October 7, 2022 Friday

ദേശീയ പൗരത്വ ഭേദഗതി നിയമം, അന്തർദേശീയ മനുഷ്യാവകാശ ഉടമ്പടികൾക്ക് വിരുദ്ധം

നിത്യ ചക്രബർത്തി
March 5, 2020 5:30 am

പൗരത്വ ഭേദഗതി നിയമത്തിൽ ആഗോള രാജ്യങ്ങളുടെ പിന്തുണ നേടാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ അവകാശപ്പെടുന്നത്. എന്നാൽ ഇവരുടെ വാദങ്ങൾ പൊള്ളയാണെന്ന് തെളിയുകയാണ്. സാർവദേശീയ തലത്തിൽ പുതിയ ഭേദഗതി നിയമം ഇന്ത്യക്ക് തിരിച്ചടിയാകുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്ക, മറ്റ് പാശ്ചാത്യ രാജ്യങ്ങൾ, പശ്ചിമേഷ്യയിലെ മുസ്‌ലിം രാജ്യങ്ങൾ എന്നിവരുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിനാണ് അടുത്തിടെ ഡൽഹിയിൽ നടന്ന കലാപം കാരണമായിരിക്കുന്നത്. ഇന്ത്യയുമായി എന്നും നല്ല സൗഹൃദ ബന്ധം പുലർത്തിയിരുന്ന രാജ്യമാണ് ഇറാൻ. അമേരിക്കൻ ഉപരോധത്തിനുപരിയായി എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടും നല്ല ബന്ധങ്ങളാണ് ഇരുരാജ്യങ്ങളും തുടർന്നിരുന്നത്. ഡൽഹിയിലെ വർഗീയ കലാപത്തിന് ശേഷം മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി.

മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബ്രിട്ടൻ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട് ഡൽഹിയിലെ വർഗീയ കലാപത്തോടെ മാറ്റം വരുത്തി. പൗരത്വ ഭേദഗതി നിയമമാണ് ഡൽഹി കലാപത്തിന് കാരണമെന്ന വിലയിരുത്തലാണ് ബ്രിട്ടൺ ഫോറിൻ ഓഫീസിന്റേത്. ബ്രിട്ടനിലെ ലേബർ പാർട്ടി സിഎഎക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. പാർട്ടി അംഗങ്ങൾ സിഎഎക്കെതിരെ ലണ്ടനിൽ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹി കലാപത്തിൽ സിഎഎയുടെ സ്വാധീനം സംബന്ധിച്ച് യുഎസ് കോൺഗ്രസ് അംഗങ്ങൾ അന്വേഷണം ആരംഭിച്ചു. ഡൽഹി കാലപത്തിനെതിരെ യുഎസ്എ, യുകെ, മറ്റ് പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശീയരുമായി കൈകോർത്ത് ശക്തമായ പ്രതിഷേധങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തുന്നത്. അമേരിക്കയിലെ 20 സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹോളി ദിനത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും. സിഎഎയുടെ നിയമസാധുത ചോദ്യം ചെയ്ത് യുഎൻ മനുഷ്യാവകാശ കമ്മിഷൻ (യുഎൻഎച്ച്ആർസി) സുപ്രീം കോടതിയിൽ ഇടപെടൽ (ഇന്റർവെൻഷൻ അപ്ലിക്കേഷൻ) അപേക്ഷ സമർപ്പിച്ചതാണ് മോഡി സർക്കാരിന് ദേശാന്തര തലത്തിൽ നേരിടേണ്ടിവരുന്ന വലിയ വെല്ലുവിളി.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനായി മോഡി സർക്കാർ പാസാക്കിയ സിഎഎ, ഇന്ത്യകൂടി ഉൾപ്പെട്ട മനുഷ്യാവകാശ ഉടമ്പടികൾക്ക് വിരുദ്ധമെന്നാണ് ഹർജിയിൽ പറയുന്നത്. ഈ നിലപാട് തികച്ചും അപലപനീയമാണെന്നും യുഎൻഎച്ച്ആർസി ഹൈക്കമ്മിഷണർ സമർപ്പിച്ച ഹർജിയിൽ പരാമർശിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായാൽ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ആഭ്യന്തര കോടതികളെ സമീപിക്കാനുള്ള നിയമപരമായ അവകാശം യുഎൻഎച്ച്ആർസിക്കുണ്ട്. തങ്ങളുടെ അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കൂടി പരിഗണിച്ചാകണം സിഎഎയുമായി ബന്ധപ്പെട്ട ഹർജികളിൽ തീർപ്പുകാണേണ്ടതെന്നാണ് യുഎൻഎച്ച്ആർസിയുടെ ആവശ്യം. മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം, സാർവദേശീയതലത്തിൽ കുടിയേറ്റക്കാർക്ക് അംഗീകരിച്ച് അനുവദിച്ചിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ജാതി, മതം, വർഗം എന്നിവയിലെ വ്യത്യാസങ്ങൾക്ക് ഉപരിയായി കുടിയേറ്റക്കാർക്ക് അനുവദിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട ഭരണകൂടങ്ങൾ ബാധ്യസ്ഥരാണ്. നിയമത്തിന്റെ മുന്നിലെ തുല്യത, തുല്യമായ സംരക്ഷണം എന്നിവ കുടിയേറ്റക്കാർക്കും ബാധകമാണെന്ന അന്താരാഷ്ട്ര നിയമങ്ങളുടെ പാലനമാണ് ഒരു രാജ്യത്തെ നിയമ വാഴ്ചയുടെ അടിസ്ഥാനം.

ഈ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പൊതു-സ്വകാര്യ മേഖലകളിലെ വിവേചനം ഇല്ലാതാക്കുകയെന്നത് ഒരു സർക്കാരിന്റെ കടമയാണ്. ഇതിൽ നിന്നുള്ള വ്യതിയാനം ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇന്ത്യകൂടി ഒപ്പിട്ട അന്താരാഷ്ട്ര സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് ഉടമ്പടി, അന്താരാഷ്ട്ര ഇക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ ഉടമ്പടി, കൺവൻഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്നിവയുടെയെല്ലാം നഗ്നമായ ലംഘനമാണ് മോ‍ഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പൗരൻമാരും പൗരത്വമില്ലാത്ത കുടിയേറ്റക്കാരും തമ്മിൽ യഥാർത്ഥത്തിൽ വ്യത്യാസമില്ല. പൗരൻമാർക്ക് നൽകുന്നതുപോലുള്ള അവകാശങ്ങൾ കുടിയേറ്റക്കാർക്ക് നൽകേണ്ടത് ഒരു സർക്കാരിന്റെ കടമയാണ്. എന്നാൽ പൗരത്വ ഭേദഗതി നിയമപ്രകാരം ഇതിന് ഗുരുതരമായ കോട്ടം സംഭവിക്കുമെന്നാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ ഹർജിയിൽ പറയുന്നത്.

കുറച്ച് വിഭാഗങ്ങൾക്ക് പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽനിന്നും മോചനം ലഭിക്കുമ്പോൾ മറ്റൊരു വിഭാഗം കൂടുതൽ പ്രതിസന്ധിയിലാകുന്നു. ഇതാണ് മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം. ഇതിലൂടെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ആശ്വാസം ലഭിക്കുന്നത്. യുഎൻ മനുഷ്യാവകാശ കൗൺസിൽ സിഎഎക്കെതിരെ പരാതി നൽകിയതിലൂടെ പ്രശ്നം സർവദേശീയ ശ്രദ്ധയിൽ വന്നിരിക്കുകയാണ്. സിഎഎയുമായി ബന്ധപ്പെട്ടുള്ള സുപ്രിം കോടതി വിധി എന്തുതന്നെ ആയാലും ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ച് യുഎൻ വളരെ ഗൗരവമായാണ് കാണുന്നതെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇത് ഗാന്ധിജിക്കും ഗൗതമ ബുദ്ധനും ജന്മം നൽകിയ നാടിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചടിയാണ്, ഒരു പിന്നാക്കം പോക്കാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.