June 11, 2023 Sunday

Related news

May 10, 2023
April 21, 2023
April 12, 2023
April 10, 2023
April 8, 2023
April 7, 2023
April 1, 2023
April 1, 2023
March 30, 2023
March 30, 2023

പകർച്ചപ്പനി; അസ്വാഭാവികതയില്ലെന്ന് പഠന റിപ്പോർട്ട്

പ്രദീപ് ചന്ദ്രൻ
കൊല്ലം
March 18, 2023 10:11 pm

അടുത്തിടെ രാജ്യത്ത് ദൃശ്യമായ പകർച്ചപ്പനി വ്യാപനത്തിൽ അസ്വാഭാവികതയില്ലെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ പഠന റിപ്പോർട്ട്. കോവിഡ് വ്യാപനമുണ്ടായ 2020, 2021 വർഷങ്ങളിൽ പകർച്ചപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത് യഥാക്രമം 2752, 778 എന്ന തോതിലായിരുന്നു. ഇക്കാലയളവിലെ മരണനിരക്കാകട്ടെ 44ഉം 12ഉം. അതേസമയം 2018ൽ 15,266 പേർക്കും 2019 ൽ 28,798 പേർക്കും വൈറൽ പനി പിടിപെട്ടതായാണ് ഐസിഎംആറിന്റെ ഇൻഫ്ലുവൻസ ഡേറ്റാബേസിലുള്ളത്. ഇക്കാലയളവിൽ 2346 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. 2022 ൽ 13,202 പേർക്ക് രോഗം പിടിപെടുകയും 410 പേർ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ച് ഒൻപത് പേരാണ് മരിച്ചത്. മാർച്ചിൽ രണ്ടു പേർക്ക് ജീവഹാനി സംഭവിച്ചത് പുതുതായി കണ്ടെത്തിയ എച്ച്3 എൻ2 വൈറസ് ബാധ മൂലമാണ്. ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ രണ്ട് പകർച്ചപ്പനി സീസണാണുള്ളത്. കാലവർഷത്തിനു മുൻപ് ജനുവരി മുതൽ മാർച്ച് വരെയും ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയും. കാലാവസ്ഥ മാറ്റത്തെ തുടർന്നാണ് പകർച്ചപ്പനി വ്യാപനമുണ്ടാകുന്നത്.

എല്ലാ വർഷവും നിരവധി പേർക്ക് പനി പിടിപെടുന്നത് മൂലം വൈറസിനെ പ്രതിരോധിക്കാനുളള ആന്റിബോഡി രൂപപ്പെടുന്നു. എന്നാൽ 2021–22 കാലയളവിൽ വ്യാപകമായ കോവിഡ് ബാധ മൂലം ഇൻഫ്ലുവൻസ വൈറസിന്റെ വ്യാപനമുണ്ടായില്ല. ഓരോ വർഷത്തെയും പകർച്ചപ്പനി വ്യാപനം മൂലം ഇൻഫ്ലുവൻസ വൈറസിന്റെ ജനിതക ഘടനയിലും മാറ്റങ്ങളുണ്ടാകും. എന്നാൽ കോവിഡിനെ തുടർന്ന് ആൾക്കാർ വീടുകളിൽ തളച്ചിടാൻ നിർബന്ധിതമായതോടെ പകർച്ചപ്പനി വൈറസിന്റെ വ്യാപനം മന്ദീഭവിക്കുകയും ജനിതക മാറ്റം സംഭവിക്കാതിരിക്കുകയും ചെയ്തു. എന്നാൽ കോവിഡിൽ നിന്ന് സമൂഹം മുക്തമായതോടെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ ഇൻഫ്ലുവൻസ വൈറസിന്റെ ഘടനയിൽ അപ്രതീക്ഷിത മാറ്റമുണ്ടായതായി എൻസിഡിസിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം പകർച്ചപ്പനി മൂലം 410 പേർ മരിച്ചത് എച്ച് 1 എൻ1 വൈറസ് ബാധ മൂലമാണ്.

ഡിസംബറോടെയാണ് ഇതിന്റെ ജനിതക വ്യതിയാനമായ എച്ച് 3 എൻ 2 വൈറസ് ബാധ പ്രത്യക്ഷപ്പെട്ടത്. 1968 ലും എച്ച് 3 എൻ 2 വൈറസ് മൂലമുള്ള രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 1996 ൽ ഇന്ത്യയിൽ ഈ വൈറസ് മൂലമുള്ള പകർച്ചപ്പനി വ്യാപകമായിരുന്നു. തമിഴ്‌നാട്ടിൽ ഇപ്പോൾ 260 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (70), ഗുജറാത്ത് (33), ഡൽഹി (17), കേരളം (15) എന്നിങ്ങനെയാണ് നിലവിലുള്ള എച്ച് 3 എൻ 2 വൈറസ് ബാധ. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. ഇവയ്ക്ക് വായുവിലും ഉപരിതലങ്ങളിലും ദീർഘനേരം തങ്ങി നിൽക്കാനാകും. പകർച്ചപ്പനി വ്യാപനം തടയാനുള്ള ഏറ്റവും ലളിതമായ മാർഗം മാസ്ക് ധരിക്കുക എന്നുള്ളതാണ്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും രോഗ പകർച്ച തടയുമെന്ന് എൻസിഡിസിയിലെ വിദഗ്ധർ പറയുന്നു.

Eng­lish Sum­ma­ry: Nation­al Cen­tre For Dis­ease Con­trol report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.