Friday
22 Feb 2019

ചലച്ചിത്ര അവാര്‍ഡ്ദാന വിവാദം: രാഷ്ട്രപതിയോടുള്ള അവഹേളനം

By: Web Desk | Thursday 3 May 2018 10:49 PM IST

രാജ്യത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ബഹുമതികളില്‍ ഒന്നായ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവേദി വിവേചനത്തിന്റെയും വിവാദത്തിന്റെയും വേദിയാക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ അറുപത്തിനാല് വര്‍ഷങ്ങളായി പിന്തുടര്‍ന്നുപോന്ന ഔപചാരിക നടപടിക്രമങ്ങളില്‍ പൊടുന്നനെ വരുത്തിയ വിവേചനപൂര്‍ണമായ മാറ്റമാണ് രാഷ്ട്രം ഉറ്റുനോക്കിയിരുന്ന അവാര്‍ഡുദാനത്തിന്റെ ശോഭ കെടുത്തിയത്. മുന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന അവസരമൊഴികെ എല്ലായിപ്പോഴും ദേശീയ ചലച്ചിത്ര അവാര്‍ഡ് നല്‍കിയിരുന്നത് അതാതു കാലത്തെ രാഷ്ട്രപതിമാരാണ്. രാഷ്ട്രത്തലവനില്‍ നിന്നും ബഹുമതി ഏറ്റുവാങ്ങുക എന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായാണ് ചലച്ചിത്ര കലാകാരന്മാര്‍ വിലമതിച്ചുപോന്നിരുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെ, മതിയായ കാരണങ്ങള്‍ ഒന്നും നിരത്താതെ, പരമ്പരാഗതമായി തുടര്‍ന്നുപോന്നിരുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മാറ്റം വരുത്തിയത് ചലച്ചിത്ര കലാകാരന്മാരെ തീര്‍ത്തും ദുഖിതരാക്കിയത് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. അതുകൊണ്ടുതന്നെയാണ് അവാര്‍ഡ്ദാന ചടങ്ങില്‍ നിന്നും, തുടര്‍ന്ന് വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി നല്‍കുന്ന അത്താഴവിരുന്നില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള മലയാളികളടക്കം എഴുപതോളം കലാകാരന്മാരുടെയും കലാകാരികളുടെയും തീരുമാനം ശ്രദ്ധേയമാകുന്നത്. ലോകത്ത് ഏറ്റവുമധികം ചലച്ചിത്രം നിര്‍മിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതുമായ രാഷ്ട്രമാണ് ഇന്ത്യ. ഈ രംഗത്ത് ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വേറിട്ട സ്ഥാനവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അത്തരമൊരു രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്ര കലാകാരന്മാരായി തിരഞ്ഞെടുക്കപ്പെടുക എന്നത് തികച്ചും അഭിമാനകരമായ നേട്ടമാണ്. അത് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിക്കാനാവുക എന്നത് ഒരു ചലച്ചിത്ര കലാകാരന്റെ ജീവിതത്തിലെ അസുലഭ അഭിമാന മുഹൂര്‍ത്തവുമാണ്. നരേന്ദ്രമോഡി സര്‍ക്കാരിനും അതില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ ചുമതല വഹിക്കുന്ന ‘മെഗലോമാനിയ’ (അഹങ്കാരോന്മാദം) ബാധിച്ച മന്ത്രി സ്മൃതി ഇറാനിക്കും അപമാനകരമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.
ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് സംബന്ധിച്ച ഈ വിവാദത്തിന്റെ ഉത്തരവാദിത്തം രാഷ്ട്രപതിയുടെ ‘പുതിയ പ്രോട്ടോക്കോളാ’യി ദുര്‍വ്യാഖ്യാനം ചെയ്യാനാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ ശ്രമം. എന്നാല്‍ സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഓരോന്നും അത്തരം വ്യാഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നവയാണ്. അതെല്ലാം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുഗ്രഹാശിസുകളോടെ അരങ്ങേറിയവയുമാണ്. രാജ്യത്തെ സാംസ്‌കാരിക, വൈജ്ഞാനിക മേഖലകള്‍ ഓരോന്നും കയ്യടക്കാനും അവയെ തങ്ങളുടെ അടിമസ്ഥാപനങ്ങളും അവയില്‍ ഉള്‍പ്പെട്ട വ്യക്തികളെ തങ്ങളുടെ വിശ്വസ്തവിധേയരുമാക്കാന്‍ ആസൂത്രിത നീക്കമാണ് സംഘപരിവാര്‍ ശക്തികള്‍ തുടര്‍ന്നുവരുന്നത്. ഏറെ ജനപ്രിയമായ ചലച്ചിത്ര-ദൃശ്യമാധ്യമ രംഗങ്ങളും അതിന്റെ ഇരകളായി മാറുന്നത് പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി ഭരണത്തിന്റെ തുടക്കം മുതല്‍ സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ‘പദ്മാവതി’യടക്കം ചലച്ചിത്രങ്ങള്‍ നേരിടേണ്ടിവന്ന വിവാദങ്ങളും മറ്റൊന്നല്ല തെളിയിക്കുന്നത്. രാജ്യത്തിന്റെ കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനും തങ്ങള്‍ പിന്തുടരുന്ന അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം ആ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിഖ്യാതവും സ്വതന്ത്രവുമായ വ്യക്തിത്വങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും നടക്കുന്ന ശ്രമങ്ങള്‍ ശക്തമായ എതിര്‍പ്പിനും ചെറുത്തുനില്‍പിനും കാരണമായിട്ടുണ്ട്. അതിന്റെ അന്തര്‍ധാര രാഷ്ട്രീയ നിലപാടുകളല്ല മറിച്ച് അദമ്യമായ സ്വാതന്ത്ര്യ അഭിവാഞ്ഛയാണെന്ന് അത്തരം സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന യാഥാര്‍ഥ്യമാണ്. അതുതന്നെയാണ് സ്മൃതി ഇറാനിയുടെയും അവര്‍ നേതൃത്വം നല്‍കുന്ന മന്ത്രാലയത്തിന്റെയും തീരുമാനത്തോട് പ്രതികരിക്കാന്‍ ചലച്ചിത്രരംഗത്തെ കലാകാരന്മാരെയും കലാകാരികളെയും നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവുക.
തങ്ങളുടെ കലാപരമായ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ അപമാനിക്കുന്ന അവാര്‍ഡ്ദാന ചടങ്ങിന്റെ പിന്നിലെ ചേതോവികാരം ഭരണഘടന സ്ഥാപനങ്ങളുടെ വിലകെടുത്തുന്നതിനും അവയെ തകര്‍ക്കുന്നതിനും സംഘ്പരിവാര്‍ നടത്തിവരുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. ഇത്തവണ അവര്‍ ലക്ഷ്യം വച്ചിരിക്കുന്നത് രാഷ്ട്രപതി എന്ന ഭരണഘടനാ സ്ഥാപനത്തെതന്നെയാണ്. രാഷ്ട്രപതി നേരിട്ട് നിര്‍വഹിക്കേണ്ട ആചാരപരമായ ഉത്തരവാദിത്വങ്ങള്‍ പോലും അദ്ദേഹം നിര്‍വഹിക്കേണ്ടതില്ലെന്നും അവയുടെ നിര്‍വഹണത്തിന് തങ്ങള്‍ പ്രാപ്തരാണെന്നുമാണ് നരേന്ദ്രമോഡി സര്‍ക്കാരും സ്മൃതി ഇറാനിയും തെളിയിക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് അതിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുകയെന്ന ദൗത്യമാണ് അതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. പാര്‍ലമെന്റിനും നീതിന്യായവ്യവസ്ഥയ്ക്കും പിന്നാലെ പ്രതീകാത്മകമെങ്കിലും രാഷ്ട്രത്തലവന്‍ എന്ന മഹദ്പദവിയുടെ തന്നെ മൂല്യം ഇടിച്ചുതാഴ്ത്തുന്ന നടപടിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന നാടകത്തിലൂടെ അരങ്ങേറിയിരിക്കുന്നത്.

Related News