അസ്തിത്വം നഷ്ടപ്പെട്ടവര്‍

Web Desk
Posted on September 07, 2019, 10:00 pm

ദേശീയ പൗരത്വ പട്ടിക പുറത്തുവന്നതോടെ 19ലക്ഷം പേര്‍ പുറത്തായി. ഇപ്പോഴും അവരുടെ അവസ്ഥ എന്തെന്ന് അറിയില്ല. അപ്പീല്‍ നല്‍കിയാലും തങ്ങളുടെ ഭാവി എന്തെന്ന് അറിയാത്ത ആശങ്കയിലാണ് അസമിലെ 19 ലക്ഷത്തോളം വരുന്ന ജനങ്ങള്‍. തല്‍സ്ഥിതി തുടരുമോ എന്ന കാര്യത്തിലും ഇവര്‍ക്ക് വ്യക്തതയില്ല. കുടുംബങ്ങള്‍ വേര്‍പെട്ടു, പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് വയോധികര്‍ തികച്ചും ഒറ്റപ്പെടുന്നു. കുട്ടികള്‍പോലും ഈ കെടുതിയില്‍ നിന്നും മോചിതരല്ല. രക്ഷിതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു, കുട്ടികള്‍ പട്ടികയില്‍ നിന്നും പുറത്തായി. അസമില്‍ നേരത്തെ നാല് തടങ്കല്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് പത്തായി. എന്നാല്‍പ്പോലും പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
അസമിലെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ജനവിഭാഗങ്ങളാണ് ഇപ്പോള്‍ പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. മാധ്യമപ്രവര്‍ത്തകനായ നാബുറാം ഗുഹ പട്ടികയില്‍ തന്റെ പേര് ഉണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍ആര്‍സി ഓഫീസില്‍ എത്തിയത് രണ്ട് തവണ. ദൗര്‍ഭാഗ്യവശാല്‍ നാബുറാം ഗുഹയുടെ പേര് പട്ടികയിലില്ല. 1930 മുതല്‍ അസമിലെ ഗുവാഹത്തിയില്‍ താമസിക്കുന്ന കവിയും ചരിത്രകാരനുമായ അമലേന്ദു ഗുഹയുടെ പൗത്രനാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട നാബുറാം ഗുഹ. കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു.
അസമിലെ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരുന്ന 1.9 ദശലക്ഷംപേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ഇത് പട്ടികയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പൗരന്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം വരുന്നതുവരെ ഇപ്പോള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കണം. വിദേശ ട്രിബ്യൂണലുകളെ സമീപിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കണം. ഒഴിവാക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്യാന്‍ കഴിയണം. ഇതിനായി 120 ദിവസമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ജുഡീഷ്യല്‍ അധികാരങ്ങളില്ലാത്ത ഒരു എക്‌സിക്യൂട്ടിവ് സംവിധാനമായാണ് ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നത്. പൗരത്വം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് വിദേശ ട്രിബ്യൂണലുകള്‍ക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഒരു സംവിധാനം ഉണ്ടാകണം. ഇപ്പോള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ അയയ്ക്കുന്നത് ഒഴിവാക്കണം. അങ്ങനെ ഉണ്ടാകുന്നത് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിരസിക്കുന്നതിന് തുല്യമാണ്, അതിലേറെ മനുഷ്യത്വരഹിതമായ നിലപാടുകളാണിത്.
പൗരത്വം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പട്ടികകള്‍ക്ക് പ്രതിലോമ വശങ്ങളുമുണ്ട്. അസമിലെ കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രഭുല്ല മഹന്ത പോലും ഇപ്പോള്‍ പുറത്താക്കിയവരുടെ എണ്ണം കണ്ട് അത്ഭുതപ്പെടുന്നു. ബംഗ്ലാദേശികളായ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും പൗരത്വം നല്‍കരുതെന്നാണ് മഹന്ത ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള പൗരത്വ നിര്‍ണയമല്ല താന്‍ ലക്ഷ്യമിട്ടതെന്ന് പൗരത്വ പട്ടിക തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ആദ്യമായി സമീപിച്ച പ്രദീപ് കുമാര്‍ ഭുയാന്‍ പറയുന്നു. 1971ന് മുമ്പ് അസമില്‍ കുടിയേറിയവര്‍ പോലും പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
അതിനിടെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് മോഡി സര്‍ക്കാര്‍ പൗരത്വം അനുവദിച്ചു. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം അനുവദിച്ചത്. ഇതിലൂടെ പൗരത്വ നിര്‍ണയ പ്രക്രിയകള്‍ അര്‍ഥശൂന്യമായി. കൂടാതെ ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയതും ഹിന്ദുക്കളായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിച്ചതും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെയും 1985ലെ അസം ഉടമ്പടിയുടെയും നഗ്നമായ ലംഘനമാണ്.
പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് രാജ്യത്ത് എവിടെയും ജീവിക്കാനുള്ള അവകാശം ലഭിക്കുമെന്നാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് ഒന്നാം മോഡി സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് പറഞ്ഞിരുന്നത്.
പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് പൗരത്വം ലഭിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ ഒന്നിന് രാജ്യസഭയില്‍ പറഞ്ഞത്. ജാതി, മതം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ഭരണഘടന അനുവദിക്കുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാപേരും ഇന്ത്യന്‍ പൗരന്‍മാരാണ്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.