Wednesday
18 Sep 2019

തുഷാറിനെതിരായ ശബ്ദരേഖ തന്‍റേതുതന്നെയെന്ന് നാസില്‍ അബ്ദുള്ള

By: Web Desk | Monday 2 September 2019 9:46 AM IST


ദുബായ്: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന ശബ്ദസന്ദേശം തന്‍റേതുതന്നെയെന്ന് വെളിപ്പെടുത്തി നാസില്‍ അബ്ദുള്ള. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുള്ളയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഫോണ്‍സംഭാഷണത്തി​ന്റെ ശബ്ദരേഖ നാസില്‍ തന്‍റേതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് ശബ്ദരേഖയിലുള്ളതെന്നാണ് വിവരം.  തുഷാറിനെതിരായ ശബ്ദരേഖ തന്‍റേതുതന്നെയെന്ന് നാസില്‍ അബ്ദുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള തന്റെ ഒരു സുഹൃത്തിനോട് തുഷാറിന്റെ ഒരു ബ്ലാങ്ക് ചെക്ക് വാങ്ങാന്‍ അഞ്ചു ലക്ഷം രൂപ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്ന രീതിയിലുള്ള ശബ്ദസന്ദേശമാണ്. അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

തുഷാര്‍ നിരപരാധിയെന്നും നീതി കിട്ടുന്നതില്‍ സംശയമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് അബ്ദുള്ള സുഹൃത്തിനോട് പറയുന്നതാണ്ശബ്ദരേഖയിലുളളത്. തുഷാറിന്റെ ഒരു ബ്ലാങ്ക് ചെക്ക് തുഷാറിനൊപ്പമുള്ള ഒരാളുടെ കയ്യില്‍ ഉണ്ട്. അയാള്‍ക്ക് കേസ് കൊടുക്കാന്‍ താത്പര്യമില്ല. അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക് തന്റെ കയ്യില്‍ കിട്ടും. അതുപയോഗിച്ച്‌ തുഷാര്‍ ഉടന്‍ ദുബായിയില്‍ വരുമ്ബോള്‍ കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടിയെന്നും ഇതിനായി അഞ്ചു ലക്ഷം സംഘടിപ്പിക്കുന്ന കാര്യവുമാണ് പറയുന്നത്.

തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെയ്ക്കാമെന്നുമാണ് പറയുന്നത്. തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്നും പറയുന്നു. തുഷാര്‍ കുടുങ്ങിയാല്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ കുലുങ്ങുമെന്നും പണം ഉടന്‍ തന്ന് ഒത്തുതീര്‍പ്പിനെത്തുമെന്നും പറയുന്നുണ്ട്.

തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണമെന്നുമാണ് പറയുന്നത്. ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ലെന്നും ഷാര്‍ജയില്‍ കേസ് കൊടുക്കാമെന്നും നാസില്‍ പറയുന്നുണ്ട്. ദുബായില്‍ കേസ് കൊടുത്താന്‍ നാട്ടിലെ നിയമം തുണയാകില്ല.

സംഭവം കയറി കത്തിയാല്‍ വെള്ളാപ്പള്ളി നടേശനില്‍ നിന്നും പെട്ടെന്ന് ഒത്തുതീര്‍പ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിര്‍ഹമെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ കിട്ടുമെന്നും സംഭാഷണത്തില്‍ നാസില്‍ പ്രതീക്ഷ വെയ്ക്കുന്നു. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തന്നിട്ടുള്ള തുഷാറിന് ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ അത് തെളിയിക്കാന്‍ കഴിയില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ആദ്യം പത്ത് ദശലക്ഷം ദിര്‍ഹം ചെക്കില്‍ എഴുതിചേര്‍ക്കാമെന്ന് പറയുന്ന നാസില്‍ പിന്നീട് ആറ് ദശലക്ഷത്തിലേക്ക് വരുന്നുണ്ട്.

തുഷാര്‍ ദുബായില്‍ അറസ്റ്റിലാകുന്നതിന് മുന്‍പുളള ശബ്ദരേഖയാണ് ഇതെന്നാണ് സൂചന. ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ ഇത് തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. തുഷാറിന്റെ നിലപാടുകള്‍ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം. 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.

YOU MAY LIKE THIS VIDEO ALSO

Related News