ദേശീയപാത നിർമ്മാണ അഴിമതി; ടോൾ കമ്പനിക്കും ദേശീയപാത അധികൃതർക്കുമെതിരേ സിബിഐ കേസ്

Web Desk

കൊച്ചി

Posted on August 04, 2020, 10:27 pm

ദേശീയപാത നിർമ്മാണ അഴിമതിയിൽ പാലിയേക്കര ടോൾപിരിക്കുന്ന കമ്പനിക്കും ദേശീയപാത അധികൃതർക്കുമെതിരേ സിബിഐ കേസ്. 102.44 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐ കണ്ടെത്തിയത്. മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടാണ് സിബിഐ കേസിന് ഇടയാക്കിയത്.

2002ലാണ് ദേശീയപാത അതോറിറ്റി കരാർ നൽകിയത്. കെഎംസി കൺസ്ട്രക്ഷൻ ലിമിറ്റഡും എസ്ആർഇഐ ഇൻഫ്രാസ്ട്രചകർ ഫിനാൻസ് ലിമിറ്റഡിനുമാണ് കരാർ കിട്ടിയത്. ഇവർ ഗുരുവായുർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമടക്കമുള്ള ഉപകരാർ നൽകി. എന്നാൽ 2006 മുതൽ 2016 വരെയുള്ള കാലയളവിൽ കരാറിലെ വ്യവസ്ഥകൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പാലിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. കമ്പനിയുടെ എം ഡി വിക്രം റെഡ്ഡി ദേശീയപാത അതോറിറ്റി അധികൃതരുമായി ഗൂഢാലോചന നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കി. കരാറിലെ വ്യവസ്ഥകൾ പാലിക്കാതെ അനധികൃതമായി ടോൾ പിരിക്കാൻ തുടങ്ങി, നിർമ്മാണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തി, കരാറിന്റെ ഭാഗമായി 12 ബസ് ബേകൾ എല്ലാസംവിധാനത്തോടും കൂടി പണിയണമായിരുന്നു. എന്നാൽ ഇതിൽ മൂന്നെണ്ണം മാത്രമാണ് പൂർത്തീകരിച്ചത്. ബസ് ബേകൾക്കുള്ളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും കരാറുകൾ നൽകുന്നതിലും ക്രമക്കേടുകൾ നടന്നു തുടങ്ങിയവയാണ് സിബിഐ കണ്ടെത്തിയ ക്രമക്കേടുകൾ.

നിർമ്മാണ കരാറിന്റെ വ്യവസ്ഥകളുടെ ഭാഗമായാണ് പാലിയേക്കരയിൽ ടോൾപിരിക്കുന്നതിനുള്ള അനുമതി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ടചർ കമ്പനിക്ക് നൽകിയത്. എന്നാൽ ഈ അനുമതി അനധികൃതമാണെന്നാണ് സിബിഐ എഫ്ഐആറിൽ പറയുന്നത്. കമ്പനി ഡയറക്ടർ വിക്രം റെഡ്ഡിയാണ് കേസിലെ ഒന്നാം പ്രതി. പാലക്കാട് ദേശീയപാത അതോറിറ്റി ഓഫീസിലെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. 102.44 കോടിയുടെ ക്രമക്കേടുകൾ നടന്നതായാണ് കൊച്ചി സിബിഐ യൂണിറ്റിലെ ഇൻസ്പെക്ടർ എൻ ആർ സുരേഷ് കോടതിയിൽ നൽകിയ എഫ്ഐആറിൽ പറയുന്നത്. ടോൾപ്ലാസയ്ക്കും നടത്തിപ്പുകാരുടെ അഴിമതിക്കും എതിരെ തുടക്കം മുതല്‍ സമരം ചെയ്ത സിപിഐയും എഐവൈഎഫും ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് സിബിഐ കേസ്.