January 26, 2023 Thursday

പ്രകാശം പരത്തുന്ന കണിക്കൊന്നകള്‍

റെനി ആന്റണി
January 24, 2023 4:45 am

ഇന്ന്‌ ദേശീയ ബാലികാ ദിനം. ഒക്‌ടോബര്‍ 11 നാണ്‌ അന്താരാഷ്‌ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ ജനുവരി 24 ആണ്‌ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത്‌. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യനീതി ഉറപ്പുവരുത്തുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനുമാണ്‌ എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്‌. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 ന്‌ അധികാരമേറ്റതിന്റെ അടിസ്ഥാനത്തിലാണ്‌ 2008 മുതല്‍ രാജ്യത്ത്‌ ദേശീയ ബാലികാദിനം ആചരിക്കുന്നത്‌. “സ്ത്രീകളുടെ ജീവിതനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒരു രാജ്യത്തിന്റെ സാമൂഹ്യപുരോഗതി വിലയിരുത്തേണ്ടത്‌”. ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. അംബേദ്‌കറുടെ വാക്കുകളാണിവ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 മുതല്‍ 16 വരെയുള്ളവ സ്ത്രീക്കും പുരുഷനും തുല്യപദവി, അവസര സമത്വം, ലിംഗനീതി എന്നിവ ഉറപ്പുവരുത്തുന്നുണ്ട്‌. സ്‌ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘടകമായി പരിഗണിക്കപ്പെടുന്ന രാജ്യത്ത്‌ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുളള അതിക്രമങ്ങളും ദിനംപ്രതി വര്‍ധിച്ചുവരുന്ന ഒരു ഘട്ടത്തിലൂടെയാണ്‌ നമ്മള്‍ കടന്നുപോകുന്നത്‌. ആധുനിക മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ രണ്ടാംതരം പൗരരും പലപ്പോഴും വില്പന വസ്തുക്കളുമാണ്. അവസര നിഷേധവും വ്യക്തിഹത്യയും ലൈംഗിക അതിക്രമങ്ങളും സൈബര്‍ ആക്രമണങ്ങളും പെണ്‍കുട്ടികള്‍ നിരന്തരമായി നേരിടേണ്ടിവരുന്നു. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തുല്യനീതിയും സുരക്ഷിതത്വവും അവസര സമത്വവും ലഭിക്കുന്ന ഒരു പരിഷ്‌കൃത സമൂഹ നിര്‍മ്മിതിയാണ്‌ ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്‌. ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന മനുസ്‌മൃതിയുടെ പുളിച്ചുതികട്ടല്‍ സമസ്‌ത മേഖലകളിലും അനുഭവവേദ്യമാകുന്ന, പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും ശാസ്ത്ര വിരുദ്ധതയ്‌ക്കും ബോധപൂര്‍വമായ പ്രചാരം ലഭിക്കുന്ന വര്‍ത്തമാനകാലത്ത്‌ നമ്മുടെ രാജ്യം പെണ്‍കുട്ടികള്‍ക്കായി ഒരു ദിനം മാറ്റിവച്ചിട്ടുണ്ട്‌ എന്ന തിരിച്ചറിവിനു പോലും വലിയ പ്രസക്തിയുണ്ട്‌.

ലിംഗവിവേചനമാണ്‌ രാജ്യത്തെ പെണ്‍കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളുടെ അടിസ്ഥാന കാരണം. പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടേറെ പദ്ധതികള്‍ രാജ്യത്ത്‌ നിലവിലുണ്ട്‌. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ട്‌ 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളമൊഴിച്ചുളള സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം പൂര്‍ണ അര്‍ത്ഥത്തില്‍ ലഭിക്കുന്നില്ല. ദരിദ്ര കുടുംബങ്ങളില്‍ നിന്നുളള 30 ശതമാനം പെണ്‍കുട്ടികള്‍ ക്ലാസ്‌മുറികളില്‍ കാലുകുത്തിയിട്ടില്ലെന്നും, 15–18 വയസ്‌ പ്രായമുളള 40 ശതമാനം പെണ്‍കുട്ടികള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പഠിക്കുന്നില്ലെന്നും ദേശീയ സര്‍വേകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ശൈശവ വിവാഹവും ശാരീരിക പീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂര്‍ണമാക്കുന്നു. ദേശീയതലത്തില്‍ സ്ത്രീസാക്ഷരത 53.87 ശതമാനം മാത്രമാണ്‌. മൂന്നില്‍ ഒന്ന്‌ പെണ്‍കുട്ടികളും പോഷകാഹാരക്കുറവ്‌ മൂലമുളള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. വിളര്‍ച്ച സ്ത്രീകളുടെ കൂടെപ്പിറപ്പായാണ്‌ കരുതിവരുന്നത്‌. രോഗങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുളള അവസരമില്ലായ്‌മയും ദാരിദ്ര്യവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ പെണ്‍കുട്ടികളെയാണ്‌. ദേശീയ കണക്കുകള്‍ പ്രകാരം സ്കൂളില്‍ പോകാത്ത കുട്ടികളില്‍ 60 ശതമാനവും പെണ്‍കുട്ടികളാണ്‌. യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ ആകെ റിപ്പോര്‍ട്ട്‌ ചെയ്‌ത ശൈശവ വിവാഹങ്ങളുടെ മൂന്നിലൊന്ന്‌ ഇന്ത്യയിലാണ്‌. രാജ്യത്ത്‌ 27 ശതമാനത്തിലധികം പെണ്‍കുട്ടികള്‍ പതിനെട്ട്‌ വയസിന്‌ മുമ്പും ഏഴ് പേര്‍ 15 വയസിനു മുമ്പും വിവാഹിതരാകുന്നു. ഓരോ വര്‍ഷവും 18 വയസിന്‌ താഴെയുളള 1.5 ദശലക്ഷം പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ വിവാഹിതരാകുന്നുണ്ട്‌. 15–19 വയസ്‌ പ്രായമുളള കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 16ശതമാനവും നിലവില്‍ വിവാഹിതരാണ്‌. ഒട്ടും ആശാവഹമല്ലാത്ത കണക്കുകളാണ്‌ നമ്മുടെ മുമ്പിലുള്ളത്‌.


ഇതുകൂടി വായിക്കൂ: അഭിമാനമായി സംരംഭക കേരളം


സമത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥിതി സൃഷ്‌ടിച്ചെടുക്കുന്നതിന്‌ ബോധപൂര്‍വമായി ഇടപെട്ടാല്‍ മാത്രമേ പെണ്‍കുട്ടികള്‍ക്ക്‌ അന്തസോടും ആത്മവിശ്വാസത്തോടും വളര്‍ന്നുവരാന്‍ കഴിയുകയുളളൂ. നമ്മുടെ രാജ്യത്ത്‌ സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങള്‍ വലിയതോതില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്‌ സ്ത്രീ പീഡനങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ കഴിയാത്തത്‌. കേരളം സാമൂഹ്യ സാംസ്‌കാരിക രംഗത്ത്‌ വളരെയേറെ മുന്നേറിയിട്ടുളളതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭ്യമാക്കുന്നതില്‍ ഒട്ടേറെ മുന്നോട്ട്‌ പോകാന്‍ കഴിഞ്ഞിട്ടുണ്ട്‌. എന്നിട്ടും സ്ത്രീധന പീഡനങ്ങളും, പ്രണയപ്പകയും, ദുരഭിമാനക്കൊലകളും മറ്റും കേരളീയ മനസിനെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടുണ്ട്‌. ഉയര്‍ന്ന ആയൂര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്‌, സ്ത്രീ സാക്ഷരത, ലിംഗ സമത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, സാമൂഹിക സുരക്ഷ തുടങ്ങി ജീവിത നിലവാരത്തിന്റെ മിക്ക സൂചികകളിലും രാജ്യത്ത്‌ ഉയര്‍ന്ന സ്ഥാനത്ത്‌ നില്‍ക്കുന്ന സംസ്ഥാനമാണ്‌ നമ്മുടേത്. സ്ത്രീ സാക്ഷരതയിലും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളം മുന്നേറുകയാണ്‌. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാനിക്കാനും നിയമങ്ങള്‍ അനുസരിക്കാനുമുളള മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ അതിക്രമങ്ങള്‍ പൂര്‍ണമായി തടയാന്‍ കഴിയൂ. പ്രകടമായ ജാതി വിവേചനം അവസാനിപ്പിക്കാന്‍ സാധിച്ചതും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വന്നിട്ടുളള ഗുണപരമായ മാറ്റവും മറ്റ്‌ സാമൂഹ്യ പരിഷ്‌കരണ നടപടികളുമാണ്‌ കേരളത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ജീവിതത്തിന്റെ മുഖ്യധാരയിലെത്താന്‍ സഹായിച്ചത്‌. സ്ത്രീ സാക്ഷരതയിലുണ്ടായ വര്‍ധനവും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ 78 ശതമാനം പെണ്‍കുട്ടികളാണ്‌ എന്ന വസ്‌തുതയും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലകളിലേക്കുളള പെണ്‍കുട്ടികളുടെ വന്‍തോതിലുളള പ്രവേശനവും അതിനുളള ഉദാഹരണങ്ങളാണ്‌. പ്രത്യേക നൈപുണികള്‍ ആവശ്യമായ തൊഴില്‍ മേഖലകളിലേക്ക്‌ പെണ്‍കുട്ടികള്‍ ധാരാളമായി പ്രവേശിക്കുന്നുണ്ട്‌.


ഇതുകൂടി വായിക്കൂ: വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി


സ്ത്രീ-പുരുഷ ആനുപാതത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്‌. (1000: 1084) ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, മിക്‌സഡ്‌ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികളിലെ ആര്‍ത്തവാവധി ഇതൊക്കെ കേരളം പെണ്‍കുട്ടികളുടെ കൈപിടിച്ച്‌ രാജ്യത്തിന്‌ മാതൃകയായി മുമ്പേ നടക്കുന്നു എന്നാണ്‌ വ്യക്തമാക്കുന്നത്‌. ആത്മവിശ്വാസത്തോടെ, ഉയര്‍ന്ന ശിരസോടെ, ആണും പെണ്ണും തുല്യരാണ്‌ എന്ന സമത്വബോധത്തോടെയാണ്‌ നമ്മുടെ പെണ്‍കുട്ടികള്‍ വളര്‍ന്നു വരേണ്ടത്‌. അതിന്‌ സഹായകരമാകുന്ന സാഹചര്യങ്ങള്‍ വീടുകളിലും സ്‌കൂളുകളിലും പൊതു ഇടങ്ങളിലും ബോധപൂര്‍വം ഒരുക്കേണ്ടതിന്റെ അനിവാര്യതയാണ്‌ ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. സാവിത്രി രാജീവന്റെ കവിതയില്‍ പറയുന്നതുപോലെ ‘ഓരോ മാസവും പൂക്കുന്ന കണിക്കൊന്നയാണ്‌’ എന്ന അഭിമാനബോധത്തോടെ, പ്രകാശം പരത്തുന്നവരായി നമ്മുടെ പെണ്‍കുട്ടികള്‍ വളര്‍ന്നു വരട്ടെ.

(സംസ്ഥാന ബാലാവകാശ കമ്മീഷന്‍
അംഗമാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.