ചന്ദ്രയാൻ 2 വിക്രം ലാൻഡർ ഇവിടെയുണ്ട്: ചിത്രം പുറത്തുവിട്ട് നാസ

Web Desk
Posted on December 03, 2019, 9:53 am

വാഷിങ്ടൻ: ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്ന് നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാൻഡർ കണ്ടെത്തിയതെന്ന് നാസ അറിയിച്ചു. ലൂണാർ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ) പകർത്തിയ ലാൻഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 പേടകം പറന്നുയർന്നത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബർ 2ന് ഓര്‍ബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു.

സെപ്റ്റംബർ 7നു പുലർച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിച്ചിരുന്നത്. സോഫ്റ്റ്‌ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 ‑ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഏതാനും കിലോമീറ്ററുകൾക്കുള്ളിലായി 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങൾ കിടക്കുന്നത്.

you may also like this video

എല്‍ആ‍ര്‍ഒ സെപ്റ്റംബർ‌ മുതൽ പല പ്രാവശ്യം വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സ‍ഞ്ചരിച്ചു ചിത്രങ്ങൾ പകർത്തിയിരുന്നെങ്കിലും അവയുടെ പ്രാഥമിക വിശകലനത്തിൽ വിക്രം ലാൻഡറിനെപ്പറ്റി വിശദമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിഴലുകൾക്കിടയിൽ വീണതിനാലാണ് ലാൻഡറിന്റെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതെന്ന് നാസ വിലയിരുത്തിയിരുന്നു.