയിലെ പ്രക്ഷോഭത്തില്‍ പശ്ചിമബംഗാളുകാരാണെന്നായിരുന്നു. ഇപ്പോള്‍ പറയുന്നു പ്രക്ഷോഭത്തിനു മുന്നില്‍ മലയാളികളെന്ന്.

മുഖ്യമന്ത്രിയ്ക്ക് സ്ഥലകാലഭ്രമവും ചിത്തഭ്രമവും ഉണ്ടായാല്‍ യോഗിയെ ഇങ്ങ് ഊളമ്പാറയിലേയ്ക്കു കൊണ്ടുവരിക ഞങ്ങള്‍ ചികിത്സിച്ചു രോഗം ഭേദപ്പെടുത്തിത്തരാം. രോഗവിമുക്തിയുണ്ടായാല്‍ പിന്നെ യോഗി ബിജെപി യിലുണ്ടാവില്ല. അതുകൊണ്ട് വട്ടുകളുടെ കൂട്ടമാണു ബിജെപി എന്ന് ജനം അപ്പോള്‍ പറയും ! ചാനലുകളില്ലായിരുന്നുവെങ്കില്‍ എന്നേ അകാലമൃത്യു അടയുമായിരുന്ന നേതാക്കളുടെ കൂടാരമാണ് ബിജെപി. ആ ഗണത്തില്‍പ്പെട്ട ഒരാളാണ് യുവമോര്‍ച്ച നോതാവ് സന്ദീപ് വാര്യര്‍. പൗരത്വബില്ലിനെതിരേ സിനിമാ പ്രവര്‍ത്തകരും, സാംസ്കാരികനായകരും, ബഹുജനങ്ങളും എറണാകുളത്തു നടത്തിയ മഹാപ്രകടനം വാര്യര്‍ക്കു സഹിക്കാനായില്ല. പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകരെ കേന്ദ്ര ആദായ നികുതി വകുപ്പിനേയും എന്‍ഫോഴ്സ്മെന്റിനെയും ഉപയോഗിച്ച് അകത്താക്കിക്കളയുമെന്നാണ് ഇയാളുടെ ഭീഷണി.

ലക്ഷക്കണക്കിനു വാഹന നികുതി തട്ടിപ്പുനടത്തിയ ബിജെപി നേതാവും സിനിമാ നടനുമായ സുരേഷ്ഗോപി എംപി പ്രതികൂട്ടില്‍ നില്‍ക്കുമ്പോഴാണ് വാര്യര്‍ പയ്യന്റെ ഈ ആക്രോശം. കേന്ദ്ര എന്‍ഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും സിബിഐയും കുടുംബസ്വത്താണെന്ന മട്ടില്‍ സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കുന്നത് കേരളത്തില്‍ നിന്നുകൊണ്ടാണെന്ന കാര്യം മറക്കേണ്ട. ഇത്തരക്കാര്‍ക്കു വേണ്ടി ജനം തെരുവുകളില്‍ മുക്കാലികളൊരുക്കി ചമ്മട്ടികളുമായി കാത്തുനി­ല്‍ക്കുന്നുവെന്ന കാര്യവും മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.