Web Desk

അമേരിക്ക

July 30, 2020, 9:53 pm

പുതിയ ചൊവ്വാ പര്യവേഷണ പേടകം ‘മാർസ് 2020’ നാസ വിജയകരമായി വിക്ഷേപിച്ചു

Janayugom Online

പുതിയ ചൊവ്വാ പര്യവേഷണ പേടകം ‘മാർസ് 2020’ നാസ വിജയകരമായി വിക്ഷേപിച്ചു. ചൊവ്വയിൽ ജീവന്റെ തുടിപ്പുണ്ടോ എന്ന് തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമാണ് 2020 മാർസ് റോവറിന്റെ ലക്ഷ്യം. ‘മാർസ് 2020 പെർസെവെറൻസ്’ റോവർ ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്.

പേടകം അടുത്ത വർഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ആദ്യം യു. എ. ഇയും പിന്നാലെ ചൈനയും ചൊവ്വയിലെ രഹസ്യങ്ങൾ തേടി പേടകങ്ങൾ വിക്ഷേപിച്ചിരുന്നു. ഏഴ് മാസങ്ങൾക്ക് ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ 2021 മാർസ് റോവർ ചൊവ്വയിൽ ഇറങ്ങും. ചൊവ്വയിൽ ഇറങ്ങാൻ പോകുന്ന അഞ്ചാമത്തെ അമേരിക്കൻ പര്യവേഷണ വാഹനമാണ് ‘2020 മാർസ് റോവർ’. ചൊവ്വയിലെ ജീവന്റെ തെളിവുകൾ കണ്ടെത്തുകയാണ് ഈ പേടകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ചൊവ്വയിൽ പല പരീക്ഷണങ്ങളും ‘മാർസ് 2020’ നടത്തും. 23 ക്യാമറകളാണ് മാർസ് റോവറിനുള്ളത്.

ലേസറുകൾ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്. മുൻ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയുടേതു പോലെ ആറ് ചക്രങ്ങളാണ് 2020 മാർസ് റോവറിനും ഉള്ളത്. പാറകൾ നിറഞ്ഞ ചൊവ്വയുടെ പ്രതലത്തിൽ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടിയാണിത്. 2004ൽ ചൊവ്വയിലിറങ്ങിയ സ്പിരിറ്റ് ആൻഡ് ഓപ്പർച്യുണിറ്റി വെള്ളം ഒഴുകിയതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. സ്പിരിറ്റ് ആൻഡ് ഓപ്പർച്യുണിറ്റിയുടെ കണ്ടെത്തൽ നിർണായകമായതിന് പിന്നാലെ 2012ൽ ക്യൂരിയോസിറ്റി ചൊവ്വയിലെത്തി. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവൻ നിലനിർത്താൻ കഴിയുന്ന ഒരു തടാകമായിരുന്നു ചൊവ്വയെന്നും സൂക്ഷ്മ ജീവികൾ ഉണ്ടായിരുന്നിരിക്കാമെന്നും കണ്ടെത്തി. നിർണായകമായ ഈ കണ്ടെത്തലിന് ശേഷമാണ് നാസ മാർസിനെ അയക്കുന്നത്.

you may also like this video