Web Desk

വാഷിങ്ടൺ

October 27, 2020, 2:53 pm

ചന്ദ്ര പര്യവേഷണത്തിൽ നിർണ്ണായക കണ്ടെത്തൽ ; ചന്ദ്രനിൽ ജലം

Janayugom Online

ചന്ദ്രനെകുറിച്ചുള്ള പഠനങ്ങളിൽ നിർണ്ണായക കണ്ടെത്തലുമായി നാസ. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യത്തിന് ഉറപ്പേകുന്ന തെളിവുകൾ നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി (സോഫിയ) കണ്ടെത്തി. നേച്ചർ അസ്ട്രോണമിയിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലൂടെയാണ് കണ്ടെത്തൽ പുറത്തുവിട്ടത്.

ആദ്യത്തേതിൽ ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം ഏൽക്കുന്നിടത്ത് ജലസാന്നിധ്യം കണ്ടെത്തിയതായാണ് നാസ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ തെക്കൻ അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന, ഭൂമിയിൽ നിന്ന് കാണാവുന്ന ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നായ ക്ലാവിയസിലാണ് ജലസാന്നിധ്യം തിരിച്ചറിഞ്ഞത്.

സോഫിയയിൽ പിടിപ്പിച്ചിരിക്കുന്ന ഇൻഫ്രാറെഡ് ക്യാമറയും ഒപ്പം പ്രവർത്തിക്കുന്ന 106-ഇഞ്ച് വ്യാസമുള്ള ടെലസ്കോപ്പുമാണ് ആറ് മൈക്രോൺ വ്യാസമുള്ള ജലതന്മാത്രകൾക്ക് ചേർന്ന തരത്തിലുളള ശേഖരം ക്ലാവിയസിൽ കണ്ടെത്തിയത്. ഇതുവരെ നടന്ന പഠനങ്ങളുടെ വിലയിരുത്തലുകൾക്കപ്പുറം കൂടുതൽ വെള്ളം ചന്ദ്രനിൽ ഉണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

മുൻപ് നടത്തിയ ഗവേഷണങ്ങളിൽ ഉപരിതലത്തിൽ ജലത്തിന്റെ സൂചനകൾ കണ്ടെത്തിയിരുന്നെങ്കിലും ജലവും അതിന്റെ അടുത്ത രാസ ആപേക്ഷികവുമായ ഹൈഡ്രോക്സൈലും തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ചന്ദ്രോപരിതലത്തിൽ തണുത്തതും നിഴലുള്ളതുമായ സ്ഥലങ്ങളിൽ മാത്രമായിരിക്കും ജല സാന്നിധ്യമെന്നായിരുന്നു മുൻ കണ്ടെത്തലുകൾ. ഇതാദ്യമായാണ് ചന്ദ്രനിൽ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ചന്ദ്രോപരിതലത്തിലുടനീളം ജലസാന്നിധ്യം കണ്ടേക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇത് മുൻ ധാരണകളിൽ നിന്ന് വ്യത്യസ്തവും ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണത്തിന് പ്രസക്തവുമാണെന്ന് നാസ ജ്യോതിശാസ്ത്ര വിഭാഗം ഡയറക്ടർ പോൾ ഹെർട്സ് പറഞ്ഞു.

ചില സ്ഥലങ്ങളിൽ വെള്ളം ധാരാളമായി ഉണ്ടെന്ന് കണ്ടെത്തിയാൽ അത് പര്യവേക്ഷണത്തിനുള്ള ഒരു വിഭവമാക്കാൻ കഴിഞ്ഞേക്കുമെന്ന് ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് പ്ലാനറ്റോളജിയിലെ ശാസ്ത്രജ്ഞനായ കാസി ഹോന്നിബാൾ പറഞ്ഞു. ഇത് കുടിവെള്ളം, ശ്വസിക്കാൻ കഴിയുന്ന ഓക്സിജൻ, റോക്കറ്റ് ഇന്ധനം എന്നിവയായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയിരിക്കുന്നതിനേക്കാൾ 100 മടങ്ങ് വെള്ളമാണ് സഹാറ മരുഭൂമിയിൽ ഉള്ളതെന്ന് നാസ പറയുന്നു. 12 ഔൺസ് ജലത്തിന് തുല്യമാകുന്ന അളവിലാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. തുടർ ഗവേഷണങ്ങളിൽ വെള്ളം എങ്ങനെ ഉത്ഭവിക്കുന്നുവെന്നതും അത് എങ്ങനെ നിലനിൽക്കുന്നു എന്നതും മനസ്സിലാക്കാൻ കഴിയുമെന്നും നാസ അറിയിച്ചു.

you may also like this video