തമിഴ്‌നാട്ടില്‍ നിന്ന് മോഷണം പോയ നടരാജ വിഗ്രഹം ഓസ്‌ട്രേലിയയില്‍ നിന്ന് തിരികെ എത്തിച്ചു

Web Desk
Posted on September 13, 2019, 12:47 pm

ചെന്നൈ: തമിഴ്‌നാട്ടിലെ കല്ലിടെകുറിച്ചി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വെങ്കലത്തില്‍ തീര്‍ത്ത നടരാജ വിഗ്രഹം തിരികെ എത്തിച്ചു. മോഷണം പോയി മുപ്പത്തേഴ് വര്‍ഷത്തിന് ശേഷമാണ് വിഗ്രഹം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്.

ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെ പ്രത്യേക ഉദ്യോഗസ്ഥന്‍ പൊന്‍ മാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഗ്രഹം എത്തിച്ചത്. പുരട്ചി തലൈവര്‍ ഡോ എം ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനില്‍ നൂറ് കണക്കിന് ഭക്തരും പുജാരികളും ചേര്‍ന്ന് വിഗ്രഹം സ്വീകരിച്ചു. പിന്നീട് പൂജകളും നടന്നു. രണ്ട് മണിക്കൂറോളം റയില്‍വേസ്‌റ്റേഷന്‍ ആരാധനാ കേന്ദ്രമായി മാറി.

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങളടക്കം പല വസ്തുക്കളും അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെത്തിക്കാന്‍ പരമാവധി ശ്രമിച്ച് വരികയാണ്. വരും മാസങ്ങളില്‍ ഇവയും കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാണിക്കവേല്‍ പറഞ്ഞു.
റയില്‍വേസ്റ്റേഷനില്‍ നിന്ന് റോഡ് മാര്‍ഗം വിഗ്രഹം കുമ്പകോണത്തേക്ക് കൊണ്ടു പോയി. ഇവിടെ കേസ് നടക്കുന്ന കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ക്ഷേത്രത്തിന് കൈമാറിയത്.

1980കളിലാണ് ഈ വിഗ്രഹം മറ്റ് മൂന്നെണ്ണത്തോടൊപ്പം ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടത്. നടരാജ വിഗ്രഹം മാത്രം ഓസ്‌ട്രേലിയയില്‍ നിന്ന് കണ്ടെത്താനായി. അവിടെ ഒരു മ്യൂസിയത്തില്‍ കണ്ടെത്തിയ വിഗ്രഹം പിന്നീട് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ അധികൃതര്‍ വിഗ്രഹവുമായി നേരിട്ട് ഡല്‍ഹിയില്‍ എത്തി മാണിക്കവേലിനും സംഘത്തിനും ബുധനാഴ്ച ഇത് കൈമാറുകയായിരുന്നു. ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ഇത് പുനഃപ്രതിഷ്ഠിക്കും.