നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദ, സുമന്‍ ദുബെ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
ഈ മാസം ഒമ്പതിന് സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ കേസില്‍ 25 ന് വാദം കേള്‍ക്കാനായി മാറ്റി. ഇഡി അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും കേസ് ഡയറികള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്നേദിവസം ലഭ്യമാക്കുന്നത് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രതിപ്പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് സോണിയയും രാഹുലും. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡി (എജെഎല്‍) ന്റെ 661 കോടി രൂപയുടെ സ്ഥിര ആസ്തികള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി ഏപ്രില്‍ 12ന് ഇഡി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എജെഎല്‍ കമ്പനിയുടെ ഓഹരികളുടെ 75 ശതമാനവും സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കൈവശമാണുള്ളത്. ഡല്‍ഹിയുടെ കണ്ണായ ഐടി ഒ യിലെ ഹെറാള്‍ഡ് ഹൗസ്, മുബൈ ബാന്ദ്ര, ലഖ്നൗവിലെ ബിശ്വേശ്വര്‍ നാഥ് റോഡിലെ എജെഎല്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടും. ജവഹര്‍ലാല്‍ നെഹ്‌റു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 90 കോടി രൂപയുടെ കടബാധ്യതയുണ്ടായതോടെ 2008ല്‍ നാഷണല്‍ ഹെറാള്‍ഡ് പത്രം അടച്ചുപൂട്ടിയിരുന്നു. 2010ല്‍ സോണിയയും രാഹുലും ചേര്‍ന്ന് ‘യങ് ഇന്ത്യന്‍’ എന്ന കമ്പനി തുടങ്ങുകയും 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ഇടപാടിനെതിരെ 2014 ല്‍ സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇഡി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്.
ഇതിനിടെ ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണ കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്നലെ ചോദ്യം ചെയ്തു. ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും എത്താതിരുന്നതോടെ ഇഡി പുതിയ നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ഇന്നലെ ഇഡിക്കു മുന്നില്‍ ഹാജരായത്. റോബര്‍ട്ട് വാദ്ര ഡയറക്ടര്‍ ആയിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ഗുരുഗ്രാമില്‍ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസിന്റെ പക്കല്‍ നിന്നായിരുന്നു ഭൂമി വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കാനായി ഈ ഭൂമി ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വിറ്റു. ഇതുമായി ബന്ധപ്പെട്ടാണ് കേസ്. 20 വര്‍ഷം മുമ്പുള്ള കേസില്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താന്‍ മണിക്കൂറുകള്‍ ചെലവഴിച്ചുവെന്നും ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാദ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.