Saturday
25 May 2019

2019 ല്‍ ഒരു ദേശീയ സര്‍ക്കാര്‍ നിലവില്‍ വരണം

By: Web Desk | Monday 4 June 2018 10:25 PM IST


രോ ദിവസവും ഇന്ത്യയില്‍ കോര്‍പറേറ്റ് മുതലാളിമാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയുടെ വാര്‍ത്തകളാണ് പ്രഭാതപത്രത്തോടൊപ്പം നമ്മുടെ മുന്നിലെത്തുന്നത്. രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ചോര്‍ത്തിയും നികുതി നല്‍കാതെയും ശതകോടികളുടെ ഇളവുകള്‍ കേന്ദ്ര ഭരണകക്ഷിയുടെ ഒത്താശയോടെ നേടിയും അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ ഖജനാവ് കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം വീണ്ടും ഉയര്‍ന്ന് പത്ത് ലക്ഷം കോടിയിലെത്തിയിരിക്കുകയാണ്. രാജ്യം കരകയറാനാവാത്ത സാമ്പത്തിക കുരുക്കുകളിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു. ഇതേസമയം തന്നെ കേന്ദ്ര സര്‍ക്കാരാവട്ടെ കൂടുതല്‍ കൂടുതല്‍ ജനവിരുദ്ധമായ നടപടികളിലേക്ക് നീങ്ങുന്നു. നരേന്ദ്രമോഡി അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഒരു ന്യായീകരണവുമില്ലാതെ ഇന്ധന വില വര്‍ധിപ്പിച്ച് നേടിയത് 9.96 ലക്ഷം കോടി; ഇന്ധന കമ്പനികളുടെ ലാഭം കൂടി കണക്കിലെടുത്താല്‍ പതിനൊന്ന് ലക്ഷം കോടി. ജനയുഗം പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്ത രസകരമായ ഒരു വാര്‍ത്തയുണ്ട്. ബിഹാറില്‍ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സീതാമാരിയിലെ ജനങ്ങള്‍ തൊട്ടടുത്ത് അതിര്‍ത്തിക്കപ്പുറം പോയി നേപ്പാളില്‍ നിന്ന് 67 രൂപയ്ക്ക് പെട്രോളും 56 രൂപയ്ക്ക് ഡീസലും വാങ്ങുന്നു. നേപ്പാള്‍ ഇന്ധനം വാങ്ങുന്നത് ഇന്ത്യയില്‍ നിന്നും. ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങി നികുതിയും ലാഭവുമെല്ലാം ചേര്‍ത്ത് അവര്‍ വില്‍ക്കുന്ന വിലയാണ് മുകളില്‍ പറഞ്ഞത്. കേന്ദ്ര ഭരണക്കാര്‍ പറയുന്നത് ഈ കൊള്ളപ്പണം ഉപയോഗിച്ച് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നു എന്നാണ്. ചിലപ്പോള്‍ ”കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി” എന്ന മലയാളഭാഷയിലെ പഴമൊഴി ഈ ശൗചാലയ നിര്‍മാണത്തെ കുറിച്ചായിരിക്കണം. യഥാര്‍ഥത്തില്‍ വിവിധ നികുതി ഇളവുകള്‍, സബ്‌സിഡികള്‍ ഇവയെല്ലാം കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കിക്കൊണ്ട് അവരില്‍ നിന്നും തെരഞ്ഞെടുപ്പുകള്‍ക്കും മറ്റുമായി സമാഹരിച്ച തുകയുടെ ലാഭവിഹിതം നല്‍കുന്ന തിരക്കിലാണ് മോഡി ഭരണകൂടം. ബ്രിട്ടീഷുകാര്‍ ചെയ്തത് പോലെ തന്നെ ജനങ്ങളെ ഒരിക്കലും യോജിക്കാത്ത വിധം വര്‍ഗീയമായും വിഭാഗീയമായും ഭിന്നിപ്പിച്ച് സംഘടിതമായ എല്ലാ എതിര്‍പ്പുകളും തടയാമെന്നും മോഡി ഭരണകൂടം വ്യാമോഹിക്കുന്നു. എന്നാല്‍ എഴുപത് വര്‍ഷത്തിലധികമായി ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കുന്ന ഇന്ത്യയിലെ നൂറു കോടിയിലധികം ജനങ്ങള്‍ ഈ പഴയ ബ്രിട്ടീഷ് തന്ത്രം തിരിച്ചറിയില്ലെന്നത് അവരുടെ സഹയാത്രികരായിരുന്ന സംഘപരിവാറിന്റെ വെറും ദിവാസ്വപ്‌നം മാത്രമാണ്.
ഇന്ത്യയിലെ ജനങ്ങള്‍ ആട്ടിന്‍തോലണിഞ്ഞു വന്ന നരേന്ദ്രമോഡിയുടേയും കൂട്ടരുടെയും തനിനിറം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍, ഉത്തര്‍പ്രദേശില്‍ വന്‍ഭൂരിപക്ഷത്തോടെ നേരത്തെ ജയിച്ച ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ ബിജെപിക്ക് നഷ്ടമായി. അതിനുമുമ്പുതന്നെ പഞ്ചാബിലും ബിജെപിക്ക് ലോക്‌സഭാ സീറ്റ് നഷ്ടമായി. ഇക്കഴിഞ്ഞ മെയ് 28ന് നടന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലെയും പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ദുര്‍ഭരണത്തിനേറ്റ കനത്ത പ്രഹരം തന്നെയായിരുന്നു. ലോക്‌സഭയിലെ സിറ്റിങ് സീറ്റുകളായ ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ എന്നീ സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ബിജെപി ഒരു ചതുഷ്‌കോണ മത്സരത്തില്‍ സഖ്യകക്ഷിയായ ശിവസേനയുടെ സ്ഥാനാര്‍ഥിയെ 29,572 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് നിലനിര്‍ത്തി. 2014 ല്‍ രണ്ടു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സീറ്റിലാണ് ഇങ്ങനെ കഷ്ടിച്ചു ജയിച്ചത്. നാഗാലാന്റിലെ ഏക ലോക്‌സഭാ മണ്ഡലം ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപി നിലനിര്‍ത്തിയെന്നുമാത്രം. ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് മാത്രമാണ് ബിജെപി വിജയിച്ചത്. 2014 ല്‍ 282 സീറ്റുകള്‍ നേടി ലോക്‌സഭയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ബിജെപി, പിന്നീട് നടന്ന 22 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എട്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ട് 274 സീറ്റിലെത്തി. കര്‍ണാടകയില്‍ മൂന്നുപേര്‍ രാജിവച്ചതും കശ്മീരിലെ അനന്ത്‌നാഗില്‍ ഉപതെരഞ്ഞെടുപ്പ് അനന്തമായി നീണ്ടുപോകുന്നതും പരിഗണിച്ചാല്‍ ലോക്‌സഭയില്‍ ആകെ ഇപ്പോഴുള്ള സീറ്റ് 539 ആണ്. ഈ നാലും ബിജെപി സിറ്റിങ് സീറ്റുകളാണ്. അങ്ങനെ ബിജെപി ഇപ്പോള്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുണ്ടായ സാഹചര്യം രണ്ടാം യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന കോര്‍പറേറ്റ് പ്രീണനവും എല്ലാരംഗത്തും പിടിമുറുക്കിയ അഴിമതിയും എല്ലാ സീമകളും ലംഘിച്ചുവെന്നത് മാത്രമായിരുന്നില്ല, രാജ്യത്തെ ചിന്നഭിന്നമാക്കുന്നതരത്തില്‍ വര്‍ഗീയ, വംശീയ വല്‍ക്കരണവും നടത്തുന്നുവെന്നതു കൂടിയായിരുന്നു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും എതിരാണെങ്കിലും പ്രതിപക്ഷത്തെ ഭിന്നത മുതലെടുത്തായിരുന്നു ബിജെപി ലോക്‌സഭയില്‍ സീറ്റുകള്‍ നേടിയത്.
2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പരമപ്രധാനമായി മാറുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത വിധത്തില്‍ രാജ്യത്തിന്റെ നികുതി പണത്തില്‍ സിംഹഭാഗവും കോര്‍പറേറ്റുകളുടെ കയ്യിലെത്തിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ മത്സരിക്കുകയാണ്. ജനങ്ങളുടെ നികുതി പണം കൊണ്ട് സര്‍ക്കാര്‍ പടുത്തുയര്‍ത്തിയ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ചില്ലിക്കാശിന് കോര്‍പറേറ്റുകളുടെ കയ്യിലെത്തിക്കാന്‍ മോഡി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയും ചെയ്യുന്നു. വര്‍ഷത്തില്‍ നൂറുകണക്കിന് കോടി ലാഭമുണ്ടാക്കുന്ന ‘ബിമലി’ന്റെ ഉദാഹരണം മാത്രം നോക്കിയാല്‍ മതി. ‘പൊന്‍മുട്ടയിടുന്ന താറാവിനെക്കൊന്ന്’ എല്ലാ പൊന്‍മുട്ടയും ഒന്നിച്ചെടുക്കാന്‍ നോക്കിയ വിഡ്ഢിയായ അത്യാഗ്രഹിയുടെ പ്രതിരൂപമായി മോഡി സര്‍ക്കാര്‍ മാറി. ആഗോളവല്‍ക്കരണം കൊണ്ട് തകര്‍ന്നടിഞ്ഞ സമ്പന്നരാജ്യമായിരുന്ന അര്‍ജന്റീനയടക്കമുള്ള രാജ്യങ്ങള്‍, (1980 ലാണ് അര്‍ജന്റീനിയന്‍ പാരഡോക്‌സ് എന്നറിയപ്പെടുന്ന അഞ്ച് പ്രസിഡന്റുമാര്‍ നാലാഴ്ചയ്ക്കുള്ളില്‍ ട്രഷറി ശൂന്യമായതുകാരണം രാജിവച്ചുപോയ സംഭവം നടന്നത്) ഈ 21-ാം നൂറ്റാണ്ടിലും കരകയറിയിട്ടില്ല എന്നത് നമ്മുടെ കണ്‍മുന്നിലുള്ള വസ്തുതയാണ്. ഇന്ത്യപോലെ ജനസംഖ്യയുള്ള, മുക്കാല്‍പങ്ക് ജനതയും ഇപ്പോള്‍ തന്നെ അര്‍ദ്ധ പട്ടിണിക്കാരായ ഒരു രാജ്യം, ധാരാളം പ്രകൃതിവിഭവങ്ങളും ഫലഭൂയിഷ്ടമായ ഭൂമിയുള്ള രാജ്യം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കിട്ടിയാല്‍ എന്തുസംഭവിക്കുമെന്നറിയാന്‍ ഇന്നലെ കോര്‍പറേറ്റുകളുടെ പ്രാഗ്‌രൂപമായിരുന്ന ഈസ്റ്റിന്ത്യാ കമ്പനിയും പിന്നീട് ബ്രിട്ടീഷുകാരും ഭരിച്ചിരുന്ന കാലത്ത് പട്ടിണികൊണ്ട് മരിച്ചുവീണ ജനങ്ങളുടെ കണക്ക് മാത്രം നോക്കിയാല്‍ മതി. 1770 മുതല്‍ 1943 വരെ വിവിധ കാലഘട്ടങ്ങളില്‍ ബംഗാളില്‍ മാത്രം ക്ഷാമംകൊണ്ട് പത്ത് മില്യന്‍ ജനങ്ങളാണ് മരിച്ചത്. 1899-1900 വര്‍ഷങ്ങളില്‍ മധ്യേന്ത്യയിലും വടക്കേ ഇന്ത്യയിലുമുണ്ടായ ക്ഷാമം 59.9 മില്യണ്‍ ജനങ്ങളെയാണ് ബാധിച്ചത്. ഡെക്കാനില്‍ മാത്രം 1,66,000 പേരും മുംബൈ പ്രസിഡന്‍സിയില്‍ 46,200 പേരും അതായത് ജനസംഖ്യയുടെ ആയിരത്തില്‍ മുപ്പത്തെട്ടുപേര്‍ മരിച്ചുവീണു. കൂട്ടത്തില്‍ പച്ചവെള്ളം കിട്ടാതെ മരിച്ചുവീണ ഗോമാതാക്കളുടെ എണ്ണം ഇനിയും എത്രയോ മടങ്ങ് വരും. പക്ഷെ ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്കുള്ള സമ്പത്തിന്റെ ഒഴുക്കിന് ഒരു കുറവുമുണ്ടായില്ലെന്നു മാത്രമല്ല നല്ല വര്‍ധനവും ഉണ്ടായി. ഇന്ത്യയുടെ പരിസരത്തെവിടെയും നടക്കാത്ത, ഇന്ത്യക്ക് ഒരു പങ്കുമില്ലാത്ത രണ്ടു ലോകമഹായുദ്ധങ്ങളിലും അതിന്റെ നടത്തിപ്പു ചെലവ് ഇന്ത്യയില്‍ നിന്നും നികുതിയായി വസൂലാക്കിയിരുന്നു ബ്രിട്ടീഷുകാര്‍.
യൂറോപ്പിന്റെ സമ്പത്ത് ഇന്ത്യയിലെ ശവക്കല്ലറകളില്‍ നിന്നാണ് എന്ന ചൊല്ല് പച്ചയായ സത്യം മാത്രമാണ്. ഇനി ഒരു കോര്‍പറേറ്റ് അധിനിവേശം താങ്ങാനുള്ള ആരോഗ്യം ഇന്ത്യക്ക് ബാക്കിയില്ല എന്നതാണ് ദിനംപ്രതി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരും ഒരുനേരത്തെ ഭക്ഷണം ലഭിക്കാതെ, ചികിത്സലഭിക്കാതെ ഒരു പിടി അരി അനുവാദം കൂടാതെ എടുത്തതിന് മര്‍ദ്ദനമേറ്റ് മരിക്കുന്ന, ഫാസിസ്റ്റുകളുടെ ഭക്ഷണ കോഡ് അനുസരിക്കാത്തതിന് കൊല്ലപ്പെടുന്ന, മാവോയിസ്റ്റുകള്‍ എന്ന് ചാപ്പകുത്തി വടക്കേ ഇന്ത്യയിലെ ജയിലുകളില്‍ അടയ്ക്കപ്പെട്ട് നിരന്തരം പീഡനമേറ്റ് മരിക്കുന്ന ദളിതരും ആദിവാസികളും നമ്മളോട് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എത്യോപ്യയിലേയും സുഡാനിലേയും മറ്റും പട്ടിണിക്കാരുടെ സമശീര്‍ഷരായി നില്‍ക്കുന്ന ഇന്ത്യയിലെ 16.6 ശതമാനം വരുന്ന പട്ടികജാതിക്കാരുടെയും 8.6 ശതമാനം വരുന്ന പട്ടികവര്‍ഗക്കാരുടെയും 71 ശതമാനം വരുന്ന ഗ്രാമീണ ജനതയുടെയും ശവപ്പറമ്പുകളില്‍ നിന്നുമാണോ മോഡിയുടേയും കോര്‍പറേറ്റുകളുടെയും ഡിജിറ്റല്‍ ഇന്ത്യ പിറവിയെടുക്കാന്‍ പോകുന്നത്. കോര്‍പറേറ്റ്‌വല്‍ക്കരണത്തിനെതിരെയുള്ള ചെറുത്തുനില്‍പുകള്‍ ഇല്ലാതാക്കാന്‍ സംഘപരിവാറും കോര്‍പറേറ്റുകളും ചേര്‍ന്ന് ആസൂത്രണം ചെയ്തിരിക്കുന്നത് വര്‍ഗീയ ധ്രുവീകരണ അജന്‍ഡയാണ്. രാജ്യത്ത് പട്ടിണിയും ചൂഷണവും അനുഭവിച്ച് മരിക്കുന്ന ജനതയെ തമ്മില്‍ പോരടിപ്പിച്ച് ചൂഷകര്‍ക്ക് നേരെയുള്ള എല്ലാ പ്രതിരോധങ്ങളും തകര്‍ക്കുക. ഇതും പഴയ ബ്രിട്ടീഷുകാരന്റെ നയം തന്നെ. ഭിന്നിപ്പിച്ച് ഭരിക്കുക- അവസാനം ഒരൊറ്റ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരൊറ്റ ജനതയെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ച് ഇന്നും സഹോദരന്‍മാര്‍ തമ്മിലുള്ള വെടിയൊച്ചകള്‍ നിലയ്ക്കാത്ത ഒരവസ്ഥയിലെത്തിച്ച അതേ തന്ത്രം. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ അമേരിക്ക പയറ്റി വിജയിച്ച അതേതന്ത്രം. ഇന്ത്യയിലെ പട്ടിണിക്കോലങ്ങളുടെ കയ്യില്‍, അവര്‍ വര്‍ഗീയമായും വിഭാഗീയമായും പൂര്‍ണമായും വിഭജിച്ചുകഴിഞ്ഞാല്‍ കോര്‍പറേറ്റുകള്‍ അവര്‍ക്ക് യന്ത്രത്തോക്കുകള്‍ നല്‍കും. റുവാണ്ടയിലും ഉഗാണ്ടയിലും മറ്റു മധ്യാഫ്രിക്കന്‍ രാജ്യങ്ങളിലും നമ്മള്‍ ഇന്ന് ടെലിവിഷനിലൂടെ കാണുന്നതുപോലെ നമ്മുടെ രാജ്യത്തും പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ യന്ത്രത്തോക്കുകളുമായി കാണുന്നതൊക്കെ തകര്‍ത്ത് നടക്കുന്ന അവസ്ഥ. ഈ അവസ്ഥ വരാതിനിരിക്കുവാനായി വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ഒരു പൗരന്റെ പ്രാഥമിക കര്‍ത്തവ്യം.
ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ഒന്നായേ മതിയാവു. യഥാര്‍ഥത്തില്‍ ഇക്കാര്യം വലിയ പ്രയാസമുള്ളതല്ല. കാരണം ഇന്ത്യയിലെ സമാജ്‌വാദി, ബഹുജന്‍ സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ രാഷ്ട്രീയകക്ഷികള്‍ ജനതാപാര്‍ട്ടി എന്ന ഒറ്റ പാര്‍ട്ടിയില്‍ നിന്നും വിഘടിച്ച് മാറിയതാണ്. ഈ ജനതാപാര്‍ട്ടിയാവട്ടെ ഇന്ത്യയിലെ ആദ്യപൊതു തെരഞ്ഞെടുപ്പില്‍ വലിയ വോട്ടുശതമാനവും കുറഞ്ഞ പാര്‍ലമെന്റ് പ്രാതിനിധ്യവും ലഭിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനിച്ചുവീണതുമാണ്. അതിനാല്‍ തന്നെ പൊതുവായ ഒരു സോഷ്യലിസ്റ്റ് പാരമ്പര്യമുള്ളവയാണ് ഈ പാര്‍ട്ടികളെല്ലാം. രാജ്യത്തെ പ്രധാനപ്പെട്ട മതനിരപേക്ഷ കക്ഷികളിലൊന്നായ കോണ്‍ഗ്രസും ഈ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കക്ഷികളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്ന് ഇന്ന് ഭരണത്തിലിരിക്കുന്ന കോര്‍പറേറ്റ് ഏജന്റുമാരെ തൂത്തെറിഞ്ഞ് ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതായിരിക്കണം ഇടതു-മതനിരപേക്ഷ-ജനാധിപത്യ പാര്‍ട്ടികളുടെ 2019 ലെ തെരഞ്ഞെടുപ്പ് അജന്‍ഡ. ഇപ്പോഴത്തെ ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതേ ജനവികാരമാണ് പ്രകടിപ്പിക്കുന്നത്.

Related News