ദേശീയ വിദ്യാഭ്യാസ നയവും ഉന്നതവിദ്യാഭ്യാസ മേഖലയും

Web Desk
Posted on August 06, 2019, 10:57 pm

1986‑ലെ ദേശീയ വിദ്യാഭ്യാസ നയം ഏകദേശം മുപ്പതു വര്‍ഷങ്ങളിലധികം കാലമായി ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ സ്വാധീനിച്ചുകൊണ്ട് നിലനില്‍ക്കുകയാണ്. ഈയൊരവസരത്തിലാണ് രണ്ടാം നരേന്ദ്രമോഡി ഗവണ്‍മെന്റ് വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം ഉണ്ടാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മറ്റൊരു ദേശീയ വിദ്യാഭ്യാസ നയത്തിനുള്ള കരട് രേഖ രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍ ഈ കരടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസനയമെന്നത് വരുംതലമുറകളെ അവരുടെ സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക മണ്ഡലങ്ങളെ വളരെയധികം സ്വാധീനിക്കുന്ന ഘടകം ആയതിനാല്‍ നാം ഈ കരടിനെ നന്നായി വിലയിരുത്തേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഈ കരടിന്റെ ഭാഗമായി നയരൂപീകരണ സമീപനങ്ങളില്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം പുരോഗമിക്കുന്നത്.
വിദ്യാഭ്യാസം ഒരു സാമൂഹികപ്രക്രിയ എന്നുള്ള നിലയില്‍ അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യത്യസ്തവും വിവിധങ്ങളുമായ കാഴ്ചപ്പാടുകളാണ് സമൂഹത്തില്‍ നിലവിലുള്ളത്. സൈദ്ധാന്തിക അടിത്തറയുടെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസത്തെയും അതിന്റെ ലക്ഷ്യങ്ങളെയും നോക്കിക്കാണുമ്പോള്‍ വിദ്യാഭ്യാസ നയംമാറ്റങ്ങള്‍ വര്‍ഗതാല്‍പര്യങ്ങളുടെ പ്രക്ഷേപണങ്ങളായി മാത്രം ചുരുങ്ങിപ്പോകുന്നു. എന്നാല്‍ മനുഷ്യസമൂഹത്തിന്റെ സകലമാന പുരോഗതിക്കും നിദാനമായിട്ടുള്ള ചരിത്രവസ്തുതയായി അറിവിനേയും വിദ്യാഭ്യാസത്തെയും അംഗീകരിക്കുമ്പോള്‍ മേല്‍പറഞ്ഞ ന്യൂനതയില്‍ നിന്നും വിദ്യാഭ്യാസമെന്ന പ്രക്രിയ സ്വതന്ത്രമാവുകയാണ്. ആഗോളവത്കരണാനന്തരമുള്ള 21-ാം നൂറ്റാണ്ടിലെ സര്‍ഗാത്മക പ്രവര്‍ത്തനമെന്ന നിലയില്‍ വിദ്യാഭ്യാസത്തെ വിലയിരുത്തിവേണം ഏതൊരു രാജ്യത്തിന്റെയും വിദ്യാഭ്യാസ നയങ്ങളെ മനസ്സിലാക്കേണ്ടത്.

വിദ്യാഭ്യാസമെന്നത് വ്യക്തിഗതമായും സാമൂഹ്യപരവുമായ പാരമ്പര്യ പ്രവര്‍ത്തനമെന്ന നിലയില്‍ നിരീക്ഷിക്കുമ്പോള്‍ നാല് പ്രധാന കാര്യങ്ങളിലാണ് ഒട്ടൊരു സമന്വയം രൂപപ്പെട്ടിട്ടുള്ളത്. ഒന്നാമതായി വിദ്യാഭ്യാസമെന്നത് അറിവ് നേടുന്നതിനുള്ള പ്രക്രിയയായും രണ്ടാമതായി അതുവഴി ലഭ്യമായ അറിവിലൂടെ ജീവസന്ധാരണോപയോഗ്യമായ ഒരു നൈപുണി സ്വായത്തമാക്കുക എന്നുള്ളതുമാണ്. ഒരു പൗരനെന്ന നിലയില്‍ ഏതൊരു വ്യക്തിക്കും അനിവാര്യമായും അടിസ്ഥാനപരമായും ലഭ്യമാകേണ്ട സാമൂഹ്യപരമായ ഉറപ്പുകളാവണം ഇവ രണ്ടും. അറിവും നൈപുണിയും കൈമുതലായിട്ടുള്ള ഒരു വ്യക്തി അവ സാമൂഹ്യ പ്രക്രിയയുടെ ഭാഗമായി ഉപയോഗിക്കുമ്പോള്‍ അയാള്‍ സമൂഹത്തിന്റെ തന്നെ കൂട്ടായ ഭാഗമായി മാറണമെന്നുള്ളതാണ് വിദ്യാഭ്യാസ പ്രക്രിയയുടെ മൂന്നാമത്തെ ഊന്നല്‍. ഇതുമൂന്നും സംഭവിക്കുമ്പോള്‍ വ്യക്തിയിലുണ്ടാകുന്ന സംതൃപ്തമായ ബോധവും ഉള്‍ക്കാഴ്ചയും വിദ്യാഭ്യാസത്തെ ഉന്നതമായ ഒരു പ്രവര്‍ത്തനമായി വീക്ഷിക്കുവാന്‍ ഇടയാക്കുന്നു.
ഏതൊരു രാജ്യത്തേയും വിദ്യാഭ്യാസ ലക്ഷ്യങ്ങളും നയങ്ങളും ഈ നാല് പ്രക്രിയകളുടെയും സാധൂകരണമാണെന്ന് അവയെ വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഡോ.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടും കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടും, 1986‑ലെ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ അവകാശനിയമങ്ങളും എല്ലാം ഉന്നമിട്ടിരുന്നത് മേല്‍പറഞ്ഞ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണമാണ്. എന്നാല്‍ സാമൂഹ്യ പുരോഗതി പുതിയ തലങ്ങളിലേക്ക് വികാസം പ്രാപിക്കുമ്പോള്‍ അതിന് അനുയോജ്യമാവും വിധം വിദ്യാഭ്യാസനയങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അപ്പോഴും വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യങ്ങള്‍ മാറ്റമില്ലാതെ തുടരും. നമുക്ക് പരിചിതമായ വിദ്യാഭ്യാസരീതികള്‍ അതേപടി തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് കരുതാനും വയ്യ.

വ്യാവസായിക വിപ്ലവത്തിനുമുന്‍പ് വിദ്യാഭ്യാസമെന്നത് വ്യക്തിഗത ജ്ഞാനസമ്പാദനത്തിനും പ്രപഞ്ചത്തിന്റെ നിഗൂഢതകളെയും ശക്തിസ്രോതസ്സുകളെയും നിരീക്ഷിക്കാനും മനസ്സിലാക്കാനും ഉള്ള ശ്രമങ്ങളായിരുന്നു. വിപ്ലവാനന്തരം അവയെല്ലാം മനുഷ്യാവശ്യങ്ങളുടെ ഉല്‍പാദനപരമായ വളര്‍ച്ചയെയും വികസനത്തെയും സംബന്ധിച്ചുള്ള അന്വേഷണമായി മാറി. 19-ാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും എല്ലാ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റ് അറിവിന്റെ മേഖലകളും ഈ രൂപത്തില്‍ വളരെ അധികം മുന്നേറുകയുണ്ടായി. ലോകജനതയുടെ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും അവയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ ശാസ്ത്രസാങ്കേതിക മൂലധന സഞ്ചയവുമെല്ലാം തന്നെ ഇത്തരം അന്വേഷണങ്ങളുടെയും അറിവിന്റെയും അവയെല്ലാം ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമുന്നേറ്റങ്ങളുടെയും ഫലമായി ആര്‍ജിച്ചവയാണ്.
പൊതുവില്‍ എല്ലാ രാജ്യങ്ങളിലും, പ്രദേശങ്ങളിലും ഭൗതിക മുന്നേറ്റം ഉണ്ടായിയെങ്കിലും മനുഷ്യസംസ്‌കൃതിയുടെ മൂല്യസവിശേഷതകളില്‍ ഈ മുന്നേറ്റങ്ങളെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇത് നമ്മള്‍ വളര്‍ത്തിയെടുത്ത വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ഒരു വലിയ ന്യൂനതയായി മനുഷ്യരാശി അഭിമുഖീകരിക്കുന്നുവെന്നുള്ളത് 21-ാം നൂറ്റാണ്ടില്‍ നാം നേരിടേണ്ട ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നു. ജനങ്ങള്‍ക്കിടയിലും രാജ്യങ്ങള്‍ തമ്മിലുമുള്ള പലതരം അസമത്വങ്ങള്‍, ഭൗതിക വളര്‍ച്ചയുടെ പരിണാമപരമായ പ്രാപഞ്ചികമാറ്റങ്ങള്‍, സമ്പന്നതയുടെയും ധാരാളിത്വത്തിന്റെയും, മൂല്യച്യുതികളുടെയും തനതു പ്രശ്‌നങ്ങള്‍, സമൂഹത്തില്‍ പൊതുവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥകള്‍ തുടങ്ങിയവ എല്ലാംതന്നെ പരിഹരിക്കപ്പെടേണ്ടതായ ഗുരുതരപ്രശ്‌നങ്ങളാണ്. മനുഷ്യരാശിയുടെ ബൗദ്ധികമണ്ഡലങ്ങളില്‍ സംഘര്‍ഷാത്മകമായ പോരാട്ടങ്ങള്‍ വിവിധ ചിന്താസരണികളായി പ്രസരിക്കുന്ന കാഴ്ചയാണ് പലരൂപത്തിലുള്ള ഏറ്റക്കുറച്ചിലുകളോടെ എല്ലാ രാജ്യങ്ങളിലും കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസമെന്ന സാമൂഹ്യ പ്രക്രിയ അതിന്റെ എല്ലാ മണ്ഡലങ്ങളിലും പുത്തന്‍ സമീപനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.

ഉന്നതവിദ്യാഭ്യാസമെന്നത് ഇന്ന് ഒരു നൈരന്തര്യ പ്രക്രിയയായി മാറേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ വിമര്‍ശനാത്മക സമീപനം ഉന്നത വിദ്യാഭ്യാസത്തിന്റെ കാതലായ ഭാഗമാവണം. ഏകവിഷയത്തിലൂന്നിയ പഠനവും ചിന്തയുമെന്നത് പഠനപ്രക്രിയയുടെ അതിരുകളാകാതെ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജൈവപരതയാര്‍ന്ന പുത്തന്‍ വിഷയങ്ങളും അവയില്‍ നൈപുണികേന്ദ്രീകൃതമായ പരിശീലനങ്ങളും 21-ാം നൂറ്റാണ്ടിലെ ഉല്‍പാദന പ്രക്രിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിവാര്യ മാറ്റങ്ങളാണ്.
കരട് നയരേഖയില്‍ ഈ കാര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നുള്ളത് സ്വീകാര്യമായ നിര്‍ദ്ദേശമാണ്. മള്‍ട്ടി ഡിസിപ്ലിനറി / ഇന്റര്‍ ഡിസിപ്ലിനറി നിലയിലുള്ള ലോകോത്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കുക എന്നുള്ളതാണ് പ്രമുഖമായ ഒരു ലക്ഷ്യം. ഇത്തരമൊരു ലക്ഷ്യം ആര്‍ജിക്കുന്നതിനെതിരെ നമുക്കാര്‍ക്കും എതിര്‍പ്പ് ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വികസന മാതൃകകളെ ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ ചരിത്രപരമായ മുന്നേറ്റങ്ങളുടെ പ്രത്യേകതകളെ കണക്കിലെടുക്കാതെ അവരുടെ വിജയകരമെന്നു കരുതുന്ന മാതൃകകളെ ‘വെറും പിന്‍തുടരല്‍’ എന്ന രീതിയിലാണ് നടപ്പാക്കുകയെങ്കില്‍ ഈ മാറ്റങ്ങളൊന്നും നമ്മുടെ വിദ്യാഭ്യാസരംഗത്തെ നാഴികക്കല്ലുകളായി മാറുവാന്‍ പോകുന്നില്ല. മള്‍ട്ടി ഡിസിപ്ലിനറി / ഇന്റര്‍ ഡിസിപ്ലിനറി എന്ന തലം വികസിത സമൂഹങ്ങളില്‍ ഉല്‍പാദനപരമായ സമസ്യകളില്‍ നിന്നും സ്വമേധയാ ഉടലെടുത്തതും അക്കാദമിക തലങ്ങളില്‍ ഗവേഷണാത്മകമായ അന്വേഷണങ്ങളില്‍ നിന്നും രൂപം കൊണ്ടിട്ടുള്ളതാണ്. ആ മാറ്റം നൈസര്‍ഗികമായും ജൈവപരമായും ഉണ്ടായിട്ടുള്ളതും നൈരന്തര്യമായി സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.

ഇന്ത്യയുടെ ഉല്‍പാദന മേഖലകളിലൊന്നും ഇത്തരമൊരു സ്വഭാവം സ്വകാര്യ മേഖലകളിലോ പൊതുമേഖലകളിലോ സംഭവിച്ചിട്ടില്ല. ഉദാഹരണത്തിന്, ഗവേഷണ പ്രക്രിയയ്ക്ക് നാം വകയിരുത്തുന്ന മൂലധനം തികച്ചും തുച്ഛമായതാണ്. ജിഡിപിയുടെ ഒരു ശതമാനത്തിന് താഴെയാണ് ഈ തുക. ഇത്തരമൊരു സാഹചര്യത്തില്‍ എപ്രകാരമാണ് നാം ലോകോത്തര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുക? മുന്‍പ് പലപ്പോഴും ലക്ഷ്യമിട്ടിട്ടുണ്ടായിരുന്ന അക്കാദമിക്-ഇന്‍ഡസ്ട്രി ലിങ്കേജ് എത്രമാത്രം ശക്തിപ്പെടുത്തുവാന്‍ നമുക്ക് സാധ്യമാകുമോ പ്രധാനമായും അപ്പോഴാണ്, അഥവാ അതില്‍ നിന്നാണ് മള്‍ട്ടി ഡിസിപ്ലിനറി / ഇന്റര്‍ ഡിസിപ്ലിനറി തലങ്ങള്‍ക്ക് സ്വാഭാവികമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നത്. ഈയൊരു സാഹചര്യം സൃഷ്ടിച്ചെടുക്കലിനാവണം വിദ്യാഭ്യാസനയം നടപ്പിലാക്കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടത്.

മൂന്നുതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നയത്തില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അദ്ധ്യാപനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ഇതില്‍ ഒന്ന്. രണ്ടിലും മൂന്നിലും ഗവേഷണത്തിന് പ്രാധാന്യം നല്‍കുകയും ഒന്നില്‍ ഗവേഷണം മാത്രമായി നിജപ്പെടുത്തുകയും ചെയ്യുന്നു. പഠനപ്രക്രിയയുടെ സ്വാഭാവിക രീതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ശ്രേണിബദ്ധത ലോകമെമ്പാടുമുള്ള മാതൃക തന്നെയാണ്. എന്നാല്‍ ഈ ശ്രേണിബദ്ധമായ പഠനഗവേഷണ പ്രക്രിയ ഫലപ്രദമാകണമെങ്കില്‍ ഓരോ ശ്രേണിയും തമ്മിലുള്ള ബന്ധം ജൈവപരമായി ഉള്ളതാവണം. ഈ ബന്ധങ്ങളിലുള്ള ജൈവപരത താഴെനിന്നോ മുകളില്‍നിന്നോ ഉണ്ടാകാവുന്നതാണ്. അക്കാദമിക — സാമൂഹ്യ ഇടപെടലുകളില്‍ നിന്നും ആര്‍ജ്ജിക്കുന്ന അറിവുകളെ (ഇന്‍പുട്ട്) ഗവേഷണപരമായി മുകളിലേക്കും അക്കാദമിക — വ്യാവസായിക മേഖല ഇടപെടലുകളില്‍ നിന്നും ഉരുത്തിരിയുന്ന പ്രശ്‌നങ്ങളെ മുകളില്‍ നിന്ന് താഴേയ്ക്കുമുള്ള (ഇന്‍പുട്ട്) ആയും കൈമാറ്റം ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തന കാഴ്ചപ്പാടും ശേഷിയുമായിരിക്കും ഈ മൂന്ന് വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള ജൈവപരമായ ബന്ധം ഉറപ്പിക്കുക. മറിച്ച് ഇവ മൂന്നും വേറിട്ട പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ കരടു രേഖയില്‍ പറയുന്ന ‘ഫോര്‍ത്ത് ഇന്‍ഡസ്ട്രീയല്‍ റവല്യൂഷനി‘ലേക്കുള്ള മാറ്റം ഏകപക്ഷീയവും സാമൂഹ്യവൈരുദ്ധ്യങ്ങളിലേക്കുള്ള പ്രയാണവുമായി തീരും.

ആയതുകൊണ്ട് സ്ഥാപനങ്ങളുടെ തരംതിരിവ് എന്നുള്ളതിനേക്കാള്‍ സ്ഥാപനങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനോന്മുഖത എപ്രകാരമായിരിക്കണം എന്നുള്ളതാവണം കരട് രേഖയുടെ ഊന്നല്‍. സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം പല രൂപത്തിലാകാം. ഒരു കോളജും ഒരു യൂണിവേഴ്‌സിറ്റിയും സമൂഹവുമായി ബന്ധപ്പെടുക എന്നത് അതിന്റെ തോതില്‍ വ്യത്യസ്തതകള്‍ ഉണ്ട്. പ്രാദേശികമായ അറിവുകളും അറിവില്ലായ്മകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും നേരിട്ടും പരിഹരിച്ചും ഒരു കോളജ് പ്രവര്‍ത്തനോന്മുഖമാകുമ്പോള്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ കുറേക്കൂടി വ്യാപകവും വ്യത്യസ്തവുമാണ്. ഈ വ്യത്യസ്തതലങ്ങള്‍ പ്രധാനമായും സൂക്ഷ്മത്തില്‍ നിന്ന് സ്ഥുലതയിലേക്കും സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കുമുള്ള നിര്‍ബാധമുള്ള കൊടുക്കല്‍ വാങ്ങലുകളാണ്. ഈ അക്കാദമിക അന്തര്‍ധാരാ പ്രവര്‍ത്തനങ്ങളില്‍ നിന്നും രൂപപ്പെടുന്ന സമസ്യകളാണ് ഗവേഷണത്തിനാധാരം.

(അവസാനിക്കുന്നില്ല)